അതിഗുരുതരമായത് സംഭവിച്ചെന്ന് വരുത്താനുള്ള തന്ത്രം

അതിഗുരുതരമായ എന്തോ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് സംഭവിച്ചെന്ന് വരുത്തിത്തീര്‍ക്കാനുള്ള വിഫല ശ്രമമാണ് തോമസ് ഐസക് അവതരിപ്പിച്ച ധവളപത്രം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഓവര്‍ഡ്രാഫ്റ്റോ കാര്യമായ വെയ്സ് ആന്‍ഡ് മീന്‍സ് അഡ്വാന്‍സോ ഉണ്ടായിരുന്നില്ളെന്ന് ധവളപത്രത്തിലെ ടേബ്ള്‍ 1.7 തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, താന്‍ ധനമന്ത്രിയായിരുന്ന സുവര്‍ണകാലമെന്ന്  തോമസ് ഐസക് തന്നെ പുകഴ്ത്താനാഗ്രഹിക്കുന്ന 2006-2011 കാലഘട്ടത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഓവര്‍ ഡ്രാഫ്റ്റും വെയ്സ് ആന്‍ഡ് മീന്‍സും ഉണ്ടായിരുന്നുവെന്ന് അതേ പട്ടിക വ്യക്തമാക്കുന്നുണ്ട്.

പദ്ധതി നിര്‍വഹണത്തെക്കുറിച്ചാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ള മറ്റൊരു വിമര്‍ശം. ഇവിടെയും കണക്കുകള്‍ അദ്ദേഹത്തിന് എതിരാണ്. 2007ല്‍ അദ്ദേഹം ധനമന്ത്രിയായിരുന്നപ്പോള്‍ 72 ശതമാനം മാത്രമായിരുന്നു പദ്ധതിച്ചെലവ്. എന്നാല്‍, 2013ല്‍ 105 ശതമാനംവരെ പദ്ധതിച്ചെലവ് ഉയര്‍ന്നു. 2014ല്‍ അത് 88 ശതമാനമായി. 2012ല്‍ 98 ശതമാനവും 2011ല്‍ 100 ശതമാനവും പദ്ധതിച്ചെലവുണ്ടായി (ധവളപത്രം, ടേബ്ള്‍ 1.9). ശതമാനത്തില്‍ മാത്രമല്ല ശ്രദ്ധിക്കേണ്ടത്. 2010ല്‍ 8780 കോടിയാണ് ആകെ ചെലവായതെങ്കില്‍ 2016ല്‍ അത് 15312 കോടിയായി ഉയര്‍ന്നു എന്നോര്‍ക്കണം. പദ്ധതി അടങ്കല്‍ വലുതായതിനെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്.   ഇടതുമുന്നണി കാലത്തെ പോലെ ശുഷ്കിച്ച പദ്ധതിയുണ്ടാക്കാനല്ല യു.ഡി.എഫ് ശ്രമിച്ചത്. സാമ്പത്തിക ഞെരുക്കം വല്ലാതെ ബാധിച്ചപ്പോഴും പരമാവധി വലിയ തുക പദ്ധതിയടങ്കലായി വെക്കാന്‍ അന്നത്തെ പ്ളാനിങ് ബോര്‍ഡ് ശ്രമിച്ചിരുന്നു.

അതുകൊണ്ട് തന്നെയാണ് വലിയ പദ്ധതിച്ചെലവിലേക്ക് പോകാന്‍ യു.ഡി.എഫ് സര്‍ക്കാറിന് സാധിച്ചത്. നടപ്പുവര്‍ഷം 24000 കോടിയിലേക്ക് പദ്ധതിയടങ്കല്‍ ഉയര്‍ത്തിക്കൊണ്ടാണ് യു.ഡി.എഫ് അധികാരമൊഴിഞ്ഞത്. 5500 കോടി രൂപ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാറ്റിവെക്കുകയും ചെയ്തു. ഇരു ഗവണ്‍മെന്‍റുകളുടെയും പദ്ധതിച്ചെലവിന്‍െറ ശതമാനം ഏകദേശം ഒരു പോലെയാണ് പോയതെങ്കില്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുന്‍ കാലത്തെ അപേക്ഷിച്ച് ഇരട്ടിത്തുക ചെലവഴിച്ചിട്ടുണ്ട്. ധവളപത്രത്തിലെ മറ്റൊരു മുഖ്യവിമര്‍ശം കാപിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ അഥവാ നിര്‍മാണച്ചെലവുകള്‍ കുറവാണ് എന്നതാണ്. വാസ്തവത്തില്‍ ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടമാണ് യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത്. ബജറ്റിലൂടെ പിന്തുണ നല്‍കിയ വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ദേശീയ ഗെയിംസിനോടനുബന്ധിച്ചുണ്ടായ ലോകോത്തര കായികസൗകര്യങ്ങള്‍  എന്നിവയൊന്നും അദ്ദേഹത്തിന്‍െറ കാപ്പിറ്റല്‍ എക്സ്പെന്‍ഡിച്ചര്‍ റഡാറില്‍ വരുന്നില്ല.

