ഷാര്‍ലി എബ്ദോയും ഇമ്മാനുവല്‍ ടോഡും

ഫ്രാന്‍സില്‍ 2015  ജനുവരി ഏഴിന് ആക്ഷേപഹാസ്യ വാരികയായ ഷാര്‍ലി എബ്ദോയുടെ ഓഫിസിനുനേര്‍ക്ക് നടന്ന ആക്രമണം ആഗോളദുരന്തമായാണ്  ലോകമാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. 17പേര്‍ കൊല്ലപ്പെട്ട പ്രസ്തുത സംഭവം നടക്കുമ്പോള്‍ മാധ്യമങ്ങളില്‍ സംസാരിക്കാന്‍  വിസമ്മതിച്ച ഫ്രഞ്ച് ചിന്തകനായിരുന്നു ഇമ്മാനുവല്‍ ടോഡ്.  മാക്സ് വെബറുടെ സാമൂഹികശാസ്ത്ര പാരമ്പര്യത്തെ  തന്‍േറതായ രീതിയില്‍ വികസിപ്പിച്ച അദ്ദേഹം 1976ല്‍തന്നെ സോവിയറ്റ് യൂനിയന്‍െറ തകര്‍ച്ച തന്‍െറ ഗവേഷണഫലങ്ങളിലൂന്നി പ്രവചിച്ചിരുന്നു. കഴിഞ്ഞ നവംബര്‍ മാസം പുറത്തിറക്കിയ ആരാണ് ഷാര്‍ലി (Who is Charlie?-Polity Press, 2015) എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം ഇംഗ്ളീഷ് ജനപ്രിയ വായനലോകത്തത്തെിയത്.

ഷാര്‍ലി എബ്ദോക്കെതിരെ ആക്രമണം നടന്നപ്പോള്‍  അതിന്‍െറ സാമൂഹികശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ വിസമ്മതിച്ചു. മാത്രമല്ല, അവര്‍ ഭരണകൂട നിര്‍മിത ഉത്തരങ്ങള്‍ മാത്രം നല്‍കുകയും എതിര്‍വീക്ഷണങ്ങള്‍ സാധ്യമാകാത്ത അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്തപ്പോള്‍ മാധ്യങ്ങളിലൂടെ ജനങ്ങളോട് സംസാരിക്കാനുള്ള ശ്രമം ഇമ്മാനുവല്‍  ടോഡും ഉപേക്ഷിച്ചു.  ജനുവരി 11ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു മുതല്‍ അബ്ദുല്‍ ഫത്താഹ് അല്‍സീസി വരെയുള്ള വലതുപക്ഷ  നേതാക്കള്‍ പങ്കെടുത്ത റാലി പാരിസില്‍ അരങ്ങേറി. റാലിയെ ഫ്രഞ്ച് ദേശീയ ചെറുത്തുനില്‍പും ആഗോള ഐക്യദാര്‍ഢ്യവുമായി ചിത്രീകരിച്ച മുഖ്യധാരാ മാധ്യമങ്ങള്‍ പക്ഷേ,  ഫ്രാന്‍സില്‍ ദശകങ്ങളായി നടക്കുന്ന സാമൂഹിക മാറ്റങ്ങളെപ്പറ്റി ചര്‍ച്ചചെയ്യാന്‍ ഒരിക്കലും സന്നദ്ധമാകില്ല എന്ന് ടോഡിന് മനസ്സിലായി. അതുകൊണ്ടാണ് താരതമ്യേന ചെറിയൊരു രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച്  ഇങ്ങനെയൊരു പുസ്തകം അദ്ദേഹത്തിന് എഴുതേണ്ടിവന്നത്. ‘വീ ആര്‍ ഷാര്‍ലി’ എന്ന ബാനറില്‍ സംഘടിപ്പിച്ച റാലികള്‍ക്ക് പിന്നിലെ നാട്യങ്ങളെയും പ്രതിലോമ പ്രേരണകളെയും ‘ഹൂ ഈസ് ഷാര്‍ലി’ എന്ന കൃതിയിലൂടെ അദ്ദേഹം തുറന്നുകാട്ടുന്നു.

