മഹാശ്വേത: ഭാവനാ ഭൂപടങ്ങളുടെ ചിത്രകാരി

തൊണ്ണൂറുകളില്‍ ഗായത്രി സ്പിവാക് മഹാശ്വേത ദേവിയുടെ മൂന്നു കഥകള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ ആ പുസ്തകത്തിന് നല്‍കിയ പേര് ഭാവനാ ഭൂപടങ്ങള്‍ (Imaginary Maps) എന്നായിരുന്നു. സൈനിക സന്നാഹങ്ങള്‍കൊണ്ട് വരച്ചുവെക്കുന്ന രാഷ്ട്രീയ ഭൂപടങ്ങളെ വലിച്ചുകീറുന്ന, അവയുടെ വിശുദ്ധവാദങ്ങളെ തൃണവത്ഗണിക്കുന്ന ജീവിതത്തിന്‍െറ ചിത്രപടങ്ങള്‍   ദേവിയുടെ രചനകളില്‍നിന്ന് വായനക്കാരുടെ മുന്നില്‍ ചുരുള്‍ നിവര്‍ന്നു. അതുകൊണ്ടുതന്നെ ഇന്ത്യന്‍ സാഹിത്യത്തില്‍ ഉയര്‍ന്നുകേട്ട ഏറ്റവും ശക്തമായ വിമോചകശബ്ദമായിരുന്നു മഹാശ്വേത ദേവിയുടേത്. ബംഗാളിന്‍െറ സാമൂഹിക രാഷ്ട്രീയ ചരിത്രാനുഭവങ്ങളില്‍നിന്ന് ആവിഷ്കാരപരമായ പ്രചോദനങ്ങള്‍ തേടുമ്പോഴും  പോസ്റ്റ്കൊളോണിയല്‍ ഇന്ത്യയുടെ കൂടുതല്‍ വിശാലമായ സാംസ്കാരിക സാഹിത്യ മണ്ഡലത്തില്‍ ശക്തമായ വിചാരവിക്ഷോഭങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞ വലിയ എഴുത്തുകാരിയായി മഹാശ്വേത ദേവി മാറുന്നത് നാം അദ്ഭുതത്തോടെ കണ്ടുനിന്നു.

രചനയിലെ രാഷ്ട്രീയത്തില്‍ സന്ധിചെയ്യാതെ, അത് സാമൂഹികമായ ഇടപെടലുകളിലേക്കുകൂടി സംക്രമിപ്പിച്ചുകൊണ്ട് സിവില്‍ സമൂഹത്തിന്‍െറ മേഖലയിലെ നിരന്തര സാന്നിധ്യമായി എക്കാലത്തും ആ എഴുത്തുകാരി ജനകീയ പ്രതിരോധങ്ങളുടെ മുന്നില്‍ നിലകൊണ്ടു. തികച്ചും നൈസര്‍ഗികമായി ദേവിയുടെ രചനകളും രാഷ്ട്രീയ നിലപാടുകളും തമ്മില്‍ ലാവണ്യത്തിന്‍െറയും പ്രതിബദ്ധതയുടെയും അനന്യതയുടെ അപൂര്‍വമായ ഒരു മാതൃകതന്നെ സൃഷ്ടിച്ചു. ബംഗാളിലും ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലും മറുരാജ്യങ്ങളിലും ആ രചനകളും അവക്കു പിന്നിലെ വ്യക്തിയുടെ നിലപാടുകളും രാഷ്ട്രീയമായ അനുരണനങ്ങള്‍ ഉണ്ടാക്കിയതിന്‍െറ പശ്ചാത്തലം ഇതായിരുന്നു.

