കോണ്‍ഗ്രസ് മുക്ത ഭാരതം എന്തിന്?

ആധുനിക ഇന്ത്യ സൃഷ്ടിച്ചതില്‍ വലിയ പങ്കുവഹിച്ച ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 130 വര്‍ഷം പിന്നിട്ട് ഇന്നും സജീവമായി നിലനില്‍ക്കുന്നു. സ്വാതന്ത്ര്യ സമരകാലത്തെ സ്വപ്നങ്ങളായിരുന്ന ജനാധിപത്യവും മതേതരത്വവും സ്വാതന്ത്ര്യാനന്തരം ഭരണഘടനയിലൂടെ യാഥാര്‍ഥ്യമാക്കിയശേഷം തുടര്‍ന്നു നടന്ന എല്ലാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കോണ്‍ഗ്രസ് ഈ ആദര്‍ശങ്ങള്‍ ഉരുവിട്ടപ്പോള്‍ അധികാരം നേടാനും അഴിമതി നടത്താനുമുള്ള ലൈസന്‍സിനു വേണ്ടിയാണ് ഈ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതെന്നുള്ള നിശിത വിമര്‍ശവും ഉയര്‍ന്നു. അതിന്‍െറ ഫലമായി തുടര്‍ച്ചയായി ഭരിച്ച കോണ്‍ഗ്രസില്‍നിന്ന് അധികാരം  സോഷ്യലിസ്റ്റ് ചേരിക്കാര്‍ക്കും  അവര്‍ തമ്മിലടിച്ചപ്പോള്‍ പിന്നീട് തീവ്രവലതുപക്ഷക്കാര്‍ക്കും ലഭിച്ചു.
ബി.ജെ.പിയുടെ നേതൃത്വത്തില്‍ ദേശീയ ജനാധിപത്യസഖ്യം (എന്‍.ഡി.എ) 23 പാര്‍ട്ടികളുടെ കൂട്ടായ്മയായി കോണ്‍ഗ്രസ് നേതൃത്വത്തിലെ ഭരണത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 336 സീറ്റ് നേടിയെടുക്കാന്‍ കഴിഞ്ഞു. എന്‍.ഡി.എ സഖ്യത്തിലെ 23 പാര്‍ട്ടികളില്‍ 13 പാര്‍ട്ടികള്‍ക്കും അക്കൗണ്ട് തുറക്കാനും സാധിച്ചു. 543 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 428 സീറ്റിലും മത്സരിച്ച ബി.ജെ.പിക്ക് 282 സീറ്റ് നേടി കേവല ഭൂരിപക്ഷം തനിയെ നേടിയെടുക്കാനും സാധിച്ചു.
ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാകട്ടെ 12 പാര്‍ട്ടികളുടെ യു.പി.എ സഖ്യത്തിലൂടെ 464 സീറ്റില്‍ മത്സരിച്ച് 44 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.  കോണ്‍ഗ്രസിനുമാത്രം 2009ല്‍ നേടിയതിനെക്കാള്‍ 162 സീറ്റ് കുറവ്. പോള്‍ ചെയ്തതില്‍  17,165,7549 വോട്ടുകള്‍ (31 ശതമാനം) ബി.ജെ.പി നേടിയപ്പോള്‍ കോണ്‍ഗ്രസിന് 19.31 ശതമാനം വോട്ട് മാത്രമാണ് നേടാനായത്.
കോണ്‍ഗ്രസിന് മുഖ്യ പ്രതിപക്ഷമാകാന്‍ പോലും പാര്‍ലമെന്‍റില്‍ കഴിയാത്ത ദുരവസ്ഥ വന്നുപെടുകയും സഖ്യകക്ഷികള്‍ ഇല്ലാതെതന്നെ തനിയെ ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ലഭിക്കുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് വിമുക്ത ഭാരത മുദ്രാവാക്യത്തിന്‍െറ പ്രസക്തിയും അപ്രകാരം സംഭവിച്ചാലുള്ള തങ്ങളുടെ രാഷ്ട്രീയനേട്ടത്തിന്‍െറ പ്രാധാന്യവും ബി.ജെ.പി തിരിച്ചറിഞ്ഞത്.
