ആസാദിന്‍െറ ഓര്‍മക്ക് നജ്മയുടെ വണ്ടിച്ചെക്ക്

രാജ്യംകണ്ട മികച്ച വിദ്യാഭ്യാസ വിചക്ഷണനും സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായ മൗലാന അബുല്‍ കലാം ആസാദിന്‍െറ പേരമകളെന്ന് സ്വയം വിശേഷിപ്പിച്ച് നടക്കാറുള്ള നജ്മ ഹിബത്തുല്ല തന്‍െറ രാഷ്ട്രീയ ജീവിതത്തിലൂടെ ആസാദിന് ഏതെങ്കിലും തരത്തിലുള്ള ഖ്യാതി ഉണ്ടാക്കിക്കൊടുത്തതായി അറിവില്ല. എന്നാല്‍, ഈ താവഴി ഏറ്റെടുത്ത് കോടതി വ്യവഹാരമടക്കം പല വിവാദങ്ങളും അവര്‍ സൃഷ്ടിച്ചിട്ടുണ്ട്. ആസാദിന്‍െറ മേല്‍വിലാസം മാത്രമുപയോഗിച്ചാണ്  ’60കള്‍ തൊട്ടുള്ള അധികാരത്തിനുള്ള വിലപേശല്‍ നജ്മ നടത്തിയിട്ടുള്ളത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍ ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ സ്വതന്ത്ര ചുമതല അവര്‍ക്ക് നല്‍കിയതും പ്രഗല്ഭനായ ന്യൂനപക്ഷ നേതാവിന്‍െറ ഈയൊരു നിഴല്‍ കൂടെ കൊണ്ടുനടന്നതുകൊണ്ടായിരുന്നു.
 നജ്മ കയറിയിരുന്നതില്‍ പിന്നെ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനടുത്തുള്ള സി.ജി.ഒ കോംപ്ളക്സിലെ ന്യൂനപക്ഷ മന്ത്രാലയത്തില്‍ അപൂര്‍വമായിട്ടേ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോകേണ്ടി വന്നിട്ടുള്ളൂ. രണ്ടു വര്‍ഷത്തിനിടയില്‍ വിളിച്ചത് വിരലിലെണ്ണാവുന്ന വാര്‍ത്താസമ്മേളനങ്ങള്‍.
മോദി സര്‍ക്കാര്‍ അധികാരമേറ്റതില്‍ പിന്നെ കാര്യമായൊന്നും പറയാനില്ലാത്തതിനാല്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ പ്രധാനമന്ത്രിക്കുള്ള ആത്മാര്‍ഥതയെ കുറിച്ചല്ലാതെ നജ്മ അധികം സംസാരിച്ചിട്ടില്ല. ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ പുതിയ പദ്ധതി പ്രഖ്യാപനങ്ങളോ നിലവിലെ പദ്ധതികളുടെ വിജയകരമായ പൂര്‍ത്തീകരണമോ ഒന്നും പറയാനില്ലാത്ത വാര്‍ത്താസമ്മേളനങ്ങള്‍ക്കുശേഷം  ‘ഓഫ് ദ റെക്കോഡ്’ സംഭാഷണത്തിന് ചെന്നാലും ആസാദിന്‍െറ താവഴിയെക്കുറിച്ചാകും നജ്മക്ക് പറയാനുണ്ടാകുക.
ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍
ന്യൂനപക്ഷ മന്ത്രിയായി ചുമതലയേറ്റ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ മൗലാന ആസാദുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞ ശേഷം നജ്മ കടന്നത് തന്‍െറ മന്ത്രാലയത്തിന് കീഴിലുള്ള മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍െറ ശോച്യാവസ്ഥയെക്കുറിച്ചായിരുന്നു. ഫൗണ്ടേഷന്‍ ആസ്ഥാനം പഹാഡ്ഗഞ്ചിലെ ചെംസ്ഫോര്‍ഡ് റോഡില്‍ പ്രേതവീട് പോലെ കിടക്കുകയാണെന്നും അതിന് കാരണം മൗലാന ആസാദിനോടുള്ള കോണ്‍ഗ്രസിന്‍െറ അവഗണനയാണെന്നും മരണാനന്തരം ആസാദിനോട് കോണ്‍ഗ്രസ് ഇതാണ് ചെയ്തിട്ടുള്ളതെന്നും നജ്മ അന്ന് പറഞ്ഞു. പ്രധാനമന്ത്രിയുടെ സഹായത്തോടെ ഫൗണ്ടേഷന്‍െറ ഘടന ഉടച്ചുവാര്‍ക്കുമെന്നും കെട്ടിടം പുതുക്കി പണിയുമെന്നും ഫൗണ്ടേഷന് കീഴിലുള്ള ക്ഷേമപദ്ധതികളെല്ലാം വ്യക്തിപരമായ താല്‍പര്യമെടുത്തുതന്നെ കാലവിളംബം കൂടാതെ നടപ്പാക്കുമെന്നും കൂടിയിരുന്ന മാധ്യമപ്രവര്‍ത്തകരോട് നജ്മ കട്ടായം പറഞ്ഞു. പിതാമഹന്‍െറ കാര്യമായതിനാലും കോണ്‍ഗ്രസ് അവഗണിച്ച സ്വാതന്ത്ര്യ സമര സേനാനികളില്‍ പലരെയും ബി.ജെ.പി ഏറ്റെടുക്കുന്നതുകൊണ്ടും അതെല്ലാം മുഖവിലയ്ക്കെടുത്ത് ‘വൃത്തങ്ങളെ’ ഉദ്ധരിച്ച് ചിലരെങ്കിലും റിപ്പോര്‍ട്ടും ചെയ്തു. പ്രായം 75 കഴിഞ്ഞുവെന്നുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ മാസം 12ന് കേന്ദ്രമന്ത്രിസഭയില്‍നിന്ന് പടിയിറക്കുന്നത് ഈ റിപ്പോര്‍ട്ടുകള്‍ക്ക് രണ്ടുവര്‍ഷം തികയുമ്പോഴാണ്. അതിനിടയില്‍ പഹാഡ്ഗഞ്ചില്‍ ന്യൂഡല്‍ഹി റെയില്‍വേ ബുക്കിങ് കൗണ്ടറിന് അഭിമുഖമായുള്ള ഫൗണ്ടേഷന്‍ കെട്ടിടം പുതുക്കി പണിതില്ല. ഫൗണ്ടേഷന്‍െറ ഘടന ഉടച്ചുവാര്‍ത്തതുമില്ല.
ഫൗണ്ടേഷന് കീഴിലുള്ള പദ്ധതികള്‍ ഗതിവേഗത്തിനുപകരം ഒച്ചിന്‍െറ വേഗം കൈവരിച്ചതിന്‍െറ വാര്‍ത്തകളാണ് പിന്നീട് പുറത്തുവന്നത്. കഴിഞ്ഞ പെരുന്നാള്‍ കാലത്ത് കേരളത്തില്‍നിന്ന് വന്നു അത്തരത്തിലൊരു വാര്‍ത്ത. നജ്മ നേരിട്ട് മേല്‍നോട്ടം വഹിച്ച മൗലാന ആസാദ് എജുക്കേഷന്‍ ഫൗണ്ടേഷന്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളുടെ ചെക്കുകള്‍ തീയതി കഴിഞ്ഞതിനാല്‍ ബാങ്കുകള്‍ മാറിക്കൊടുക്കാതെ മടക്കിയതിനെ കുറിച്ചായിരുന്നു അത്. കേരളത്തിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍ ചെക്കുകള്‍ സമര്‍പ്പിച്ചപ്പോഴാണ് അറിയുന്നത് കാലാവധി തീര്‍ന്ന ചെക്കാണ് മന്ത്രാലയം അയച്ചുകൊടുത്തതെന്ന്. കേന്ദ്ര സര്‍ക്കാര്‍ പറയുമ്പോലെ സ്കോളര്‍ഷിപ്പിന് ആനുകൂല്യം നേരിട്ട് അക്കൗണ്ടിലത്തൊന്‍ പൊതുമേഖലാ ബാങ്കുകളില്‍ അക്കൗണ്ട് തുറന്ന വിദ്യാര്‍ഥികള്‍ മൗലാന ആസാദ് ഫൗണ്ടേഷന്‍ അയച്ചുകൊടുത്ത ഐ.ഡി.ബി.ഐ ബാങ്കിന്‍െറ വണ്ടിച്ചെക് കൈയില്‍ പിടിച്ച് ഇനിയെന്തു ചെയ്യണമെന്നറിയാതെ കുഴഞ്ഞു. തീയതി കഴിഞ്ഞ ചെക് ഇനിയെന്തു ചെയ്യണമെന്ന് തങ്ങള്‍ക്ക് അക്കൗണ്ടുകളുള്ള ബാങ്കുകളോട് വിദ്യാര്‍ഥികള്‍ ചോദിച്ചപ്പോള്‍ ചെക് അയച്ച ഐ.ഡി.ബി.ഐ ബാങ്കില്‍ പോയി തിരക്കാനാണ് മറുപടി ലഭിച്ചത്. അവധി കഴിഞ്ഞ ചെക്കില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ളെന്ന് കൈമലര്‍ത്തിയ ഐ.ഡി.ബി.ഐ ബ്രാഞ്ചുകള്‍ അവ തിരിച്ചയക്കാനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്. തിരിച്ചയച്ചാല്‍ പുതിയ ചെക് വരുമോയെന്ന കാര്യം പറയാനാവില്ളെന്നും അവര്‍ വ്യക്തമാക്കി.
സ്കോളര്‍ഷിപ്പ് എന്ന മറിമായം
മൂന്നു മാസത്തെ അവധിയിട്ട് ഈ വര്‍ഷം ഏപ്രില്‍ പത്തിന് തയാറാക്കിയ ചെക്കാണ് മന്ത്രാലയം ഏല്‍പിച്ച ഐ.ഡി.ബി.ഐ ബാങ്ക് അവധി തീരാന്‍ ഒരു പ്രവൃത്തി ദിനം മാത്രം ലഭിക്കും വിധം ഡല്‍ഹിയില്‍ നിന്ന് കൊറിയറായി ജൂലൈ അഞ്ചിന് അയച്ചുകൊടുത്തത്. ഇതിനിടയിലെ പെരുന്നാള്‍ അവധി കൂടാതെ രണ്ടാം ശനിയും ഞായറും. കേരളത്തില്‍ പലയിടങ്ങളിലും അതത്തെിയതാകട്ടെ ജൂലൈ എട്ടിന് വൈകീട്ടും. കേരളത്തിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നില്ല ഈ അനുഭവമുണ്ടായതെന്ന് പിന്നീട് മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണറിഞ്ഞത്. രാജ്യത്തിന്‍െറ ഏതാണ്ടെല്ലാ ഭാഗങ്ങളിലേക്കും അയച്ചുകൊടുത്ത ഭൂരിഭാഗം ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും വണ്ടിച്ചെക്കായി. ആകെയുള്ള 50,000 ഫൗണ്ടേഷന്‍ സ്കോളര്‍ഷിപ്പുകളില്‍ 48,000 പേര്‍ക്കാണ് ചെക് അയച്ചുകൊടുത്തിരുന്നത്. അതില്‍ 27,000 പേര്‍ക്കും  ചെക് മാറ്റാന്‍ കഴിഞ്ഞില്ല. പരാതിയുയര്‍ന്നതോടെ 2000 പേരുടെ സ്കോളര്‍ഷിപ്പുകള്‍ ബാങ്ക് അയച്ചുകൊടുത്തതുമില്ല. 60 കോടി രൂപ സ്കോളര്‍ഷിപ് വിതരണത്തിനായി ഏപ്രില്‍ മാസം ബാങ്കിന് കൈമാറിയെന്നാണ് മന്ത്രാലയം പറയുന്നത്.
