സഹിഷ്ണു

സര്‍വംസഹയായ ഭൂമി എന്നൊക്കെ നാം പറയാറുണ്ടല്ളോ. എന്തും സഹിക്കാനുള്ള ശേഷിയുള്ളതുകൊണ്ടാണ് ഭൂമിയെപ്പറ്റി അങ്ങനെയൊക്കെ പറയുന്നത്. പക്ഷേ, ഭൂമിയെക്കൊണ്ട് എല്ലാം സഹിപ്പിക്കുന്ന മനുഷ്യന് സഹനശേഷി നന്നേ കുറവാണ്. സഹജീവികളെപ്പോലും സഹിക്കാനുള്ള ശേഷി മനുഷ്യനില്ല. അവര്‍ അല്ലലില്ലാതെ ജീവിക്കുന്നത് കാണാനുള്ള സഹനശീലം തെല്ലുമില്ല. മതത്തിന്‍െറയും രാഷ്ട്രീയത്തിന്‍െറയുമൊക്കെ പേരുപറഞ്ഞ് അസഹിഷ്ണുക്കളായി അന്യോന്യം വെട്ടിമരിക്കുന്നതാണ് ഈ ഭൂമിയിലെ മനുഷ്യന്‍െറ പ്രധാന ഹോബി. അങ്ങനെയിരിക്കെ ആമിര്‍ ഖാന്‍ എന്ന സിനിമാ നടന്‍ നാട്ടില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയെപ്പറ്റി ആശങ്കപ്പെട്ടു. സാധാരണഗതിയില്‍ നമ്മുടെ നടന്മാര്‍ നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ ഒട്ടും ആശങ്കപ്പെടാറില്ല. ഇരയാക്കപ്പെട്ട മനുഷ്യന്‍െറ പക്ഷത്തുനിന്നാല്‍ വേട്ടക്കാരുടെ കൂട്ടത്തിലെ ഫാന്‍സ് തങ്ങളെ കൈയൊഴിയുമോ, അതുവഴി തിയറ്ററില്‍ ആളൊഴിയുമോ എന്നൊക്കെയാണല്ളോ അവരുടെ ആശങ്ക. ആമിര്‍ ഖാന്‍ വേറെ ഒരു ജനുസ്സില്‍പെട്ട നടനാണ്. അറുപതു വയസ്സുവരെ നിത്യകാമുകനായി മരംചുറ്റിപ്രേമം നടത്തേണ്ടെന്ന് തീരുമാനിച്ചവന്‍. സിനിമകളുടെ എണ്ണത്തിലല്ല നിലവാരത്തിലാണ് കാര്യമെന്ന് തെളിയിച്ച നടന്‍. സാമൂഹികപ്രശ്നങ്ങളില്‍ ഇടപെടാന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചു. ബോളിവുഡിന്‍െറ വര്‍ണാഭമായ മസാലത്തിരശ്ശീലയിലെ വേറിട്ട മുഖമായി. ആര്‍പ്പുവിളിക്കുന്ന ഫാന്‍സ് മാത്രമല്ല ആരാധിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടില്‍ അസഹിഷ്ണുത പെരുകുന്നുവെന്ന് ആമീര്‍ ഖാന്‍ പറയുമ്പോള്‍ ആ പറച്ചിലിന് ആഴവും പരപ്പും ഏറും.