2013ല്‍ മോദി ബി.ജെ.പിയുടെ നേതൃസ്ഥാനത്തേക്ക് കടന്നുവരുന്നതിന് മുമ്പും അമിത് ഷാ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാവുന്നതിനു മുമ്പും ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ ഇത്രമാത്രം ശക്തരല്ലായിരുന്നു. എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തിലെ വൃദ്ധ നേതൃത്വത്തെ ഒതുക്കി ഇവര്‍ പാര്‍ട്ടിയെ വരുതിലാക്കിയതിന് ശേഷമാണ് ബി.ജെ.പി ഇന്ത്യയില്‍ അതിവേഗം വളര്‍ന്നത്. ആ വളര്‍ച്ചയുടെ രാസവള പ്രയോഗം മുസ്ലിം ന്യൂനപക്ഷ വിരുദ്ധ പ്രസംഗവും പ്രവര്‍ത്തനവുമായിരുന്നു. തീവ്ര ന്യൂനപക്ഷ വിരുദ്ധ കാമ്പെയ്നിലൂടെ ഇവര്‍ ബി.ജെ.പിയുടെ വളര്‍ച്ച ത്വരിതമാക്കി. അതിന് ആക്കം കൂട്ടുംവിധം ഒത്തുവന്ന ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗര്‍ കലാപത്തിലൂടെ പരമ്പാരഗതമായി സൗഹൃദത്തില്‍ കഴിഞ്ഞുവന്ന ജാട്ടുകളും മുസ്ലിംകളും പരസ്പരം കലാപമഴിച്ചുവിട്ടതും അകന്നതും 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണത്തിന് കാരണമായി.
നൂറ്റാണ്ടുകളായി ഉരുത്തിരിഞ്ഞുവന്ന സര്‍വധര്‍മ സമഭാവനയുടെ സാംസ്കാരിക ധാരയെ ഇന്ത്യയില്‍നിന്ന് അടിമുടി മാറ്റി  ഇന്ത്യയെ സങ്കുചിത ഭാരതമാക്കാന്‍ പെട്ടെന്ന് സാധിക്കില്ളെന്ന് അറിയാവുന്നത് കൊണ്ടു തന്നെയാണ് മറ്റൊരു മാറ്റത്തിനാണ് അതിലേറെ സാധ്യതയെന്ന് മനസ്സിലാക്കിയ ബി.ജെ.പി -സംഘ്പരിവാര്‍ നേതൃത്വം കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന അജണ്ടയിലേക്ക് ശ്രദ്ധയൂന്നിയത്.
 ബി.ജെ.പിയെ തുണച്ച ഘടകങ്ങള്‍
പത്ത് വര്‍ഷം തുടര്‍ച്ചയായി കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ഉണ്ടായ ഭരണവിരുദ്ധ തരംഗം ബി.ജെ.പി വിദഗ്ധമായി ഉപയോഗിച്ചു. ഒരു മാറ്റം ജനം ആഗ്രഹിച്ചു. കൂടെ നരേന്ദ്ര മോദി ഒരു താരപരിവേഷത്തോടെ ദേശീയ രാഷ്ട്രീയരംഗത്ത് മാറ്റത്തിനുവേണ്ടി ഉദിച്ചുയര്‍ന്നപ്പോള്‍ ജനശ്രദ്ധയും മാധ്യമ ശ്രദ്ധയും അവിടേക്ക് പോയി. ഇതിന് ബദലായി മോദിയോട് കിടപിടിക്കും വിധത്തിലെ ഒരു നേതാവിനെ ഉയര്‍ത്തിക്കാണിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞതുമില്ല. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വാര്‍ധ്യകത്തിലത്തെിയ മന്‍മോഹന്‍ സിങ്ങിനും രോഗബാധിതയാണെന്ന അഭ്യൂഹത്തിലുണ്ടായിരുന്ന സോണിയ ഗാന്ധിക്കും മോദിയോട് കിടപിടിക്കാന്‍ കഴിയുമായിരുന്നില്ല.