സുതാര്യതയും സദ്ഭരണവും മോദി സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോഴാണ് 60 കോടി രൂപ കൈമാറി മൂന്നു മാസം കഴിഞ്ഞിട്ടും ഫലപ്രദമായി ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് എത്തിക്കാന്‍ ഒരു മന്ത്രാലയത്തിന് കഴിയാതെപോയത്. യു.പി.എ സര്‍ക്കാര്‍ ആവിഷ്കരിച്ച ആനുകൂല്യം നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി അവരേക്കാള്‍ ആവേശത്തില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുമ്പോഴാണിത്.
വിദ്യാര്‍ഥികളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാതെ  ഒരുമിച്ച് 60 കോടി മൂന്ന് മാസക്കാലം അനധികൃതമായി കൈവശം വെക്കാന്‍ ഐ.ഡി.ബി.ഐ ബാങ്കിനെ പ്രേരിപ്പിച്ച ചേതോവികാരം വ്യക്തമല്ല. ഇത്രയും തുക മൂന്നുമാസം തങ്ങളുടെ കൈവശമിരുന്നാല്‍ കിട്ടുന്ന നേട്ടം കളയേണ്ടല്ളോ എന്ന് ബാങ്ക് കരുതിക്കാണും. കാലാവധി തീര്‍ന്ന ചെക്കുകള്‍ മാറ്റാതെ മടങ്ങിവന്നാല്‍  ബജറ്റില്‍ വിനിയോഗിക്കാത്ത ന്യൂനപക്ഷ ഫണ്ടായി മോദി സര്‍ക്കാറിന് അത് വരവുവെക്കാന്‍ കഴിയുകയും ചെയ്യുമല്ളോ.  
 മൗലാന ആസാദ് ഫൗണ്ടേഷന്‍െറ പേരില്‍ കിട്ടിയ വണ്ടിച്ചെക്കുകള്‍ എന്തു ചെയ്യണമെന്നറിയാതെ ന്യൂനപക്ഷ വിദ്യാര്‍ഥികളെ പെരുവഴിയില്‍ നിര്‍ത്തിയാണ് അതിന് മേല്‍നോട്ടം വഹിച്ച ആസാദിന്‍െറ പേരമകള്‍ ജൂലൈ 12ന് സേവനം മതിയാക്കി ന്യൂനപക്ഷ മന്ത്രാലയത്തിന്‍െറ പടിയിറങ്ങിയത്. അധികാര സ്ഥാനങ്ങളിലുള്ളവരുടെ മതവും ജാതിയും ചൂണ്ടിക്കാട്ടി മേനിപറയുന്നവര്‍ക്കുള്ള ഒന്നാന്തരം മറുപടിയാണ് ന്യൂനപക്ഷ മന്ത്രിയെന്ന നിലയിലുള്ള നജ്മയുടെ രണ്ടു വര്‍ഷത്തെ പ്രകടനം. സ്വന്തം സമുദായത്തിനായി താന്‍ ഒന്നും ചെയ്തിട്ടില്ളെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു നജ്മ ഹിബത്തുല്ലയുടെ രണ്ടു വര്‍ഷത്തെ പരിശ്രമം.  അതിനുള്ള പരിശ്രമത്തില്‍ മുന്‍ഗാമിയോട് മത്സരിക്കണമെന്നതായിരിക്കും മുഖ്താര്‍ അബ്ബാസ് നഖ്വിയുടെ പരീക്ഷണവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.