??????? ??????

മതപരിവര്‍ത്തനം: പ്രചാരണവും യാഥാര്‍ഥ്യവും

ദിവസങ്ങള്‍ക്കുമുമ്പ് ഒരു പ്രമുഖ ഇംഗ്ളീഷ് പത്രം അതിന്‍െറ മുന്‍ പേജില്‍ കേരളത്തിലെ മതപരിവര്‍ത്തനത്തെക്കുറിച്ച വാര്‍ത്ത പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ഇസ്ലാമിലേക്കുള്ള മാറ്റത്തെപ്പറ്റി മാത്രമേ വിശദീകരിച്ചിട്ടുള്ളൂ. പ്രമുഖ മതപ്രബോധകന്‍ സാകിര്‍ നായിക്കിനെ മുന്നില്‍നിര്‍ത്തി വിവാദങ്ങളുണ്ടാക്കി മതപരിവര്‍ത്തന നിരോധ നിയമമുണ്ടാക്കാനുള്ള പശ്ചാത്തലമൊരുക്കാന്‍  തല്‍പരകക്ഷികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കിടയില്‍ ബോധപൂര്‍വമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. 2011നും 2015നും ഇടയില്‍ അഞ്ചു വര്‍ഷത്തിനകം 5793 പേരാണ് ഇസ്ലാം സ്വീകരിച്ചതെന്ന് പത്രം പറയുന്നു.

ഇസ്ലാം സ്വീകരണത്തിന് നിയമസാധുത നല്‍കാന്‍ അനുവാദമുള്ള സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളായ പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലെയും കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭയിലെയും കണക്കുകളാണ് പത്രം ഉദ്ധരിച്ചത്. മതംമാറ്റത്തിന് ഗവണ്‍മെന്‍റ് അനുമതിയുള്ള നിരവധി ഹൈന്ദവ-ക്രൈസ്തവ കേന്ദ്രങ്ങളെ സംബന്ധിച്ച പരാമര്‍ശമൊന്നും  റിപ്പോര്‍ട്ടിലില്ല. ഇസ്ലാം സ്വീകരിച്ചവരില്‍ 4719 പേര്‍ ഹിന്ദുക്കളും 1074 പേര്‍ ക്രിസ്ത്യാനികളുമാണെന്നും പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. മതം മാറിയ സ്ത്രീകളില്‍ 76 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണെന്നും കാണിച്ചിരിക്കുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഐ.എസ് വേട്ടയുടെ പേരില്‍ പൊലീസും മറ്റന്വേഷണ ഉദ്യോഗസ്ഥരും ഇസ്ലാമിക പ്രബോധകരെയും ഇസ്ലാം സ്വീകരിച്ചവരെയും അകാരണമായി പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.

മനുഷ്യന്‍െറ ഏറ്റവും വലിയ സവിശേഷത മനനംചെയ്യാനുള്ള കഴിവാണല്ളോ. ചിന്തിക്കാനും മനസ്സിലാക്കാനും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള ഈ കഴിവ് ഉപയോഗിക്കുന്നില്ളെങ്കില്‍ മനുഷ്യന്‍ ജന്തുവിതാനത്തിലായിരിക്കും. വായനയും പഠനവും അറിവും ചിന്തയും മാനവ മനസ്സിനെ സ്വാധീനിക്കുക സ്വാഭാവികം. അങ്ങനെ സംഭവിക്കാന്‍ പാടില്ളെന്ന് സാമാന്യ ബുദ്ധിയുള്ള ആരും പറയുകയില്ല. മതം വിശ്വാസത്തിലധിഷ്ഠിതമാണ്. അറിവും ചിന്തയും അതില്‍ സ്വാധീനം ചെലുത്തുന്നു. പുതിയ കാര്യങ്ങള്‍ മനസ്സിലായാലും അതിനനുസരിച്ച് വിശ്വാസ വീക്ഷണങ്ങളില്‍ മാറ്റംവരുത്താന്‍ പാടില്ളെന്ന് ശഠിക്കുന്നത് മനുഷ്യബുദ്ധിയെ കൊഞ്ഞനംകുത്തലാണ്.

ഇപ്രകാരംതന്നെ തനിക്ക് ഏറ്റവും ശരിയെന്ന് ബോധ്യമായ കാര്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞ് പഠിപ്പിക്കാനും അത് പ്രബോധനംചെയ്യാനും എല്ലാവര്‍ക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. അതിന് വിലക്കേര്‍പ്പെടുത്തുന്നത് മൗലിക മനുഷ്യാവകാശങ്ങളുടെ നിഷേധമത്രെ. അതിനാലാണ് നമ്മുടെ രാജ്യത്തെ ഭരണഘടന ഏതു പൗരനും ഇഷ്ടമുള്ള വിശ്വാസവും മതവും സ്വീകരിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും അനുവാദവും സ്വാതന്ത്ര്യവും നല്‍കിയത്. മനുഷ്യബുദ്ധിക്കും ചിന്താസ്വാതന്ത്ര്യത്തിനും മുന്തിയ പരിഗണന നല്‍കുന്ന ഏതൊരു പരിഷ്കൃത സമൂഹത്തിനും രാഷ്ട്രത്തിനും മറിച്ചൊരു നിലപാട് സ്വീകരിക്കുക സാധ്യമല്ല. മതസ്വാതന്ത്ര്യത്തിന്‍െറ അനിവാര്യതയാണ് മതംമാറ്റ സ്വാതന്ത്ര്യമെന്ന വസ്തുത വിസ്മരിക്കാവതല്ല.

