?????? ??????, ???????, ??????????, ????????

ഇന്ത്യ-പാക് യുദ്ധവും മനേക്ഷായുടെ സംയമനവും

1971ലെ ഇന്ത്യ-പാക് യുദ്ധവുമായി ബന്ധപ്പെട്ട പല വിവരങ്ങളും പൊതുജനങ്ങള്‍ക്ക് അജ്ഞാതമാണ്. അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് റിച്ചാര്‍ഡ് നിക്സണിന്‍െറ ഇന്ത്യാവിരുദ്ധ നിലപാടിന്‍െറ ഉള്ളുകള്ളിയും പലര്‍ക്കും ബോധ്യപ്പെട്ടിരുന്നില്ല. ഈ നിര്‍ണായകയുദ്ധത്തിന്‍െറ പശ്ചാത്തലത്തിലേക്ക് വെളിച്ചം വീശുന്ന  ചില രേഖകള്‍ ഈയിടെ രഹസ്യസ്വഭാവം നീക്കി അമേരിക്ക പുറത്തുവിട്ടിരിക്കുന്നു.

കിഴക്കന്‍ പാകിസ്താനില്‍ (ഇന്നത്തെ ബംഗ്ളാദേശ്) ആക്രമണം നടത്താന്‍ ഇന്ദിര ഗാന്ധി നേരത്തേതന്നെ പദ്ധതിയിട്ടെന്ന വ്യാജം പ്രചരിപ്പിച്ചുകൊണ്ട് ചിലര്‍ നിക്സന്‍െറ പാക് ചായ്വിനെ ന്യായീകരിക്കാനും ശ്രമിക്കുകയുണ്ടായി. പാകിസ്താനുമായുള്ള സംഘര്‍ഷം പരമാവധി ഒഴിവാക്കാന്‍ ഇന്ദിര പരിശ്രമിച്ചതായി രേഖകള്‍ വെളിപ്പെടുത്തുന്നു. യുദ്ധം ഒഴിവാക്കുന്നതിനുവേണ്ടി ഇടപെടാന്‍ ഇന്ദിര റിച്ചാര്‍ഡ് നിക്സനോട് നിരവധിതവണ അഭ്യര്‍ഥിച്ചിരുന്നു. 1971 ജൂലൈയില്‍ യു.എസ് സുരക്ഷാകാര്യ ഉപദേഷ്ടാവ് ഹെന്‍റി കിസിഞ്ജര്‍ ചൈനയില്‍ ഒരു രഹസ്യസന്ദര്‍ശനം നടത്തുകയുണ്ടായി. കിഴക്കന്‍ പാകിസ്താനില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം പശ്ചിമബംഗാളില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ തുടങ്ങിയ ഘട്ടം. പാക് സൈനികരുടെ പേക്കൂത്തുകളായിരുന്നു അഭയാര്‍ഥി പ്രവാഹത്തിന് പിന്നിലെ അടിസ്ഥാനകാരണം. പ്രതിസന്ധിക്ക് പരിഹാരം കാണാനാകാതെ കടുത്ത സമ്മര്‍ദം നേരിട്ടുകൊണ്ടിരുന്ന ഇന്ദിര ഗാന്ധി കിസിഞ്ജറുടെ സഹായം തേടി. ചൈനയില്‍നിന്ന് മടങ്ങുന്നതിനിടെ ന്യൂഡല്‍ഹിയില്‍ അവര്‍ അദ്ദേഹത്തിന് പ്രാതല്‍ സല്‍ക്കാരം ഒരുക്കി.

ഈ വിരുന്നില്‍ സംബന്ധിക്കാന്‍ കരസേനാമേധാവി ജനറല്‍ മനേക്ഷാക്കും ഇന്ദിര നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, പ്രാതല്‍വിരുന്നിലെ ഇതര അതിഥികള്‍ ആരൊക്കെയെന്ന് ഇന്ദിര ഗാന്ധി ജനറലിനെ അറിയിച്ചിരുന്നില്ല. സൈനിക യൂനിഫോം ധരിച്ചുവേണം സന്നിഹിതനാകേണ്ടതെന്ന ഇന്ദിരയുടെ നിര്‍ദേശം ആശ്ചര്യകരമായി തോന്നിയതിനാല്‍ ഒരു തവണകൂടി ഫോണില്‍ ബന്ധപ്പെട്ട് ആ നിബന്ധന അദ്ദേഹം ഉറപ്പുവരുത്തുകയും ചെയ്തു.

