കോഴയിൽ വഴുതുന്ന കേരളം

കെ.എം. മാണി തെൻറ കൈയിൽ നിന്നും കോഴ വാങ്ങിയതായി ആരും ഇതുവരെ പറഞ്ഞിട്ടില്ല. ഒരു മദ്യവ്യാപാരിയുടെ കൈയിൽ നിന്നും കോഴ വാങ്ങിയതായി ആ മദ്യവ്യാപാരി തന്നോടു പറഞ്ഞുവെന്ന ബിജു രമേശിെൻറ മൊഴിയിന്മേലാണ് വിജിലൻസ് കേസ്. മാണിക്കു കോഴ താൻ നൽകിയെന്ന് ആരെങ്കിലും വിജിലൻസിനുമുന്നിൽ നേരിട്ടു പറഞ്ഞതായി ഒരു രേഖയും പറയുന്നില്ല. എന്നിട്ടും അന്വേഷണം നടന്നു. മാണിയെ എഫ്.ഐ.ആറിൽ ഉൾപെടുത്തുകയും ചെയ്തു. കേസിൽ മാണിയെ പേരെടുത്ത് വിജിലൻസ് കോടതി വിമർശിച്ചില്ല. ഹൈകോടതിയും മാണിയെ നേരിട്ട് ഒന്നും പറഞ്ഞില്ല. സീസറുടെ ഭാര്യ സംശയാതീതയായിരിക്കണമെന്നു പറഞ്ഞതിൽ മാണിയുടെ പേരു വരുന്നില്ല,   ഉദ്ദേശിച്ചത് അതുതന്നെയാണെങ്കിലും.

എന്നാൽ, കെ.ബാബുവിെൻറ സ്ഥിതി അതല്ല. ബാബുവിനു താൻ നേരിട്ടു കോഴ നൽകിയതായി മദ്യവ്യവസായിയായ  ബിജു രമേശ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. ഒരു കോടി രൂപ താൻ രണ്ടു തവണയായി സെക്രട്ടേറിയറ്റിൽ കൊണ്ടുവന്ന് നേരിട്ടു നൽകിയെന്ന് ബിജു പറയുന്നു. മൊത്തം ഇരുപതു കോടിയാണത്രെ, കോഴപ്പണം. അതാർക്കൊക്കെ പോയെന്ന കഥകൾ പിന്നാലെ വന്നേക്കാം. ഇങ്ങനെ ഒരു കോടി വാങ്ങിയെന്നു ബിജു പറയുന്ന ബാബുവിനെ വെറുതെവിട്ട് തന്നെ രാജിവെപ്പിച്ച ഉമ്മൻ ചാണ്ടിയെ മാണി വെറുതെ വിടുമോ?  ഒരു സാധ്യതയും ഇല്ല.  മാണിക്കു പിന്നാലെ ബാബുവും പോകേണ്ടിവരും. അത് ഇന്നോ നാളെയോ എന്നതിലേ തർക്കമുള്ളൂ. ബാബു പോയാൽ തൽക്കാലം മാണിയുടെ വൈഷമ്യം തീർന്നേക്കാം. പക്ഷേ, പ്രശ്നം പിന്നെയും വരാനിരിക്കുന്നതേയുള്ളൂ. ആരാ ബാബു? ഉമ്മൻ ചാണ്ടിയുടെ മനസ്സാക്ഷി സൂക്ഷിപ്പാണ് പ്രധാന പണി. ബിജു രമേശന്മാരെ കാണൽ സൈഡ് ബിസിനസ് മാത്രം. ഇടക്കിടെ മന്ത്രിപ്പണിയും ഒരു തമാശക്ക് നോക്കും. ആ ബാബു പുറത്തുപോകേണ്ടി വന്നാൽ ചൂണ്ടുവിരൽ ഉയരുന്നത് ഉമ്മൻ ചാണ്ടിയുടെ നേരെയാകും. ഉത്തരം പറയേണ്ടത് മുഖ്യമന്ത്രിയാണ്. ബാബു വാങ്ങിയതായി പറയപ്പെടുന്ന പണം ബാബുവിെൻറ പോക്കറ്റിൽ വീണുവെന്ന് പ്രധാന ശത്രുക്കളായ രമേശ് ഗ്രൂപ്പുകാർ പോലും പറയില്ല. വാങ്ങിയിട്ടുണ്ടെങ്കിൽ അത് ഗ്രൂപ്പുചെലവുകൾക്കും അനുസാരികൾക്കുമാകുമെന്നാകും അടുത്ത സംസാരം. അപ്പോൾ മറുപടി പറയേണ്ടിവരിക, ഉമ്മൻ ചാണ്ടി ഗ്രൂപ്പിലെ മറ്റു ലെഫ്റ്റനൻറുമാരാകും.  ആരോപണം ചങ്ങലപോലെ നീട്ടാൻ ഇതൊക്കെ പോരേ? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ഇതു വിട്ടിട്ടു വി.എസിനു മറ്റു കേസുകൾ നടത്താൻ സമയം തികയാതെ വരും.