ഷാര്‍ലിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് നടത്തിയ റാലികളെ ഫ്രാന്‍സിലെ ഇപ്പോഴത്തെ സോഷ്യലിസ്റ്റ് ഭരണകൂടം ദേശീയ ചെറുത്തുനില്‍പായി പ്രഖ്യാപിച്ചിരുന്നു. 2015 ജനുവരി 11ന് ഷാര്‍ലി ഐക്യദാര്‍ഢ്യ റാലികള്‍  ഫ്രാന്‍സിലെ 85 നഗരങ്ങളില്‍ നടന്നിരുന്നു. ഏഴു മുതല്‍ 10 ശതമാനംവരെ ജനങ്ങള്‍ പ്രസ്തുത റാലികളില്‍ പങ്കെടുത്തിരുന്നു. മതഭ്രാന്തിനെതിരെ ഫ്രഞ്ച് ദേശീയത എന്ന രീതിയിലാണ്  ഈ റാലികള്‍ പൊതുവ്യവഹാരങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.  ഇത്രയേറെ ആളുകളെ തെരുവിലിറക്കിക്കൊണ്ടുള്ള ഭരണകൂട ആഹ്വാനപ്രകാരമുള്ള  പ്രതിഷേധറാലികള്‍ സവിശേഷമായ  മധ്യവര്‍ഗ രാഷ്ട്രീയത്തിന്‍െറ ഭാഗമാണെന്നാണ്  ടോഡ് വാദിക്കുന്നത്. മുസ്ലിംകളും അല്ലാത്തവരുമായ വലിയ വിഭാഗം തൊഴിലാളികള്‍ വളരെ കുറച്ചുമാത്രമേ ജനുവരി 11ന്‍െറ റാലികളില്‍ പങ്കെടുത്തിരുന്നുള്ളൂ.   

40 വര്‍ഷമായി ഫ്രഞ്ച് നഗരങ്ങളിലെ ജനസംഖ്യാപരമായ മാറ്റവും കുടുംബഘടനയിലെ മാറ്റവും പഠിക്കുന്ന ടോഡ് അതുകൊണ്ടുതന്നെ ഫ്രഞ്ച്  മധ്യവര്‍ഗസമൂഹം  എന്തുകൊണ്ടാണ് ഷാര്‍ലിക്കുവേണ്ടി തെരുവിലിറങ്ങിയതെന്ന് അന്വേഷിച്ചിരുന്നു. ഫ്രഞ്ച് സാമൂഹികവിപ്ളവത്തെ എതിര്‍ത്ത  അതേ കുടുംബങ്ങളില്‍നിന്നും സാമൂഹിക കൂട്ടായ്മകളില്‍നിന്നുമാണ് ജനുവരി 11ന്‍െറ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.  ഫ്രഞ്ച് നഗരങ്ങളിലെ കുടുംബഘടന പഠിച്ചാല്‍ എല്ലാകാലത്തും സാമൂഹികമാറ്റത്തിന് എതിരുനിന്ന പാരമ്പര്യമാണ് അവരുടേത്. ഈ മധ്യവര്‍ഗത്തിന് സാമൂഹികവിപ്ളവത്തില്‍ തരിമ്പും താല്‍പര്യമില്ളെന്നു  മാത്രമല്ല, ഫ്രാന്‍സിലെ ദുര്‍ബലരുടെ മതത്തെ വിമര്‍ശിക്കാനാണ് അവര്‍ വളരെ കാലത്തിനുശേഷം തെരുവിലിറങ്ങിയത്. ഇതേ മധ്യവര്‍ഗ സ്വാധീനമുള്ള/ വംശീയ വലതുപക്ഷ രാഷ്ട്രീയമുള്ള നഗരങ്ങളില്‍നിന്നുതന്നെയാണ് 2005ലെ കുടിയേറ്റ കലാപത്തിനുള്ള മറുപടിയെന്നോണം നികളസ് സാര്‍കോസി എന്ന വലതുപക്ഷ നേതാവ് ഫ്രഞ്ച് പ്രസിഡന്‍റായി  ഉയര്‍ന്നുവന്നത് എന്നത് ഒട്ടും യാദൃച്ഛികമല്ല.   