പ്രാതല്‍ വിരുന്നില്‍ ഇന്ദിരയും മനേക് ഷായും കിസിഞ്ജറെ വരവേറ്റു. കിഴക്കന്‍ പാകിസ്താനിലെ സൈനികാതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നിക്സന്‍ ഇസ്ലാമാബാദില്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഇന്ദിര കിസിഞ്ജറോട് ശക്തമായി ആവശ്യപ്പെട്ടു. കിസിഞ്ജറാകട്ടെ സ്പഷ്ടമായ ഒരു ഉത്തരം നല്‍കാതെ പ്രശ്നത്തെ നിസ്സാരവത്കരിച്ചു കൊണ്ടിരുന്നു. നിര്‍ദേശം ഇന്ദിര ആവര്‍ത്തിച്ച് ഉന്നയിച്ചു. എന്നാല്‍, ഇക്കാര്യത്തില്‍ ഒരു ഉറപ്പും നല്‍കാതെ കിസിഞ്ജര്‍ മൗനം ദീക്ഷിച്ചു. ഇത്തരം നിസ്സംഗതയാണ് യു.എസ് നയമെങ്കില്‍ താന്‍ സ്വന്തം വഴിയിലൂടെ സഞ്ചരിക്കാന്‍ പോകുന്നെന്ന ഭീഷണിയോടെ ഇന്ദിര സംഭാഷണം അവസാനിപ്പിക്കെ തന്‍െറ നിസ്സഹായാവസ്ഥ കിസിഞ്ജര്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബോധിപ്പിച്ചു. ഒപ്പം സ്വന്തം വഴി എന്നതിന്‍െറ വിവക്ഷ എന്താണെന്ന് കിസിഞ്ജര്‍ ആരാഞ്ഞു.
ഫുള്‍ യൂനിഫോമില്‍ നില്‍ക്കുന്ന മനേക്ഷാക്ക് നേരെ വിരല്‍ ചൂണ്ടി ഇന്ദിര ഗൗരവപൂര്‍വം തീരുമാനം വ്യക്തമാക്കി.

റിച്ചാര്‍ഡ് നിക്സനോ യു.എസ് ഭരണകൂടത്തിനോ സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ താല്‍പര്യമില്ളെങ്കില്‍ സ്ഥിതിവിശേഷം നിയന്ത്രിക്കാനുള്ള ചുമതല ഞാന്‍ ഇദ്ദേഹത്തിന് കൈമാറാന്‍ പോകുന്നു. അളന്നുമുറിച്ച വാക്പ്രയോഗം.  നിശ്ശബ്ദതയുടെ കനത്ത നിമിഷങ്ങള്‍. അതിനിര്‍ണായകമായ തീരുമാനം ഇന്ത്യന്‍ പ്രധാനമന്ത്രി മൂര്‍ച്ചയേറിയ, അര്‍ഥശങ്കക്കിടയില്ലാത്ത വാക്കുകളില്‍ പ്രഖ്യാപിച്ചിരിക്കുന്നു. ജനറല്‍ മനേക്ഷാ പോലും അമ്പരപ്പോടെ ഇന്ദിരയെ നോക്കി. യൂനിഫോമില്‍തന്നെ വിരുന്നിനത്തൊന്‍ പ്രധാനമന്ത്രി നിര്‍ബന്ധിച്ചതിന്‍െറ പൊരുള്‍ അദ്ദേഹത്തിന് ബോധ്യമായത് അപ്പോള്‍ മാത്രമായിരുന്നു കിസിഞ്ജറുടെയും നിക്സന്‍െറയും ദുരഭിമാനത്തെ സ്പര്‍ശിക്കുന്ന അസാധാരണമായ നിശ്ചയദാര്‍ഢ്യമായിരുന്നു. ഇന്ദിരയോട് പൊറുക്കാന്‍ അമേരിക്കന്‍ നേതാക്കള്‍ കൂട്ടാക്കാതിരുന്നതിന് പിന്നിലെ പ്രധാന കാരണമായി അവരുടെ ദുരഭിമാനബോധം പ്രവര്‍ത്തിച്ചു. എന്നാല്‍, ഉടനടിയുള്ള ആക്രമണത്തെ ജനറല്‍ മനേക്ഷാ എതിര്‍ത്തു. യുദ്ധ വിദഗ്ധനും തന്ത്രജ്ഞനുമായ അദ്ദേഹം 1971 ഡിസംബര്‍ ഒന്നുവരെ കാത്തു.

ഇന്ത്യക്ക് അനുകൂലമായി ലോകാഭിപ്രായം സമാഹരിക്കുകയല്ലാതെ ഇന്ദിരക്കു മുന്നില്‍ മറ്റ് വഴികള്‍ ശേഷിച്ചിരുന്നില്ല. ഇന്ത്യയുടെ നിലപാട് വിദേശരാജ്യങ്ങളില്‍ വിശദീകരിക്കാന്‍ ഇന്ദിര സോഷ്യലിസ്റ്റ് നേതാവ് ജയപ്രകാശ് നാരായണന്‍െറ സഹായമഭ്യര്‍ഥിച്ചു. അദ്ദേഹം ആത്മാര്‍ഥതയോടെ ആ ദൗത്യം ഏറ്റെടുത്തു. പക്ഷേ, അപ്പോഴും നേരിട്ടുള്ള ഇടപെടലിന് വിഘാതമായ നിരവധി ഘടകങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ടായിരുന്നു. ഇന്ദിര ഇടക്ക് അതിര്‍ത്തിമേഖലകള്‍ സന്ദര്‍ശിച്ചു. ആ ഘട്ടത്തില്‍ ബംഗാള്‍ അതിര്‍ത്തി കാര്യങ്ങളുടെ ചുമതല നിര്‍വഹിച്ചിരുന്നത് സിദ്ധാര്‍ഥ ശങ്കര്‍ റേ ആയിരുന്നു. പശ്ചിമ ബംഗാളില്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ സംഘടിപ്പിച്ച യോഗത്തില്‍ ഇന്ദിര ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെ ഉപദേഷ്ടാക്കളില്‍ ഒരാള്‍ ഒരു തുണ്ടു കടലാസില്‍ ഇന്ദിരക്ക് ഒരു സന്ദേശം കൈമാറി. സന്ദേശം വായിച്ചശേഷം പേപ്പര്‍ പോക്കറ്റിലിട്ട് അവര്‍ പ്രഭാഷണം തുടര്‍ന്നു. ഡല്‍ഹിക്ക് തിരിക്കുമ്പോള്‍ കൂടെ പുറപ്പെടാന്‍ അവര്‍ ശങ്കര്‍ റേക്ക് നിര്‍ദേശം നല്‍കി.