2011 മുതല്‍ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ തുടങ്ങിയ അഴിമതിവിരുദ്ധ പ്രസ്ഥാനം ജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടിയതിന്‍െറ കൂടെ ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് യു.പി.എ ഗവണ്‍മെന്‍റിനെതിരെ ഉയര്‍ന്നുവന്നത്. 2 ജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതി ഇതെല്ലാം മുതലെടുത്ത് പുതിയൊരു പാര്‍ട്ടി- ആം ആദ്മി പാര്‍ട്ടിയുടെ ഉദയവും അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ എ.എ.പി ശക്തിപ്രാപിച്ചതും 2013ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായ ഷീല ദീക്ഷിതിന്‍െറ പരാജയവും കോണ്‍ഗ്രസിന് തിരിച്ചടിയായി. തമിഴ്നാട്ടില്‍ ഡി.എം.കെ കോണ്‍ഗ്രസിനെ ഒഴിവാക്കി തനിയെ മത്സരിച്ചതും തമിഴ്നാട്, ആന്ധ്ര, ഹരിയാന എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന്‍െറ പിളര്‍പ്പും ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിന് കാരണമായി. കോണ്‍ഗ്രസിന്‍െറ പ്രധാന നേതാക്കളില്‍ പലരും മത്സരരംഗത്ത് നിന്നുമാറി നിന്നത് പാര്‍ട്ടി ഭരണത്തില്‍ തിരിച്ചുവരില്ളെന്ന സന്ദേശമാണ് നല്‍കിയത്.
എതിരാളി ഏറ്റവും ദുര്‍ബലമായ ഘട്ടം തന്നെയാണ് അവരെ ഉന്മൂലനം ചെയ്യാനുള്ള അവസരമെന്ന് മനസ്സിലാക്കിയ ബി.ജെ.പി തങ്ങളുടെ മേന്മ കൊണ്ടല്ല കോണ്‍ഗ്രസിന്‍െറ വീഴ്ച കൊണ്ട് ലഭ്യമായ അധികാരലബ്ധിയുടെ അഹങ്കാരത്തിലാണ് സ്ഥിരമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അജയ്യ ശക്തിയായി വാഴാനുള്ള മോഹത്തോടെ ജനാധിപത്യ ധ്വംസനമാര്‍ത്തിലൂടെ കോണ്‍ഗ്രസ് മുക്ത ഭാരത്തിന് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ദേശീയപാര്‍ട്ടിയുടെ ലേബലില്‍ ഉള്ള സി.പി.എം തങ്ങള്‍ക്കൊരു ബദലല്ളെന്ന് ബി.ജെ.പിക്ക് അറിയാം. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ ദുര്‍ബലമായ സാഹചര്യം തങ്ങള്‍ക്ക് അനുകൂലമാണെന്നും സംഘ്പരിവാരം കണക്കുകൂട്ടുന്നു.
കോണ്‍ഗ്രസ് ഇല്ലാതായാല്‍ തങ്ങള്‍ക്കൊരു ദേശീയ ബദല്‍ ഇല്ലാതാകും. ബി.ജെ.പി വിരുദ്ധ സഖ്യത്തിന് നേതൃത്വം നല്‍കാന്‍ തമ്മിലടിയിലും അധികാരക്കൊതിയിലും ഡോക്ടറേറ്റ് നേടിയ പ്രാദേശിക പാര്‍ട്ടികള്‍ക്കും സഖ്യങ്ങള്‍ക്കും കഴിയില്ളെന്നും അഥവാ അങ്ങിനെയൊരു കൂട്ടായ്മ ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍തന്നെ അത് അധികകാലം വാഴില്ളെന്നും ബി.ജെ.പിയുടെ ബുദ്ധിരാക്ഷസന്മാര്‍ കണക്കുകൂട്ടുന്നു. കോണ്‍ഗ്രസ് ഇല്ലാത്ത ഇന്ത്യയില്‍ ബദല്‍ വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പ്പില്ലാത്ത സാഹചര്യം ഉയര്‍ന്നുവന്നാല്‍ എന്താണോ പൊടിതട്ടിയെടുത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഹിഡന്‍ അജണ്ട അതെല്ലാം പൂര്‍ത്തീകരിക്കാന്‍ ബി.ജെ.പിക്കും സംഘ്പരിവാറിനും എളുപ്പത്തില്‍ സാധിക്കും. ന്യൂഡല്‍ഹിയില്‍നിന്ന് ഭരണ നിയന്ത്രണം നാഗ്പൂരിലേക്ക് മാറ്റും. സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഏകമാന സാംസ്കാരിക ദേശീയതയുടെ വളര്‍ച്ച ത്വരിതഗതിയിലാക്കാന്‍ കഴിയും.
