ഓട്ടിസം എന്ന വ്യത്യസ്തത

മനുഷ്യരാശിക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരെല്ലാം വ്യത്യസ്തമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തവരാണ്.  ശാസ്ത്രജ്ഞന്മാര്‍, ചിന്തകര്‍, സാമൂഹികപരിഷ്കര്‍ത്താക്കള്‍ തുടങ്ങിയവരുടെ ജീവിതം പരിശോധിച്ചാല്‍ ഇത് ബോധ്യപ്പെടുന്നതാണ്.  ഓട്ടിസത്തിന്‍െറ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരായി കണ്ടത്തെിയിട്ടുണ്ട്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍, ശ്രീനിവാസ രാമാനുജന്‍, ബീഥോവന്‍, ലിയാനാഡോ ഡാവിന്‍ഞ്ചി, മൈക്കല്‍ ഫെല്‍പ്സ്, മാജിക് ജോണ്‍സണ്‍ തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍മാത്രം.

‘ഓട്ടിസം’ മസ്തിഷ്കപ്രവര്‍ത്തനങ്ങളുടെ വ്യത്യസ്തതയാണ്.  അതുകൊണ്ട്  ഓട്ടിസക്കാര്‍ വ്യത്യസ്തമായി ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരും കലാപരമായും ബുദ്ധിപരമായും ഏറെ കഴിവുള്ളവരുമാണ്. സാധാരണക്കാരില്‍നിന്ന് വ്യത്യസ്തമായ ചിന്താശക്തിയും ഓര്‍മശക്തിയും താല്‍പര്യവുമുള്ള വിഷയങ്ങളില്‍ വളരെയേറെ സമയം ശ്രദ്ധിക്കാനും നിരീക്ഷിക്കാനുമുള്ള പാടവവുമാണ് ഇവരെ ഇത്തരം പ്രതിഭകളാക്കുന്നത്.  ഒരു സാധാരണ മനുഷ്യമസ്തിഷ്കത്തിന് ഒരു സെക്കന്‍ഡില്‍ ശരാശരി 25 തവണ ഡാറ്റ പ്രോസസ് ചെയ്യാന്‍ സാധിക്കുമ്പോള്‍ ഓട്ടിസമുള്ള കുട്ടിക്ക് അത് സെക്കന്‍ഡില്‍ 25,000 തവണവരെ സാധിക്കുന്നതായി കണ്ടത്തെിയിട്ടുണ്ട്.  ഓട്ടിസക്കാരെ വ്യത്യസ്തരാക്കുന്ന പല സ്വഭാവ സവിശേഷതകളും തലച്ചോറിലെ നാഡീവ്യൂഹങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളുടെ പ്രത്യേകതകള്‍കൊണ്ടും അപര്യാപ്തത കൊണ്ടും നാഡീസംവേദന നിയന്ത്രണ സംവിധാനത്തിന്‍െറ അഭാവംകൊണ്ടും സംഭവിക്കുന്നതാണ്. നാഡീസംവേദന സംവിധാനത്തിലെ അപര്യാപ്തതകള്‍ വന്‍തോതിലുള്ളവര്‍ രോഗതുല്യമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെന്നുവരാം.
തലച്ചോറിലെ ആശയവിനിമയ കേന്ദ്രത്തിന്‍െറ പ്രത്യേകത കൊണ്ടുതന്നെ ഓട്ടിസക്കാര്‍ ആശയവിനിമയത്തിനും സാമൂഹികമായ ഇടപെടലുകള്‍ക്കും പൊതുവെ വിമുഖരും അനാവശ്യ ആശയവിനിമയത്തിലും കപട സാമൂഹികബന്ധങ്ങളിലും താല്‍പര്യമില്ലാത്തവരുമാണ്. ഇത്തരം കുട്ടികള്‍ അധികവും ഒറ്റക്ക് കളിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്.  ഇവരുമായി വളരെ ക്ഷമാപൂര്‍വം ചങ്ങാത്തത്തിലാവുകയും അവരുടെ അനുവാദത്തോടും താല്‍പര്യത്തോടും കൂടിതന്നെ കളികളിലേര്‍പ്പെടുകയും കുട്ടികളെ സ്വാഭാവികതയില്‍ വളരാന്‍ അനുവദിക്കുകയും ചെയ്യുന്നതിലൂടെ അവരുടെ ആശയവിനിമയശേഷിയും സാമൂഹികമായി ഇടപെടാനുള്ള കഴിവുകളും മെച്ചപ്പെടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇന്ദ്രിയാനുഭൂതികളാണ് തലച്ചോറിന്‍െറ ഭക്ഷണം. ഓട്ടിസക്കാരുടെ പ്രകടമായ പലസ്വഭാവങ്ങള്‍ക്കും പ്രത്യേക രീതിയിലുള്ള ചേഷ്ടകള്‍ക്കും കാരണം ഇന്ദ്രിയാനുഭൂതികളിലെ സംവേദനക്ഷമതയുടെ ഏറ്റക്കുറച്ചിലുകളാണ്. ഉദാഹരണത്തിന് കാഴ്ചയില്‍ കുറഞ്ഞ സംവേദനക്ഷമതയുള്ള കുട്ടി വെളിച്ചം കൂടുതലായി ഇഷ്ടപ്പെടുന്നു.  ഇത്തരം കുട്ടികള്‍ ഉരുണ്ടതും കറങ്ങുന്നതുമായ വസ്തുക്കളിലും (ഫാന്‍, വാഹനങ്ങളുടെ ചക്രം), മിന്നിത്തെളിയുന്ന ലൈറ്റുകളിലും ടി.വി പരസ്യങ്ങളിലും മറ്റും വളരെയധികം സമയം നോക്കിനില്‍ക്കുന്നതായി കാണാറുണ്ട്.  ഇത്തരക്കാര്‍ മേല്‍ പറഞ്ഞ വസ്തുക്കളുടെ അഭാവത്തില്‍ സ്വന്തം കൈകളോ ശരീരംതന്നെയോ പ്രത്യേക രീതിയില്‍ ചലിപ്പിച്ച് അവരുടെ ഇന്ദ്രിയങ്ങളുടെ ആവശ്യം നിറവേറ്റാറുണ്ട്.  നേരേമറിച്ച് കാഴ്ചയില്‍ കൂടിയ സംവേദന ക്ഷമതയുള്ളവര്‍ക്ക് വെളിച്ചത്തിലേക്കും മറ്റുള്ളവരുടെ മുഖത്തേക്കുപോലും നോക്കുന്നത് അസഹനീയമായിട്ടാണ് അനുഭവപ്പെടുന്നത്.  ഇത്തരക്കാര്‍ വെളിച്ചം കുറഞ്ഞ സ്ഥലങ്ങളില്‍ കഴിഞ്ഞുകൂടാന്‍ ഇഷ്ടപ്പെടുന്നു.