കല്‍ക്കത്തയില്‍തന്നെ കുറച്ചുദിവസം തങ്ങണമെന്ന് ഏതാനും മണിക്കൂര്‍ മുമ്പ് ആവശ്യപ്പെട്ട അതേ ഇന്ദിര ഗാന്ധി ഇപ്പോള്‍ ഡല്‍ഹിയിലേക്ക് പുറപ്പെടാന്‍ നല്‍കിയ നിര്‍ദേശം റേയില്‍ അമ്പരപ്പുണ്ടാക്കിയെങ്കിലും അദ്ദേഹം മൗനം ദീക്ഷിച്ചു. പ്രഭാഷണമധ്യേ ഉപദേഷ്ടാവ് കൈമാറിയ സന്ദേശം ഇന്ദിര ശങ്കര്‍ റേക്ക് കൈമാറി. ‘പാകിസ്താന്‍ ആക്രമണം തുടങ്ങി’ എന്ന നടുക്കുന്ന വാര്‍ത്തയായിരുന്നു ആ തുണ്ട് കടലാസിലെ മുഖ്യവാചകം. പക്ഷേ, ഇന്ദിര ഗാന്ധി ശാന്തയായി കാണപ്പെട്ടു. പാകിസ്താനെതിരെ ഒരു നിമിത്തത്തിന് കാത്തിരിക്കുകയായിരുന്നു അവരെന്ന് തോന്നിച്ചു. ഇന്ത്യ പാകിസ്താനെ കടന്നാക്രമിക്കുന്നപക്ഷം അത് പാതകമായി ലോകം വിലയിരുത്തിയേനെ. അതേസമയം പാക് സൈന്യം നടത്തുന്ന പേക്കൂത്തുകള്‍ സൃഷ്ടിച്ച അഭയാര്‍ഥി പ്രവാഹം അതി ദുസ്സഹമായിരിക്കെ ബദല്‍വഴി കാണാതെ പകച്ചുനില്‍ക്കുന്ന ഭരണകര്‍ത്താക്കളുടെ സമ്മര്‍ദം വാക്കുകള്‍ക്ക് അതീതവും. കിഴക്കന്‍ പാകിസ്താനിലെ ഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണ ഇന്ത്യക്ക് ലഭിച്ചിരുന്നതിനാല്‍ വിജയം എളുപ്പമായി. അതേസമയം നിരവധി സൈനികരെ ബലി നല്‍കാന്‍ നാം നിര്‍ബന്ധിതരായി.

യുദ്ധാന്ത്യത്തില്‍ ഒരു ലക്ഷത്തോളം പാക് സൈനികര്‍ തടവുകാരായി ഇന്ത്യന്‍ സേനയുടെ ജയിലുകളിലത്തെി. അപ്പോഴും മാന്യതയുടെ പ്രതിരൂപമായ മനേക്ഷാ വീരസ്യപ്രകടനത്തിനുപകരം വിനയപൂര്‍വം നടത്തിയ പ്രസ്താവന ഇപ്രകാരമായിരുന്നു: ‘പാകിസ്താനി സൈന്യം മികച്ചരീതിയില്‍ പോരാടി’. വിജയമുഹൂര്‍ത്തത്തിലും ഒരു ജേതാവ് പ്രകടിപ്പിക്കേണ്ട ഹൃദ്യ മനോഭാവത്തിന്‍െറ ഉത്തമോദാഹരണമായി പക്വതയാര്‍ന്ന ഈ വാക്കുകള്‍. അതേസമയം ദൗര്‍ഭാഗ്യകരമായ ഈ യുദ്ധത്തിന്‍െറ പേരില്‍ നാം അഭിമാനം നടിക്കാതെ മനേക്ഷായുടെ സംയമനം ദീക്ഷിക്കുക. വേദനകളോടെ ആവണം യുദ്ധാധ്യായങ്ങള്‍ വായിക്കേണ്ടത്. ഇരു രാഷ്ട്രങ്ങളുടെയും ഭാവിക്കും അഭിവൃദ്ധിക്കും വേണ്ടി ഏക മനസ്സോടെ കര്‍മനിരതരാവുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.