സകലതിനും കലി ബാധിച്ച കലികാലത്തിലും ഇന്ത്യ ധാര്‍മിക അടിത്തറയില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. ഇന്ത്യയുടെ ആത്മാവ് മതേതരമാണ്. ബഹുസ്വരതയിലാണ് ഈ രാജ്യത്തിന്‍െറ നിലനില്‍പ്. സഹിഷ്ണുതയും സമഭാവനയുമാണ് ഭാരത ദര്‍ശനവും ഭാരത ധര്‍മവും. ഈ രാജ്യം 800 വര്‍ഷത്തോളം അതിപ്രഗല്ഭരായ ഹിന്ദു ഭരണാധികാരികള്‍ ഭരിച്ചിട്ടുണ്ട്. ചന്ദ്രഗുപ്ത വിക്രമാദിത്യനും കനിഷ്കനും കൃഷ്ണദേവരായരും രാജരാജ ചോളനും ശിവജിയും അടക്കമുള്ളവര്‍. അവരാരും ഇന്ത്യയെ ഹിന്ദുരാജ്യമാക്കാന്‍ ശ്രമിച്ചിട്ടില്ല. ഇന്ത്യയുടെ സുവര്‍ണകാലം രചിച്ച ഹിന്ദു ചക്രവര്‍ത്തിമാരുടെ ഭരണകാലത്താണ് ഇവിടേക്ക് ജൂതന്മാരും  ക്രിസ്ത്യാനികളും മുസ്ലിംകളും കടന്നുവന്നത്. ഈ മതങ്ങള്‍ ഇന്ത്യയില്‍ വളര്‍ന്നതും അനുയായികളുണ്ടായതും  ഹിന്ദു ഭരണാധികാരികളുടെ സഹിഷ്ണുതാപരമായ നിലപാട് കൊണ്ടായിരുന്നു.
അങ്ങനെ ഇന്ത്യ കൂടുതല്‍ വളര്‍ന്നു. കലയിലും ശാസ്ത്ര ജ്ഞാനത്തിലും പുതിയ പുതിയ അറിവുകള്‍ കടന്നുവന്നത് അങ്ങനെയാണ്. 800 വര്‍ഷത്തോളം മുസ്ലിം ഭരണാധികാരികളും ഇന്ത്യ അടക്കിഭരിച്ചിട്ടുണ്ട്. ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാന്‍ ഇവരാരും ശ്രമിച്ചതായി ചരിത്രത്തില്‍നിന്ന് നമുക്ക് കാണാന്‍ കഴിയില്ല. സുല്‍ത്താന്‍മാരും മുഗളന്‍മാരും ഇന്ത്യ ഭരിച്ചപ്പോഴാണ് ഹിന്ദുസ്ഥാനി സംഗീതവും താജ്മഹലും ചെങ്കോട്ടയും ഉണ്ടായതും ഉയര്‍ന്നുവന്നതും.
 100 വര്‍ഷം മുമ്പ് ഗുജറാത്തില്‍ നിന്നാണ് മഹാത്മഗാന്ധിയും സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലും ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. ഗാന്ധിജി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച് സാധാരണക്കാരായ ഹിന്ദുക്കളെയും മുസ്ലിംകളെയും സംഘടിപ്പിച്ചു. എല്ലാ മനുഷ്യരെയും ഒന്നിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തില്‍നിന്ന് അഹിംസാത്മക സമരത്തിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുത്തു. ചിന്നിച്ചിതറി കിടന്നിരുന്ന 564ഓളം നാട്ടുരാജ്യങ്ങളെ പട്ടേല്‍ ഒന്നാക്കി ഇന്ത്യയുണ്ടാക്കി. ആ മഹാത്മാക്കള്‍ മനുഷ്യരെയും ദേശത്തെയും ഒന്നാക്കി. 100 വര്‍ഷത്തിനുശേഷം ഗുജറാത്തില്‍നിന്ന് നരേന്ദ്ര മോദിയും അമിത് ഷായും കടന്നു വന്നു. അവര്‍ പ്രശസ്തരായതും പ്രാഗല്ഭ്യം നേടിയതും ഹൃദയങ്ങളെ ഒന്നാക്കിക്കൊണ്ടല്ല. ഭിന്നിപ്പിച്ചുകൊണ്ടാണ്.  