ഫ്രാന്‍സിന്‍െറ ചരിത്രത്തില്‍ മധ്യകാലം മുതല്‍ ഉപരിവര്‍ഗവും തൊഴിലാളിവര്‍ഗ വും എന്നരീതിയില്‍ രണ്ടുതരം സമൂഹങ്ങള്‍ നിലനിന്നിരുന്നു. പക്ഷേ, ‘അസമത്വങ്ങളും അനീതികളും നിറഞ്ഞ  ഫ്രാന്‍സ്’  എന്ന പ്രശ്നം  മധ്യവര്‍ഗ/ദേശീയ പ്രതിഷേധസമരങ്ങളുടെ ആഖ്യാനത്തില്‍ എവിടെയും കാണാന്‍ ഇമ്മാനുവല്‍ ടോഡിന് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ മാധ്യമനിര്‍മിതവും ഭരണകൂട നിര്‍മിതവുമായ ഒരു മധ്യവര്‍ഗ പ്രതിഷേധത്തെ അങ്ങനെതന്നെ പേരിട്ടുവിളിക്കാനാണ് ഇമ്മാനുവല്‍ ടോഡ് ആവശ്യപ്പെടുന്നത്. വംശീയമായി അരികുവത്കരിക്കപ്പെട്ട ഉത്തരാഫ്രിക്കന്‍ മുസ്ലിം കുടിയേറ്റക്കാരിലേക്ക് സാമൂഹികവും രാഷ്ട്രീയവുമായ പ്രതിസന്ധികള്‍ തിരിച്ചുവിടാനുള്ള ഫ്രഞ്ച്  മധ്യവര്‍ഗ  അഭിനിവേശത്തില്‍നിന്നുണ്ടായതാണ്  ഫ്രാന്‍സിലെ കൂറ്റന്‍ തെരുവുറാലികളെന്ന് ടോഡ് വിശദീകരിക്കുന്നു.
ഫ്രഞ്ച് മധ്യവര്‍ഗത്തെ പുലര്‍ത്തുന്ന വലതു രാഷ്ട്രീയത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍  ഇമ്മാനുവല്‍  ടോഡ് പലരീതിയില്‍ അനാവരണം ചെയ്യുന്നുണ്ട്. ഷാര്‍ലിക്കുവേണ്ടി നടന്ന റാലികളില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം സ്വാതന്ത്ര്യം എന്നതായിരുന്നു.  ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ വലിയൊരു പ്രകാശനമായിട്ടാണ് പലരും ആ മുദ്രാവാക്യത്തെ കണ്ടത്. എന്നാല്‍, ജനുവരി 11ലെ റാലികളില്‍ മറ്റൊരു വാക്കിന്‍െറ അസാന്നിധ്യം ടോഡ് ശ്രദ്ധിച്ചിരുന്നു. സമത്വം എന്ന മറ്റൊരു റിപ്പബ്ളിക്കന്‍ ആശയമായിരുന്നു അത്. എന്തുകൊണ്ട് ഫ്രഞ്ച് നഗരങ്ങളില്‍ അലയടിച്ചുയര്‍ന്ന മധ്യവര്‍ഗ പ്രതിഷേധക്കാര്‍ സാമ്പത്തികസമത്വം,  സാമൂഹികസമത്വം തുടങ്ങിയ ഫ്രഞ്ച് മൂല്യങ്ങളെപ്പറ്റി മിണ്ടിയില്ല? ഫ്രഞ്ച് പ്രതിഷേധത്തിന്‍െറ തൊഴിലാളിവിരുദ്ധതയില്‍ ചാലിച്ച മധ്യവര്‍ഗ രാഷ്ട്രീയത്തെ ഈ നിശ്ശബ്ദത പ്രതിനിധാനം ചെയ്യുന്നുവെന്ന്  ടോഡ് കരുതുന്നു.

ഫ്രാന്‍സിലെ പുതിയ രാഷ്ട്രീയപ്രശ്നങ്ങള്‍ പഠിക്കുമ്പോള്‍ സാമ്പത്തികഘടകം  മാത്രമല്ല, മതമെന്ന ഘടകവും ടോഡ് പ്രധാനമായി കാണുന്നു. ഫ്രഞ്ച് സമൂഹം 1960 മുതല്‍ നിത്യജീവിതത്തില്‍  മതത്തെ പിന്തുടരുന്നില്ല. 95 ശതമാനം കാത്തലിക് വിശ്വാസികളില്‍ അഞ്ചുശതമാനം മാത്രമേ എല്ലാ ഞായറാഴ്ചയും പള്ളിയില്‍  പോകുന്നുള്ളൂ. മതത്തിന്‍െറ ഈ പിന്മടക്കം ആധുനിക യൂറോപ്യന്‍ സമൂഹങ്ങളില്‍ എല്ലാകാലത്തും വ്യത്യസ്ത ദിശകളിലുള്ള രാഷ്ട്രീയ പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞനൂറ്റാണ്ടില്‍ പ്രോട്ടസ്റ്റന്‍റ് വിശ്വാസത്തിനുപകരം ജര്‍മനിയില്‍ വന്നത്  നാസിസമായിരുന്നു. അതിനും ഒരു നൂറ്റാണ്ടുമുമ്പ്  കാത്തലിക് ചര്‍ച്ചിന്‍െറ തകര്‍ച്ച ഫ്രഞ്ച് വിപ്ളവത്തിന് കാരണമായി. ഇപ്പോള്‍ 2014ലെ ഫ്രാന്‍സും സമാനമായ ഒരു മതപ്രതിസന്ധിയിലാണെന്ന് ടോഡ് കണ്ടത്തെുന്നു.
അറുപതുകളില്‍ കാത്തലിക് വിശ്വാസം  സാമൂഹികമായി പിന്മാറിയ ഫ്രാന്‍സില്‍ മതത്തിന്‍െറ ഇടവും ധര്‍മവും പരമ്പരാഗത കുടുംബഘടനകള്‍ ഏറ്റെടുത്തു. അങ്ങനെ മതഘടനയില്‍ സാധ്യമായിരുന്ന  സാമൂഹിക അധികാരവും ആനുകൂല്യവും വിഭവ കുത്തകയും പുതിയ കുടുംബഘടനയുപയോഗിച്ച് നിലനിര്‍ത്താന്‍ ഫ്രഞ്ച് മധ്യവര്‍ഗത്തിന് കഴിഞ്ഞു.