നയന്‍താര സെഗാളോ സച്ചിദാനന്ദനോ പറയുന്നതുപോലെയല്ല ആമീര്‍ പറയുന്നത്. വാക്കുകളുടെ ലോകത്തെ മഹാമനീഷികള്‍ പറയുന്നതിന് ചെവിയോര്‍ക്കുന്നത് അവരെ തിരിച്ചറിയുന്നവര്‍ മാത്രം. അത് ഒരു സൂക്ഷ്മ ന്യൂനപക്ഷം. അവരെ വായിക്കുന്നവര്‍ക്കും ആരാധിക്കുന്നവര്‍ക്കും അവരുടെ അതേ നിലപാടാണ്. ആമീര്‍ ഖാന്‍െറയോ ഷാറൂഖ് ഖാന്‍െറയോ കാര്യം അങ്ങനെയല്ല. പല വിശ്വാസപ്രമാണങ്ങളെ മുറുകെപ്പിടിക്കുന്നവരുണ്ട് അവരുടെ ആരാധനാവൃന്ദത്തില്‍. ആമിര്‍ ഖാന്‍െറ ഓരോവാക്കും ചെന്നുവീണത് ആ വലയത്തിന്‍െറ വിപുലമായ വിതാനങ്ങളിലാണ്. ആമിര്‍ അതുപറഞ്ഞിട്ടും പലര്‍ക്കും ബോധ്യംവന്നില്ല, ഇയാള്‍ പറയുംപോലെ അസഹിഷ്ണുത നാട്ടിലുണ്ടോ എന്ന്. അപ്പോള്‍ അതാവരുന്നു കൊലവിളി. ആമിര്‍ ഖാന്‍െറ മുഖത്തടിക്കുന്നവന് ശിവസേനയുടെ വക ഒരുലക്ഷം രൂപ സമ്മാനം. ഇന്ത്യ സുരക്ഷിതമല്ളെന്ന് ഒരിക്കല്‍കൂടി പറഞ്ഞാല്‍ ആമിറിനെ കൊല്ലുമെന്ന് രാജ് താക്കറേയുടെ ഭീഷണി. അപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി ആമിര്‍ പറഞ്ഞ അസഹിഷ്ണുത നാട്ടിലുണ്ടെന്ന്. പറഞ്ഞതില്‍നിന്ന് പിന്മാറുന്നവനല്ല ആമിര്‍. തിരുത്തുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് രവീന്ദ്രനാഥടാഗോറിന്‍െറ ഒരു പ്രാര്‍ഥന ചൊല്ലിക്കൊടുത്തു: ‘എവിടെ നിര്‍ഭയമാകുന്നു മാനസം, എവിടെ നില്‍ക്കുന്നു ശീര്‍ഷം സമുന്നതം, എവിടെ വിജ്ഞാനം പൂര്‍ണസ്വതന്ത്രമായി അവികലമായ് വിരാജിപ്പു നിത്യവും, മുക്തി തന്‍െറയാ സ്വര്‍ഗരാജ്യത്തിലേക്കെന്‍െറ നാടൊന്നുണരണേ ദൈവമേ...’’
പെട്ടെന്നൊരുനാള്‍ ആക്ടിവിസ്റ്റായതല്ല. അമ്പതാംവയസ്സില്‍ തോന്നിയ മാനസാന്തരവുമല്ല. മോദിക്കെതിരെ ഏറ്റവും ശക്തമായി നിലകൊണ്ടത് 2005ല്‍. ഗുജറാത്ത് വംശഹത്യയുടെ പേരില്‍ നരേന്ദ്ര മോദിക്കുള്ള വിസ അമേരിക്ക നിഷേധിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭയില്‍ അദ്ദേഹത്തിന് അനുകൂലമായി സ്വീകരിച്ച നിലപാടിനെതിരെ ശബ്നം ഹാഷ്മിയുടെ നേതൃത്വത്തില്‍ തയാറാക്കിയ പൊതുപരാതിയില്‍ ഒപ്പിട്ട ആദ്യവ്യക്തിയാണ്. ഭോപാല്‍ വാതകദുരന്തത്തിലെ ഇരകളെ മധ്യപ്രദേശ് സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്ന് തുറന്നടിച്ചത് 2006ല്‍. നര്‍മദാ അണക്കെട്ടിന്‍െറ ഉയരമുയര്‍ത്തുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്ന ഗോത്രവര്‍ഗജനതക്കുവേണ്ടി മേധാ പട്കര്‍ക്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നിലകൊണ്ടു. അന്ന് പ്രതിസ്ഥാനത്ത് നിര്‍ത്തിയത് ഗുജറാത്ത് സര്‍ക്കാറിനെയും മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും. അതോടെ നാടുമുഴുവന്‍ അക്രമാസക്തമായ പ്രകടനങ്ങള്‍ നടന്നു. ആമിര്‍ നായകനായ ‘ഫനാ’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കേണ്ടതില്ല എന്നുവരെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു സംസ്ഥാനത്ത് പടം ഓടാതിരുന്നാല്‍ സാമ്പത്തിക നഷ്ടമുണ്ടാവില്ളേ എന്ന ചോദ്യത്തിന് അതിനേക്കാള്‍ വലിയനഷ്ടം നര്‍മദാ അണക്കെട്ടുകൊണ്ട് പാവപ്പെട്ട ജനങ്ങള്‍ക്കുണ്ടാവും എന്നായിരുന്നു ആമിറിന്‍െറ മറുപടി. 