പുരാതന കാലം മുതല്‍ക്കുതന്നെ ലോകത്തിന്‍െറ ഇതര ഭാഗങ്ങളിലെന്നപോലെ ഇന്ത്യയിലും മതംമാറ്റ സ്വാതന്ത്ര്യം നിലനിന്നിരുന്നു. ഇന്ത്യയുടെ മണ്ണില്‍ പിറവിയെടുത്ത ബുദ്ധ-ജൈന മതങ്ങളുടെ പ്രചാരണവും ഇസ്ലാം-ക്രൈസ്തവ മതങ്ങള്‍ക്ക് ഇവിടെ ലഭിച്ച വ്യാപകമായ സ്വാധീനവും ഇതാണ് തെളിയിക്കുന്നത്. പ്രാക്തന സമൂഹങ്ങളനുഭവിച്ചിരുന്ന സ്വാതന്ത്ര്യംപോലുമിന്ന് നിഷേധിക്കണമെന്ന് വാദിക്കുന്നത് മനുഷ്യബുദ്ധിയെയും ചിന്തയെയും ഭയപ്പെടുന്നതുകൊണ്ടാവാനേ തരമുള്ളൂ.

ഇന്ത്യയിലെ മതപരിവര്‍ത്തനത്തിന്‍െറ പ്രധാന കാരണം സാമൂഹിക ഉച്ചനീചത്വങ്ങളും ജാതിവ്യവസ്ഥയും തദടിസ്ഥാനത്തിലുള്ള വിവേചനവുമാണെങ്കില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഭൗതികതയുടെ അതിപ്രസരവും ആത്മീയ ദാരിദ്ര്യവുമാണ്. അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെ പടിഞ്ഞാറന്‍ നാടുകളില്‍ ഈ മതംമാറ്റ മനസ്സിനെ പരമാവധി പ്രയോജനപ്പെടുത്താന്‍ ഇന്ത്യയിലെ ഹൈന്ദവ സന്യാസിമാരും സ്വാമിമാരും ആചാര്യന്മാരും ശ്രമിക്കുന്നു. പുറം നാടുകളില്‍ മതംമാറ്റത്തിനായി പാടുപെടുന്നവര്‍ ഇവിടെ അത് പാടില്ളെന്ന് പറയുന്നത് തികഞ്ഞ വൈരുധ്യം മാത്രം.

ഇന്ത്യയിലെ ഗോത്രവര്‍ഗങ്ങള്‍ ഹിന്ദുമതവിശ്വാസികളല്ല. അവരുടെ വിശ്വാസ വീക്ഷണങ്ങളും ആചാരാനുഷ്ഠാനങ്ങളും തീര്‍ത്തും വ്യത്യസ്തവും വ്യതിരിക്തവുമത്രെ. അവരെ ഹിന്ദുമതത്തിലേക്ക് കൊണ്ടുവരാന്‍ വര്‍ഷങ്ങളായി സംഘ്പരിവാര്‍ തീവ്രശ്രമത്തിലാണ്. അതിനായി വനവാസ് കല്യാണ്‍ അശ്രമം എന്ന പ്രത്യേക വിഭാഗത്തെതന്നെ ആര്‍.എസ്.എസ് സജ്ജമാക്കിയിട്ടുണ്ട്. ഗിരിവര്‍ഗക്കാരെ ഹിന്ദുമതത്തില്‍ ചേര്‍ക്കാന്‍ ശ്രമിക്കുകയും നൂറ്റാണ്ടുകള്‍ക്കു മുമ്പ് മതം മാറിയവരുടെ പിന്മുറക്കാരെ ഹിന്ദുമതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിലകൊള്ളുകയും ചെയ്യുന്നവര്‍ മതപരിവര്‍ത്തനത്തിന്‍െറ പേരില്‍ ബഹളംവെക്കുന്നത് വിചിത്രംതന്നെ.