അറുപതുകള്‍ മുതല്‍ ഫ്രാന്‍സില്‍ നടക്കുന്ന കാത്തലിക് വിശ്വാസത്തിന്‍െറ പിന്മാറ്റത്തിന്‍െറ ഈ പുതിയ ദിശ ടോഡ് സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നു. ഇപ്പോഴത്തെ ഫ്രഞ്ച് പ്രസിഡന്‍റായ ഫ്രാങ്സ്വ ഓലന്‍ഡിന്‍െറ കുടുംബം ഈ മാറ്റത്തെ നന്നായി പ്രതിനിധാനംചെയ്യുന്നുണ്ട്. തീവ്ര വലതുപക്ഷ സ്വഭാവമുള്ള ഒരു കാത്തലിക് വിശ്വാസിയും സര്‍വോപരി മധ്യവര്‍ഗസ്വഭാവമുള്ള ഡോക്ടറായ പിതാവും ഇടതുപക്ഷ രാഷ്ട്രീയമുള്ള എന്നാല്‍, കാത്തലിക് പശ്ചാത്തലമുള്ള  മാതാവും അടങ്ങിയ കുടുംബത്തില്‍നിന്നാണ് ഇപ്പോഴത്തെ സോഷ്യലിസ്റ്റ് ആശയകാരനായ ഫ്രഞ്ച് പ്രസിഡന്‍റ് വരുന്നത്. സാമൂഹികസമത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സാമ്പത്തികനയങ്ങള്‍ നടപ്പാക്കുകയും ഫ്രാന്‍സിലെ വലതുപക്ഷത്തെ നാണിപ്പിക്കുകയും നിഷ്പ്രഭമാക്കുകയും ചെയ്യുന്ന ഒരു സൂപ്പര്‍ വലതുപക്ഷ രാഷ്ട്രീയം അദ്ദേഹം കൊണ്ടുനടക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഫ്രാങ്സ്വ ഓലന്‍ഡിന്‍െറ രാഷ്ട്രീയം ഫ്രഞ്ച് മധ്യവര്‍ഗ മതപ്രതിസന്ധിയുടെ ഉത്തമ ഉദാഹരണമാണ്. അവരെ സംബന്ധിച്ചിടത്തോളം കാത്തലിക് വിശ്വാസം നഷ്ടപ്പെട്ടതിനുശേഷമുള്ള കാലത്ത്  തങ്ങളുടെ മധ്യവര്‍ഗ കുടുംബഘടനയില്‍ അധിഷ്ഠിതമായ അധികാര കുത്തക മറച്ചുപിടിക്കാന്‍ കുടിയേറ്റക്കാരനായ ഉത്തരാഫ്രിക്കന്‍ മുസ്ലിമിന്‍െറ രൂപം ഏറ്റവും അനുയോജ്യമായി വരുന്നു. അതുകൊണ്ടുതന്നെ 17 പേര്‍ കൊല്ലപ്പെട്ട ഷാര്‍ലി സംഭവത്തെ ആഗോളദുരന്തവും ദേശീയ പ്രതിസന്ധിയുമാക്കി നിര്‍മിച്ചെടുക്കാന്‍ ഫ്രഞ്ച് മധ്യവര്‍ഗത്തിന്  വളരെവേഗം സാധിക്കുകയും ചെയ്തു. മാധ്യമപിന്തുണയോടെ ജനകീയറാലികള്‍ നെയ്തെടുക്കുന്നതിലും അഭിപ്രായരൂപവത്കരണം നടത്തുന്നതിലും അവര്‍ വിജയിച്ചു.  

ഇമ്മാനുവല്‍ ടോഡിന്‍െറ ഇടപെടല്‍ ഫ്രഞ്ച് രാഷ്ട്രീയത്തെ കുറിച്ചും ഫ്രഞ്ച് നഗരങ്ങളില്‍ നടക്കുന്ന മാറ്റങ്ങളെ കുറിച്ചുമുള്ള വ്യത്യസ്തമായ ഒരു വായനയാണ്. അദ്ദേഹത്തിന്‍െറ വിശകലനങ്ങള്‍ നമ്മോടുപറയുന്നത് ആഗോള സംഭവവികാസങ്ങളിലെ മാധ്യമനിര്‍മിത സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച് മാത്രമല്ല, ലോകാഭിപ്രായം രൂപപ്പെടുന്നതിന്‍െറ പ്രശ്നങ്ങളെ കുറിച്ചുകൂടിയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.