 സന്ധികളില്‍ കുറഞ്ഞ സംവേദനക്ഷമതയുള്ളവര്‍ വളരെയധികം സമയം ഓടാനും ചാടാനും കളിക്കാനും ഇഷ്ടപ്പെടുന്നു.  ഇത്തരക്കാര്‍ കുറെ സമയം ഒരേ സ്ഥലത്തു തന്നെ ഇരിക്കാന്‍ താല്‍പര്യപ്പെടാറില്ല.ഇത്തരക്കാരെ ശ്രദ്ധയില്ലാത്തവരായും വികൃതികൂടുതലുള്ളവരായും തെറ്റിദ്ധരിച്ച് ഹൈപര്‍ ആക്ടിവിറ്റി ഗണത്തില്‍ ഉള്‍പ്പെടുത്തി അനാവശ്യമരുന്നുകള്‍ നല്‍കുന്നതായി കണ്ടുവരുന്നുണ്ട്.  ഇത്തരം കുട്ടികളെ കൂടുതല്‍സമയം ഓടാനും നടക്കാനും കളിക്കാനും വിടുന്നതിലൂടെതന്നെ ഇവരുടെ ശ്രദ്ധയും സ്വഭാവവും മാറ്റിയെടുക്കാന്‍ സാധിക്കും.

സ്പര്‍ശനത്തില്‍ കൂടുതല്‍ സംവേദന ക്ഷമതയുള്ളവര്‍ മറ്റുള്ളവര്‍ തൊടുന്നതും അടുത്തിടപഴകുന്നതും ഇഷ്ടപ്പെടാത്തവരും ഭക്ഷണവും മറ്റും കൈകളിലാവാന്‍ ഇഷ്ടമില്ലാത്തവരുമാണ്. ഇവര്‍ക്ക് മുടിയും നഖവും വെട്ടുന്നതും പല്ല് ബ്രഷ് ചെയ്യുന്നതുപോലും അസഹനീയമായിട്ടാണ് അനുഭവപ്പെടുന്നത്.  അതേസമയം, സ്പര്‍ശനത്തില്‍ കുറഞ്ഞ സംവേദനക്ഷമതയുള്ളവര്‍ മറ്റുള്ളവരുമായി വളരെ അടുത്തിടപഴകാനും കെട്ടിപ്പിടിക്കാനും താല്‍പര്യമുള്ളവരും ഇടുക്കമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരുമാണ്.