പരിമിതമായ വാക്കുകളില്‍ ചെറിയ വാചകങ്ങളില്‍ തന്‍െറ നിശ്ചയദാര്‍ഢ്യങ്ങള്‍ വ്യക്തമാക്കാന്‍ ദേവിക്ക് കഴിഞ്ഞിരുന്നു. സ്വന്തം സമീപനങ്ങളില്‍  ഉറച്ചുനില്‍ക്കാനും അവയിലേക്കു മറ്റുള്ളവരെ ആകര്‍ഷിക്കാനും കഴിയുന്ന ആത്മാര്‍ഥതയുടെ ചൂടും ഗന്ധവും ആ വാക്കുകള്‍ക്കുണ്ടായിരുന്നു. കൊള്ളിയാന്‍പോലെ ഉയര്‍ന്നുവന്ന പ്രതിഭാസമായിരുന്നില്ല മഹാശ്വേത ദേവി. സ്വന്തം ഉറപ്പുകളും വെളിപാടുകളും ആഴത്തില്‍ മുഴങ്ങുന്ന ആശയങ്ങളാക്കി കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിച്ചുകൊണ്ട് പോസ്റ്റ് കൊളോണിയല്‍ ഇന്ത്യയുടെ സംഘര്‍ഷഭരിതമായ സാമൂഹിക-സാംസ്കാരിക പരിവര്‍ത്തനങ്ങളെ നിര്‍വചിക്കാനും വ്യാഖ്യാനിക്കാനും കഴിഞ്ഞ എഴുത്തുകാരില്‍ പ്രമുഖയായിരുന്നു മഹാശ്വേത ദേവി.   

മഹാശ്വേത ദേവിയെ ഞാന്‍ കാണുന്നത് കോഴിക്കോട് പാഠഭേദം സംഘടിപ്പിച്ച പരിപാടിയിലാണ്. യഥാര്‍ഥത്തില്‍ അതിനുമുമ്പ് അവര്‍ കേരളത്തിലത്തെിയിരുന്നു. 2008ലായിരുന്നു അത്. അച്യുതാനന്ദന്‍െറ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരുന്ന ജനവിരുദ്ധ വികസന സമീപനത്തിനെതിരെ നാട്ടിലെമ്പാടും സമരങ്ങള്‍ പൊട്ടിപ്പുറപ്പെട്ട കാലമായിരുന്നു അത്. വല്ലാര്‍പാടം പദ്ധതിക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട  മൂലമ്പിള്ളി നിവാസികളെ സന്ദര്‍ശിച്ച് അവരെ ആശ്വസിപ്പിക്കാനാണ് മഹാശ്വേത ദേവി കേരളത്തിലത്തെിയത്. ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകത്തിനുശേഷം കേരളത്തിലുണ്ടായ രാഷ്ട്രീയ സംവാദങ്ങളില്‍ പങ്കുചേരാന്‍ തയാറായി മഹാശ്വേത ദേവി ഇവിടെ എത്തിയിരുന്നു. സമാനമായ നയങ്ങളും സമീപനങ്ങളുമായിരുന്നു ബംഗാളിലെ സ്റ്റാലിനിസ്റ്റ് ഇടതുപക്ഷവും സ്വീകരിച്ചിരുന്നത്. അവിടത്തെ പാര്‍ട്ടി  വക്താക്കളുടെ, നിശിതവും നിരന്തരവുമായ ആക്രമണങ്ങളെ നേരിട്ട് സാഹിത്യജീവിതം നയിച്ച മഹാശ്വേത ദേവിക്ക് കേരളത്തിലെ പാര്‍ട്ടിയുടെ വിമര്‍ശങ്ങളെ നേരിടാന്‍ ഭയമുണ്ടായിരുന്നില്ല. ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകം അന്നത്തെ കേരളത്തെ പിടിച്ചുകുലുക്കിയപ്പോള്‍ ഇവിടെ വരാനും രാഷ്ട്രീയമായ പ്രതിരോധത്തിന് ഒപ്പംനില്‍ക്കാനും മഹാശ്വേത ദേവിക്ക് കരുത്തുനല്‍കിയത് ബംഗാളിലെ രാഷ്ട്രീയാനുഭവം തന്നെയായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു.  

ദ്രൗപദി എന്ന കഥയിലെ സന്താള്‍ യുവതിയുടെ സൈനിക ബലാല്‍ക്കാരവും വസ്ത്രം ഉപേക്ഷിച്ചുള്ള അവളുടെ പ്രതിഷേധവും അതിനുമുന്നില്‍ അവളെ നഗ്നയാക്കാനും ബലാല്‍ക്കാരം ചെയ്യാനും ഉത്തരവിട്ട സേനാനായകന്‍ ചൂളിപ്പോകുന്നതും ഒരു പാന്‍ ഇന്ത്യന്‍ യാഥാര്‍ഥ്യമായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാം പലതവണ പിന്നീട് കണ്ടു. രാഷ്ട്രീയ ബോധ്യങ്ങളെ അനുപമമായ ജീവല്‍ചിത്രങ്ങളാക്കി ഇങ്ങനെ കോറിയിടാനുള്ള ധീരതയാണ് മഹാശ്വേത ദേവിയെ മറ്റ് എഴുത്തുകാരില്‍നിന്ന് വ്യത്യസ്തയാക്കുന്ന ഒരു സവിശേഷത എന്നുപറയാം. ഇത് നിസ്സാരമായ കാര്യമല്ല.