2012ല്‍ പെണ്‍ ഭ്രൂണഹത്യ നടത്തുന്ന 100 ഡോക്ടര്‍മാരെ ‘സത്യമേവ ജയതേ’ എന്ന ടി.വി പരിപാടിയിലൂടെ തുറന്നുകാട്ടി. ആരോഗ്യരംഗത്തെ കെടുകാര്യസ്ഥത വെളിപ്പെടുത്തിയപ്പോള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വരെ ആമിറിനെ ശത്രുവായി പ്രഖ്യാപിച്ചു. മാപ്പുപറയണമെന്ന ഐ.എം.എയുടെ ആവശ്യം ആമിര്‍ തള്ളിക്കളഞ്ഞു. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ തലപ്പത്ത് ഗജേന്ദ്ര ചൗഹാന്‍ എന്ന, മൂന്നാംകിട മസാലപ്പടങ്ങളില്‍ വേഷമിട്ട നടനെ ബി.ജെ.പി അനുഭാവി എന്ന ഒറ്റക്കാരണത്താല്‍ നിയോഗിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കഴിഞ്ഞ സെപ്റ്റംബറില്‍ ശക്തമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ചെട്ടുമാസമായി പുതിയ സെന്‍സര്‍ ബോര്‍ഡ് അനാവശ്യമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുവെന്ന് രാംനാഥ് ഗോയങ്കെ മാധ്യമ അവാര്‍ഡ് ദാനച്ചടങ്ങില്‍ തുറന്നടിച്ചു. ജയിംസ്ബോണ്ട് ചിത്രമായ ‘സ്പെക്ടറി’ല്‍ ചുംബനരംഗം മുറിച്ചുമാറ്റിയതിന്‍െറ പശ്ചാത്തലത്തിലായിരുന്നു ഈ അഭിപ്രായപ്രകടനം. ഇങ്ങനെ താന്‍ ജീവിക്കുന്ന സമൂഹത്തിന്‍െറ വിവിധ തലങ്ങളില്‍ ഇടപെടുന്നതിന്‍െറ തുടര്‍ച്ചയാണ് ആമിറിന്‍െറ പുതിയ പ്രസ്താവന. അത് പെട്ടെന്നുണ്ടായ വെളിപാടല്ല.
അദ്ഭുത ഇന്ത്യ, അവിശ്വസനീയ ഇന്ത്യ എന്നൊക്കെ പറഞ്ഞു നടക്കേണ്ടയാളാണ്. ‘ഇന്‍ക്രഡിബിള്‍ ഇന്ത്യ’യുടെ ബ്രാന്‍ഡ് അംബാസഡര്‍. അയാളാണ് പറയുന്നത് അസഹിഷ്ണുതയുടെ ഇന്ത്യയാണ് ഇതെന്ന്. ആമിര്‍ ഖാന്‍ പറയുന്നതിനെ അഭിമുഖീകരിക്കാതെ അസഹിഷ്ണുതയോടെ അദ്ദേഹത്തിന്‍െറ അഭിപ്രായങ്ങളെ നേരിടുകയാണ് ബി.ജെ.പി ഭരണകൂടം. ഇന്ത്യന്‍ ടൂറിസത്തിന്‍െറ മാത്രമല്ല കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കാനുള്ള യൂനിസെഫ് പ്രചാരണത്തിന്‍െറ കൂടി ബ്രാന്‍ഡ് അംബാസഡറാണ്. ലോകത്ത് ഏറ്റവുമധികം സ്വാധീനംചെലുത്തുന്ന 100 വ്യക്തികളിലൊരാള്‍ എന്ന് ടൈം മാഗസിന്‍ വിധിയെഴുതിയത് 2013ല്‍.
1965ല്‍ സീനത്ത് ഹുസൈന്‍െറയും താഹിര്‍ ഹുസൈന്‍െറയും മകനായി മുംബൈയില്‍ ജനനം. 1973ല്‍ ബാലതാരമായി ബോളിവുഡില്‍ അരങ്ങേറ്റം. ദില്‍, രാജാ ഹിന്ദുസ്ഥാനി, സര്‍ഫരോഷ് തുടങ്ങിയ വിജയചിത്രങ്ങള്‍ക്കുശേഷം കളംമാറ്റിച്ചവിട്ടി. കലാമൂല്യവും സാമൂഹികപ്രസക്തിയുമുള്ള ചിത്രങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ലഗാന്‍, രംഗ്ദേ ബസന്തി, താരേ സമീന്‍പര്‍, ത്രീ ഇഡിയറ്റ്സ്, പി.കെ എന്നീ ചിത്രങ്ങള്‍ അങ്ങനെ പിറന്നവ. വിശ്വാസചൂഷണത്തെ പരിഹസിക്കുന്ന ‘പി.കെ’ 700 കോടി വാരി. 1986ല്‍ റീന ദത്തയെ വിവാഹം കഴിച്ചു. 2002ല്‍ വിവാഹമോചനം. 2005ല്‍ കിരണ്‍ റാവു ഭാര്യയായി. മൂന്നു മക്കള്‍. ജുനൈദ് ഖാന്‍, ഇറാ ഖാന്‍, ആസാദ് റാവു ഖാന്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.