ഇടതുസര്‍ക്കാറിന്‍െറ കാലത്ത് ചിന്തിക്കാന്‍പോലും കഴിയാത്ത നിര്‍മാണപ്രവര്‍ത്തനങ്ങളായിരുന്നു അവ. ധവളപത്രം വിലപിക്കുന്ന അടിസ്ഥാനസൗകര്യ കമ്മി പരിഹരിക്കുന്നതില്‍ സര്‍വകാല റെക്കോഡ് സ്ഥാപിച്ച സര്‍ക്കാറാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഇതിനായി ബജറ്റ് തുക മാത്രമല്ല വിനിയോഗിച്ചത്. വിഴിഞ്ഞത്ത് സ്വകാര്യമേഖലയുടെ പങ്കാളിത്തം ഉണ്ടായെങ്കില്‍ മെട്രോക്ക് പ്രത്യേക സംവിധാനം ഉണ്ടാക്കിക്കൊണ്ട് എറണാകുളം ജില്ലാ ബാങ്ക് മുതല്‍ അന്താരാഷ്ട്ര ഏജന്‍സികള്‍ വരെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ സഹായം തേടുകയാണ് ചെയ്തത്. ദേശീയപാതകളുടെ വികസനത്തില്‍ ടോള്‍ പ്രശ്നത്തിന്‍െറ പേരില്‍ അഞ്ചുവര്‍ഷവും വികസനം മുരടിപ്പിച്ചവരാണ് ഇടതുമുന്നണിക്കാര്‍. ഇതിനകം മനോഹരമായി പണിതുതീര്‍ത്ത തൃശൂര്‍-പാലക്കാട് ഹൈവേ കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്താണ് ഉണ്ടായതെന്നത് മറക്കരുത്.

റവന്യൂ കമ്മിയുടെയും ധനകമ്മിയുടെയും കണക്കുകള്‍ നിരത്തുന്നുണ്ട് ഡോ. ഐസക്. ഇവിടെയും വിശദാംശങ്ങള്‍ അദ്ദേഹത്തിന് എതിരാകുന്നു. കേരളത്തിന്‍െറ ധനകാര്യ മാനേജ്മെന്‍റില്‍ വിസ്ഫോടനാത്മകമായ റവന്യൂ കമ്മി ഉണ്ടായത് നായനാര്‍ ഭരണത്തിന്‍െറ അവസാന കാലത്താണ്, 5.8 ശതമാനം. അന്നത്തെ ധനകമ്മി 7.25 ശതമാനമായിരുന്നു (ടേബ്ള്‍ എ.15). ഈ അപായകരമായ ധനകാര്യാവസ്ഥയെ ചുമക്കേണ്ട ഗതികേടുണ്ടായത് തുടര്‍ന്നുവന്ന എ.കെ. ആന്‍റണി സര്‍ക്കാറിനാണ്. അന്ന് കേരളം കുടിച്ച കയ്പ് കഷായത്തിന്‍െറ രാഷ്ട്രീയദോഷം യു.ഡി.എഫിനുണ്ടായെങ്കിലും പിന്നീട് വന്ന സര്‍ക്കാറുകള്‍ക്കത് ഗുണകരമായെന്നതാണ് യാഥാര്‍ഥ്യം. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്തെയും കഴിഞ്ഞ സര്‍ക്കാര്‍ കാലത്തെയും റവന്യൂ കമ്മിയും ധനകമ്മിയും ഏകദേശം ഒരു പോലെയായിരുന്നുവെന്ന് ഇതേ പട്ടിക വ്യക്തമാക്കുന്നു. മാത്രമല്ല, 2015-2016ല്‍ റവന്യൂ കമ്മി 1.4 ശതമാനവും ധനകമ്മി 2.7 ശതമാനവുമായിരുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലത്തെ ഏറ്റവും കുറഞ്ഞ സ്ഥിതിയാണിത്.  അദ്ദേഹം ഏറെ വിലപിക്കുന്ന നിര്‍മാണച്ചെലവും ദേശീയ വരുമാനത്തിലും 2006-11 നെക്കാള്‍ മെച്ചപ്പെട്ടതായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് അനുപാതം.