ബംഗാളിന്‍െറ ഇരുപതാം നൂറ്റാണ്ട് തുടങ്ങുന്നത് തൊട്ടുമുമ്പ് നടന്ന മുണ്ടാ കലാപത്തിന്‍െറ ചോരയില്‍നിന്നാണ്. മഹാശ്വേത ദേവിയുടെ രണ്ടാമത്തെ നോവലായ ‘കാടിന്‍െറ അവകാശികള്‍’ (ആരണ്യര്‍ അധികാര്‍) ഈ മഹാസമരത്തിന്‍െറ ചരിത്രത്തെ അവലംബിച്ചുള്ളതായിരുന്നു. പിന്നീടുള്ള രചനകളിലും നിലപാടുകളിലും ഈ രചനാനുഭവത്തിന്‍െറ ശക്തമായ സ്വാധീനം ദൃശ്യമാകുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഭാഷയുടെ സജീവതയാണ് ദേവിയുടെ രചനകളിലെ ശ്രദ്ധേയമായ ഒരു വശം. പക്ഷേ, നമ്മില്‍ പലര്‍ക്കും അത് ബംഗാളി ഭാഷയില്‍ വായിച്ച് ആസ്വദിക്കാന്‍ കഴിയുകയില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. സാഹിത്യഭാഷയും തെരുവുഭാഷയും ഒൗദ്യോഗിക ഭാഷയും ഭാഷയുടെ ഗോത്രപാഠഭേദങ്ങളും ബംഗാളിലെ ആദിവാസി ഭാഷകളും ഇഴചേര്‍ന്ന അനുപമമായ രചനാസങ്കേതമാണ് മഹാശ്വേത ദേവിയുടേതെന്ന് ഗായത്രി സ്പിവാക് പറയുന്നുണ്ട്.

ഞാന്‍ ഗവേഷക വിദ്യാര്‍ഥിയായിരുന്ന സമയത്ത് സ്പിവാക്കില്‍നിന്ന് നേരിട്ടാണ് മഹാശ്വേത ദേവിയെ കുറിച്ച് കൂടുതല്‍ അറിയുന്നത്. ഈ വിഷയം സംസാരിക്കാനും വിശദീകരിക്കാനും സവിശേഷമായ ഇഷ്ടമായിരുന്നു ഗായത്രി സ്പിവാക്കിന്. ബംഗാളി ഇടതുപക്ഷത്തിന്‍െറ വിമര്‍ശങ്ങളെക്കുറിച്ച്, അവയോടുള്ള ദേവിയുടെ പ്രതികരണങ്ങളെക്കുറിച്ച്, ദേവിയുടെ തീവ്ര ഇടതുനിലപാടുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ച്, അവരുമായി ദേവി പുലര്‍ത്തുന്ന സ്നേഹ-ദ്വേഷ ബന്ധത്തിന്‍െറ സന്ദിഗ്ധതകളെക്കുറിച്ച്, എല്ലാറ്റിനുമുപരി താനുമായും തന്‍െറ വിവര്‍ത്തന  സംരംഭങ്ങളുമായും ദേവിക്കുള്ള യോജിപ്പുകളെയും വിയോജിപ്പുകളെയും കുറിച്ച് നിരവധി തവണ പ്രഫ. സ്പിവാക് എന്നോട് സംസാരിച്ചിട്ടുണ്ട്. ഒൗദ്യോഗിക ഇടതുപക്ഷത്തിന്‍െറ വിമര്‍ശങ്ങളെക്കുറിച്ചോ അതിനുപുറത്തുള്ള ഇടതുപക്ഷത്തിനു തന്നോടുള്ള ആഭിമുഖ്യങ്ങളെക്കുറിച്ചോ വലിയ വേവലാതികളില്ലാതെ എഴുതാന്‍ കഴിയുന്ന എഴുത്തുകാരി എന്നൊരു ചിത്രം എന്‍െറ മനസ്സില്‍ മഹാശ്വേത ദേവിയെക്കുറിച്ചുണ്ടെങ്കില്‍ അതിനുകാരണം സ്പിവാക്കുമായി നടത്താന്‍ കഴിഞ്ഞ അസുലഭമായ ഈ സംഭാഷണങ്ങളാണ്.
കേരളത്തില്‍ വന്നപ്പോള്‍ മഹാശ്വേത ദേവിക്കുണ്ടായ ചില അനുഭവങ്ങള്‍ ലജ്ജാകരമായിരുന്നു എന്നകാര്യം വിസ്മരിക്കാന്‍ കഴിയില്ല. ഇടതു സഹയാത്രികനും  ദേശാഭിമാനിയില്‍ കോളമിസ്റ്റുമായിരുന്ന സാഹിത്യ നായകന്‍ മഹാശ്വേത ദേവിയെ ‘രാഷ്ട്രത്തിന്‍െറ അപമാനം’ എന്ന് വിശേഷിപ്പിച്ചുവെന്നത് ഒരു നടുക്കത്തോടെയേ ഓര്‍ക്കാന്‍ കഴിയൂ. ഇവിടെ വലിയൊരു വിഭാഗം എഴുത്തുകാരും ഇടതുപക്ഷത്തിന്‍െറ കുഴലൂത്തുകാരല്ല എന്നതിനാല്‍ അതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായി. ഇടതുപക്ഷത്തിന്‍െറ പുരസ്കാര-സ്ഥാനമാന സമ്പദ്വ്യവസ്ഥയുടെ പങ്കുകാരാവാന്‍ വിസമ്മതിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ സജീവമായ പാരമ്പര്യം ഇവിടെ നിലനില്‍ക്കുന്നു എന്നതിന്‍െറ ഓര്‍മപ്പെടുത്തലായിരുന്നു എഴുത്തുകാരിക്കുവേണ്ടി ഇവിടെയുണ്ടായ ശക്തമായ ആ പ്രതിരോധം.  