കോണ്‍ഗ്രസിന്‍െറ പ്രസക്തി
ആവോളം അഴിമതി ആരോപണങ്ങളാല്‍ പഴികേട്ടപ്പോഴും വര്‍ഗീയത വളര്‍ത്തുന്ന പാര്‍ട്ടിയായി എതിരാളികള്‍ പോലും കോണ്‍ഗ്രസിനെ വിമര്‍ശിച്ചിട്ടില്ല. കോണ്‍ഗ്രസിന്‍െറ സാന്നിധ്യം ഇന്ത്യന്‍ ജനാധിപത്യത്തിന്‍െറയും മതേതര ദേശീയതയുടെയും സ്ഥായിയായ നിലനില്‍പ്പിന്  ആവശ്യമാണ്. ആ ബോധ്യം അധികാരം മാത്രമാണ് രാഷ്ട്രീയപ്രവര്‍ത്തനമെന്ന് ചിന്തിക്കുന്ന അതിന്‍െറ ചില നേതാക്കള്‍ക്കില്ളെങ്കിലും ഇന്ത്യയിലെ സമാധാനം കാംക്ഷിക്കുന്ന സാധാരണക്കാരായ ജനത്തിനുണ്ട്. അവര്‍ മുന്‍കൈയെടുത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കും. അതായിരിക്കും ഇന്ത്യയിലെ ഭാവി രാഷ്ട്രീയത്തില്‍ സംഭവിക്കാന്‍ പോകുന്നത്. അത് മനസ്സിലാക്കി  സംഘടനാപരമായ പാളിച്ചകള്‍ മാറ്റി പുത്തനുണര്‍വോടെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം.
അണികളില്‍ ആത്മവിശ്വാസം പകരാന്‍ നേതാവിന് കഴിയണം. ആദര്‍ശത്തിന്‍െറ പിന്‍ബലമുണ്ടെങ്കിലേ ഈ ആത്മവിശ്വാസം കൈവരുകയുള്ളൂ. ഇന്ത്യ തന്നെയാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്‍െറ ആദര്‍ശം. കാലത്തിനൊപ്പം ഇന്ത്യയെ വളര്‍ത്തിക്കൊണ്ടുവന്ന ചരിത്രത്തിലെ ഇന്ത്യയുടെ നായകന്മാരെയും ജനനേതാക്കളെയും മാതൃകയാക്കി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പുതിയ നേതൃനിര കോണ്‍ഗ്രസില്‍ ഉണ്ടാകണം. മഹാന്മാരുടെ പാത പിന്തുടരുന്നത് തന്നെയാണ് ധര്‍മം എന്ന് മഹാഭാരതം പറയുന്നു.
കോണ്‍ഗ്രസ് മുക്തഭാരതം വന്നാല്‍ എന്തൊക്കെയായിരിക്കും സംഭവിക്കുക എന്നതിന്‍െറ സൂചനകള്‍ നല്‍കിയ ഘട്ടമാണ് നരേന്ദ്ര മോദിയുടെ രണ്ടുവര്‍ഷം.  എന്തൊക്കെ പരാതികളുണ്ടെങ്കിലും ഇന്ത്യയിലെ ജനങ്ങളെ ജാതിയുടെയോ മതത്തിന്‍െറയോ പേരില്‍ വേര്‍തിരിച്ച് ഒറ്റപ്പെടുത്തിയിട്ടില്ല കോണ്‍ഗ്രസ്.
ധാര്‍മികതയുടെ പാതയിലേക്ക് ഇന്ത്യയെ നയിക്കാന്‍ കഴിയുന്ന നേതൃനിര വളര്‍ന്നുവരുന്നതുവരെ അധികാരത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ നേതാക്കളെ പരിശീലിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയണം. അതിന് ഇന്ത്യയുടെ പൈതൃകവും ഇന്ത്യന്‍ ഭരണഘടനയും പഠിക്കണം. കോണ്‍ഗ്രസിന്‍െറ നാശത്തിലൂടെ ഇന്ത്യയുടെ ചൈതന്യമാവും ഇല്ലാതാവുക. അതിനാല്‍ ഇന്ത്യയുടെ നിലനില്‍പ്പിന് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് അതിന്‍െറ ദേശീയ, മതേതര, ജനാധിപത്യ മൂല്യങ്ങളോടെ നിലനില്‍ക്കേണ്ടത് അനിവാര്യമാണ്.  പഴയ സ്ഥിതിമാറ്റി കാലാനുസൃതമായ മാറ്റങ്ങളോടെ ഒരു പുതിയ സമ്പ്രദായത്തിലേക്ക് പാര്‍ട്ടിയെ പരുവപ്പെടുത്തണം. അതിന് സമയമായെന്ന് കാലം ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയുടെ ജനാധിപത്യ ഭാവിക്ക് കോണ്‍ഗ്രസ് മുക്ത ഭാരതമല്ല വേണ്ടത്, വര്‍ഗീയമുക്ത ഭാരതമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.