ഇന്ത്യയിലെ മുസ്ലിംകള്‍ ഏറെ ദുര്‍ബലരും ന്യൂനപക്ഷവുമാണ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നാക്കംനില്‍ക്കുന്നവരാണ്. ഏറ്റവും  അരക്ഷിതബോധം അനുഭവിക്കുന്നവരും അവര്‍തന്നെ. അതുകൊണ്ടുതന്നെ മുസ്ലിംകള്‍ക്ക് ആരെയും നിര്‍ബന്ധിച്ച് മതംമാറ്റാനാകില്ല. ഇസ്ലാം അതനുവദിക്കുന്നില്ളെന്നു മാത്രമല്ല കണിശമായി വിലക്കുകയും ചെയ്യുന്നു. മതംമാറ്റത്തെ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ സ്ത്രീസാന്നിധ്യത്തെ സംബന്ധിച്ചും അവരുടെ പ്രായത്തെപറ്റിയും പരാമര്‍ശിച്ചത് ലവ് ജിഹാദ് പ്രചാരണത്തിന് ശക്തിപകരാനുദ്ദേശിച്ചാകാനേ തരമുള്ളൂ. ഇസ്ലാം സ്ത്രീകളുടെ സമസ്താവകാശങ്ങളും കവര്‍ന്നെടുക്കുകയും അവരെ അടിമസമാനരാക്കുകയും ചെയ്യുന്നതായി ആരോപിക്കുന്നു. മുസ്ലിംകള്‍ തോന്നുന്നതുപോലെ മൊഴിചൊല്ലുന്നവരും മൂന്നും നാലും സ്ത്രീകളെ വിവാഹം കഴിക്കുന്നവരും അവരെ അടുക്കളയില്‍ തളച്ചിടുന്നവരുമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കുന്നു. അതോടൊപ്പം അവര്‍ ഹിന്ദുസ്ത്രീകളെ പ്രണയിച്ച് മതംമാറ്റുന്നതായി ആരോപിക്കുകയും ചെയ്യുന്നു.  അപ്പോള്‍ തങ്ങളെ അടിമകളാക്കി ചൂഷണംചെയ്യുന്ന പുരുഷന്മാരുടെ കാമുകിമാരാകാന്‍ വെമ്പല്‍പൂണ്ട് കാത്തിരിക്കുകയാണോ വിദ്യാസമ്പന്നരായ  സ്ത്രീകള്‍.

എന്നാല്‍, വസ്തുത മറ്റൊന്നാണ്. ലോകത്തെങ്ങും പുരുഷന്മാരെക്കാള്‍ ഇസ്ലാമില്‍ ആകൃഷ്ടരാകുന്നതും അതംഗീകരിക്കുന്നതും സ്ത്രീകളാണ്. അമേരിക്കയില്‍ ഇസ്ലാം സ്വീകരിക്കുന്നവരില്‍ 70 ശതമാനവും സ്ത്രീകളാണ്. ബ്രിട്ടനില്‍ ഇസ്ലാം സ്വീകരിക്കുന്നവരില്‍ മൂന്നില്‍ രണ്ടുഭാഗവും സ്ത്രീകളാണ്. കാംബ്രിജ് സര്‍വകലാശാലയിലെ സെന്‍റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ലെയിസ്റ്ററിലെ നവ മുസ്ലിംകളുടെ സഹായത്തോടെ, ഇസ്ലാം സ്വീകരിച്ച സ്ത്രീകളെ സംബന്ധിച്ച പഠനം പുറത്തിറക്കിയിട്ടുണ്ട്. പ്രസ്തുത പഠനം ഇസ്ലാം സ്വീകരിക്കാനുള്ള പ്രധാന കാരണമായി  കാണിക്കുന്നത് പടിഞ്ഞാറന്‍ സംസ്കാരത്തിലെ അനിയന്ത്രിതമായ സ്വാതന്ത്ര്യം സൃഷ്ടിച്ച കുടുംബ ജീവിത തകര്‍ച്ചയാണ്. അരാജക ജീവിതവും കുടുംബ ശൈഥില്യവുമാണ് പാശ്ചാത്യ ലോകത്ത് സ്ത്രീകളനുഭവിക്കുന്ന ഏറ്റവും ഗുരുതരമായ പ്രശ്നമെന്നും അതിനുള്ള പരിഹാരമായാണ് അവര്‍ ഇസ്ലാം സ്വീകരിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

സ്ത്രീകള്‍ക്ക് ഇസ്ലാം നല്‍കുന്ന ഉയര്‍ന്ന പരിഗണനയിലും കുടുംബ ജീവിതത്തിലെ ഭദ്രതയിലും ആകൃഷ്ടരായാണ് സ്ത്രീകള്‍ ഇസ്ലാം സ്വീകരിക്കുന്നത്. തടവില്‍നിന്ന് വിട്ടയച്ചപ്പോള്‍ താലിബാന്‍കാര്‍ നല്‍കിയ ഖുര്‍ആന്‍ പരിഭാഷ വായിച്ച് ഇസ്ലാം സ്വീകരിച്ച പ്രമുഖ പത്രപ്രവര്‍ത്തക ഇവോണ്‍ റിഡ്ലി ഇതിന്‍െറ മികച്ച ഉദാഹരണമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.