കേരളത്തിലും ഇന്ത്യയില്‍ തന്നെയും ആ രാഷ്ട്രീയം പിന്തുടരുന്നവരെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത നഷ്ടമാണ് മഹാശ്വേത ദേവിയുടെ നിര്യാണം. അധികാര രാഷ്ട്രീയത്തിന്‍െറ ദുര്‍നീതികള്‍ ജീവിതം അസഹനീയമാക്കുന്ന  പാര്‍ശ്വവത്കൃതര്‍ക്കുവേണ്ടി ഉയര്‍ന്നിരുന്ന ഒരു നാവാണ് നിശ്ശബ്ദമായത്. സ്വാതന്ത്ര്യത്തിന്‍െറയും വിമോചനത്തിന്‍െറയും പ്രതീക്ഷകളെ അധികാരം എങ്ങനെ തല്ലിക്കെടുത്തി എന്ന് നിരന്തരം വ്യാകുലപ്പെട്ട ഒരു എഴുത്തുകാരി യാണ് മറഞ്ഞുപോയത്. അധിനിവേശ ജ്ഞാനാധികാരത്തിന്‍െറ സാന്ദ്രരൂപങ്ങളെ രീതിയിലും ഉള്ളടക്കത്തിലും തിരസ്കരിച്ച കലാപകാരിയായി തലമുറകളെ പ്രചോദിപ്പിച്ച നിറസാന്നിധ്യമാണ് ഇല്ലാതായത്. അറുപതുകളുടെ, എഴുപതുകളുടെ, എണ്‍പതുകളുടെ, തൊണ്ണൂറുകളുടെ വ്യസനങ്ങളെ, രോഷങ്ങളെ, സംഘര്‍ഷങ്ങളെ, പ്രത്യാശകളെ അനായാസമായി ലാവണ്യവത്കരിച്ച പേനയാണ് ചലനമറ്റത്. എങ്കിലും ഒരു കാര്യം ഉറപ്പിച്ചുപറയാന്‍ കഴിയും. വായനകളുടെയും പുനര്‍വായനകളുടെയും ലോകത്ത് ഇനിയും ഏറെനാള്‍ മഹാശ്വേത ദേവി നമ്മോടൊപ്പവും വരുംതലമുറകള്‍ക്കൊപ്പവും ഉണ്ടാവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.