 ഇത്തരത്തില്‍ ഓട്ടിസക്കാരുടെ സ്വഭാവത്തിലെ ഓരോ പ്രത്യേകതകള്‍ക്കും കൃത്യമായ കാരണവുമുണ്ട്.  ഈ കാരണങ്ങള്‍ കണ്ടത്തൊന്‍ കഴിയാതെ അവരുടെ ഇന്ദ്രിയങ്ങളുടെ ആവശ്യം കണക്കിലെടുക്കാതെയും അവരുടെ അന്തസ്സിനെ കളങ്കപ്പെടുത്തിയുമുള്ള സമീപനങ്ങളും തെറപ്പി രീതികളും അവരുടെ ആത്മവിശ്വാസം ചോര്‍ത്തുകയും താന്‍ ഈ സമൂഹത്തിന് ചേര്‍ന്നതല്ല എന്നൊരു തോന്നല്‍ ഉളവാക്കുകയും ചെയ്യുന്നു. ഈ ഒരു നിരാശയില്‍ നിന്നാണ് വാശി, ആക്രമണസ്വഭാവം എന്നിവ ഉള്‍പ്പെടെയുള്ള മനോരോഗമാണെന്ന് തെറ്റിദ്ധരിക്കപ്പെടുന്ന തരത്തിലുള്ള സ്വഭാവസവിശേഷതകള്‍ തുടങ്ങുന്നത്.  കുട്ടികളുടെ കുറവുകള്‍ക്കു പിന്നാലെ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ ശക്തികളില്‍ കേന്ദ്രീകരിച്ചും താല്‍പര്യങ്ങള്‍ പരിഗണിച്ചുമുള്ള രീതികളാണ് അവലംബിക്കേണ്ടത്.  
  മറുഭാഗത്ത് ഓട്ടിസത്തിന് മരുന്ന് ഉപയോഗിച്ചുള്ള ചികിത്സക്ക് പ്രസക്തിയില്ല എന്നറിഞ്ഞുകൊണ്ടുതന്നെ അനാവശ്യമായ മരുന്നുകള്‍ കുറിക്കുകയും ബ്രെയിന്‍വേവ് തെറപ്പി, കീലേഷന്‍ തെറപ്പി, ഹിപ്നോ തെറപ്പി, സ്റ്റെം സെല്‍ തെറപ്പി, മിഡ് ബ്രെയിന്‍ തെറപ്പി തുടങ്ങിയവയിലൂടെ ഓട്ടിസം പൂര്‍ണമായി ചികിത്സിച്ചു മാറ്റാമെന്ന് മോഹനവാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നവരും ഉണ്ട്.  ഓട്ടിസം  രക്ഷാകര്‍ത്താക്കളുടെ ബോധവത്കരണത്തിലൂടെയും രക്ഷാകര്‍തൃ കൂട്ടായ്മകള്‍ ശക്തിപ്പെടുന്നതിലൂടെയും ഒരു           പരിധിവരെ തടയിടാന്‍ കഴിയും.  

മിക്ക ഓട്ടിസം കുട്ടികളുടെ കുടുംബവും തെറപ്പി സെന്‍ററുകളുടെ അടിമകളായി മാറിയ അവസ്ഥ പരിതാപകരമാണ്.   ഇത് തെറപ്പിയുടെയും ചികിത്സയുടെയും നിഗൂഢവത്കരണത്തിലൂടെയാണ് സംഭവിക്കുന്നത്.  ഇതിനുവേണ്ടി ഒട്ടുമിക്ക തെറപ്പി സെന്‍ററുകളിലും തെറപ്പി സമയത്ത് രക്ഷിതാക്കള്‍ക്ക് പ്രവേശം അനുവദിക്കാറില്ല. ഓട്ടിസം കുട്ടികളുടെയും രക്ഷിതാക്കളുടെയും ഒരു വഴികാട്ടി  എന്നുള്ള നിലയിലാണ് ഒരു തെറപ്പിസ്റ്റ് പ്രവര്‍ത്തിക്കേണ്ടത്.  വ്യത്യസ്തത എന്നത് പ്രകൃതിനിയമമാണ്. മൃഗങ്ങളിലും സസ്യലതാതികളിലും സൂക്ഷ്മജീവികളില്‍പോലും ഇത് വ്യക്തമായി ദൃശ്യമാണ്. വ്യത്യസ്തമായ ചിന്തകളെയും ആശയങ്ങളെയും രീതികളെയും അംഗീകരിക്കുക എന്നുള്ളത് ഒരു പരിഷ്കൃത സമൂഹത്തിന്‍െറ ലക്ഷണമാണ്. വ്യത്യസ്തതകളോട് പുറംതിരിഞ്ഞുനില്‍ക്കാതെ ഓട്ടിസം ഒരു വ്യത്യസ്തത മാത്രമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള, സഹാനുഭൂതിയോടുകൂടിയുള്ള സഹവര്‍ത്തിത്വവും സമീപനവുമാണ് ഓട്ടിസംകുട്ടികളും രക്ഷാകര്‍ത്താക്കളും പൊതുസമൂഹത്തില്‍നിന്ന്  പ്രതീക്ഷിക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.