സംസ്ഥാനം നികുതി വരുമാനം വര്‍ധിപ്പിക്കുന്നതില്‍ യു.ഡി.എഫ് വീഴ്ച വരുത്തിയെന്നതാണ് ധവളപത്രത്തിലെ മറ്റൊരു കാതലായ വിമര്‍ശം. സംസ്ഥാനത്തിന്‍െറ ആകെ വരുമാനത്തിന്‍െറ 65 ശതമാനവും സംസ്ഥാനത്തിന്‍െറ സ്വന്തം വരുമാനമായിട്ടുള്ള അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നോര്‍ക്കണം. ധവളപത്രത്തില്‍തന്നെ പറയും പോലെ പ്രയാസമേറിയ സാമ്പത്തികാവസ്ഥയിലൂടെയാണ് കേരളം കടന്നുപോയത്. ഇന്ത്യയുടെ   ദേശീയവരുമാന വര്‍ധന വളരെക്കാലത്തിനുശേഷം അഞ്ചു ശതമാനത്തില്‍ താഴെപ്പോയ കാലത്താണ് യു.ഡി.എഫിന് ഭരിക്കേണ്ടിവന്നത്. ധവളംപത്രംതന്നെ അത് സൂചിപ്പിക്കുന്നുണ്ട് (അധ്യായം-മൂന്ന്, പേജ്- നാല്). ധവളപത്രം ശരിയായി ചൂണ്ടിക്കാട്ടും പോലെ ദേശീയവരുമാനം കുറയുമ്പോള്‍ നികുതി വരുമാന വര്‍ധനയിലും കുറവുണ്ടാകുന്നത് സ്വാഭാവികമാണ്.

ഇതേ അധ്യായത്തില്‍ ചൂണ്ടിക്കാണിച്ച റബറിന്‍െറയും നാണ്യവിളകളുടെയും വിലത്തകര്‍ച്ച യു.ഡി.എഫ് സര്‍ക്കാറിന്‍െറ നിയന്ത്രണപരിധിയില്‍ ഉള്‍പ്പെടുന്നതായിരുന്നില്ല. റബറിന്‍െറ വിലത്തകര്‍ച്ച പരിഹരിക്കേണ്ടത് കേന്ദ്രമായിരുന്നിട്ടുകൂടി 150 രൂപ ചെറുകിട കര്‍ഷകര്‍ക്ക് ലഭിക്കുന്ന പാക്കേജ് ഉണ്ടാക്കിയ ഗവണ്‍മെന്‍റാണ് യു.ഡി.എഫിന്‍േറത്. ഇതിലും വലിയ വിലത്തകര്‍ച്ചയുണ്ടായ കാലത്ത് ആഗോളവത്കരണത്തെ പഴിച്ച് കൈയുംകെട്ടി നോക്കിനിന്നവരാണ് ഇടതുമുന്നണിക്കാര്‍. ലോട്ടറിരംഗത്ത് ഉണ്ടായ വരുമാന വര്‍ധന ധവളപത്രം സമര്‍ഥമായി മൂടിവെക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിന്‍െറ സഹായം 14ാം ധനകാര്യ കമീഷനിലൂടെ വന്‍ തോതില്‍ ഉണ്ടായി എന്നാണ് ധവള പത്രം പറയുന്നത്. പക്ഷേ, കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് തുക വെട്ടിക്കുറച്ചത് സംബന്ധിച്ച്  ധവളപത്രം ഒന്നും മിണ്ടുന്നുമില്ല. കേന്ദ്രസര്‍ക്കാറിനെ പരോക്ഷമായി അഭിനന്ദിക്കുമ്പോഴും വിരോധം തീര്‍ക്കുന്നത് യു.ഡി.എഫിനോടാണ്. സാങ്കേതിക മികവോടെ മൂന്ന് അധ്യായങ്ങളിലും ഒരു അനുബന്ധത്തിലുമായി പരന്നുകിടക്കുന്ന ധവളപത്രത്തില്‍ ഒരിടത്തും യു.ഡി.എഫ് ലോട്ടറി വരുമാനത്തില്‍ വരുത്തിയ പത്തിരട്ടി വര്‍ധനയെക്കുറിച്ച് പറയുന്നുമില്ല. ട്രഷറിയിലെ കാഷ് ബാലന്‍സില്‍ ആരംഭിക്കുന്ന ധവളപത്രം അവസാനിക്കുന്നത് ശമ്പളം -പലിശ-പെന്‍ഷന്‍ എന്നീ ഘടകങ്ങളുടെ സാമാന്യമായ വളര്‍ച്ചയില്‍ പരിതപിച്ചുകൊണ്ടാണ്.  

സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളം അനാവശ്യ ചെലവാണെന്ന ധ്വനി എങ്ങനെയോ ധവളപത്രത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഏതായാലും ധവളപത്രമിറക്കേണ്ട ഗുരുതര ധനസ്ഥിതിയൊന്നും കേരളത്തിലില്ളെന്ന് ധവളപത്രം സൂക്ഷിച്ച് വായിച്ചാല്‍ ആര്‍ക്കും ബോധ്യമാകും. ദുഷ്കരമായ ധനകാര്യ മാനേജ്മെന്‍റിനിടയില്‍ കൂടുതല്‍ ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുവേണ്ടി ജീവനക്കാരും മറ്റ് അവകാശങ്ങള്‍ക്കുവേണ്ടി ഇതര ജനവിഭാഗങ്ങളും ശക്തമായി മുന്നോട്ടുവരുമ്പോള്‍ അവരെ ചെറുക്കാനുള്ള പഴംമുറം മാത്രമാണ് ഈ ധവളപത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.