മന്ത്രിസഭയുടെ ആദ്യ രണ്ടുവർഷം എന്തു ശാന്തസുന്ദരമായിരുന്നു. ഓരോ മന്ത്രിക്കും അവരുടെ വകുപ്പുകൾ സ്വന്തം സാമ്രാജ്യങ്ങൾ ആയിരുന്നു. കോൺഗ്രസ് മന്ത്രിമാർക്കു മാത്രമല്ല, ഘടകർക്കും പൂർണ സ്വാതന്ത്ര്യമാണ് ഉമ്മൻ ചാണ്ടി നൽകിയത്. ഭരണതലത്തിൽ നടക്കുന്ന ദുർവാസനകൾ ചൂണ്ടിക്കാട്ടുന്നവർക്കെതിരെ മാത്രമാണ് കേസുകൾ വന്നത്. എന്തിന്, സർക്കാർ സംവിധാനങ്ങൾ ഇ–മെയിൽ ചോർത്തിയത് ചൂണ്ടിക്കാട്ടിയതുപോലും വലിയ കുറ്റമായാണ് വ്യാഖ്യാനിക്കപ്പെട്ടത്. പിന്നെ കേസും പുക്കാറുമായി. അതിനിടെ കോഴക്കേസുകൾ പലതുവന്നു. ഭരിക്കുന്നവരുടെ അതിക്രമങ്ങൾ പലതും അക്കൗണ്ടൻറ് ജനറലും വിജിലൻസിലെ ചില ഉദ്യോഗസ്ഥന്മാരും ചൂണ്ടിക്കാട്ടി. ആവക ഉദ്യോഗസ്ഥന്മാർക്ക് പിന്നെ നല്ല സീറ്റിലൊന്നും ഇരിക്കേണ്ടി വന്നിട്ടില്ല. അവസാനമായി ഡി.ജി.പി ജേക്കബ് തോമസിനുവരെ. അതാണ് ഉമ്മൻ ചാണ്ടി സ്റ്റൈൽ.
അങ്ങനെ സർക്കാർ വേണ്ടത്ര വിഭവ സമാഹരണവുമായി മുന്നോട്ടു പോകവേ, പ്രധാന പ്രജകളായ വികസനപ്രമുഖരും കള്ളുവ്യവസായികളും ക്വാറി ഉടമകളും വനം കൈയേറ്റക്കാരും ബിൽഡർമാരും എസ്റ്റേറ്റുകാരും റിയൽ എസ്റ്റേറ്റുകാരും എല്ലാം വിവിധ ആർഭാടാഡംഭരങ്ങളോടെ കള്ളവും ചതിയും അസുരന്മാരായ പാവങ്ങളോടു മാത്രം കാട്ടി സസുഖം വാണുവന്നു. 

അതിനിടെയാണ്, ഒരു കട്ടുറുമ്പ് ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ടത്. രമേശ് ചെന്നിത്തല ആഭ്യന്തരം ഏറ്റെടുത്തതുവഴി മുന്നിൽനിന്നു പ്രഹരമേറ്റ ‘എ’ക്കാർക്ക് പിന്നിൽനിന്നുള്ള ഇരുട്ടടിയായി കട്ടുറുമ്പിെൻറ വരവ്. കെ.പി.സി.സി.ആസ്ഥാനത്ത് അവരോഹിതനായ ഈ സ്വർഗ വിരോധി, ആദ്യം ചെയ്തത് പ്രധാന പ്രജകളായ അബ്കാരികളുടെ കഴുത്തിനു കടിക്കുക എന്നതായിരുന്നു. പിന്നെ, ക്വാറികളുടെയും നേരെ തിരിഞ്ഞതോടെ പ്രസിഡൻറിനെ ഒതുക്കുക എന്ന പൊതു മിനിമം പരിപാടിയായി, ഭരണപക്ഷത്തെ പ്രധാന ജോലി. കുറെയാക്കെ അതു വിജയിക്കുകയും ചെയ്തു. എന്നാൽ, മദ്യപ്രജകളുടെ അന്നം മുടങ്ങി. കൊടുത്ത കാശിനു പകരമായി ഒരു നന്ദിപോലും കിട്ടില്ലെന്നായി. അതിനിടെ എതിർപക്ഷത്തു മുഖ്യമന്തിപദം മോഹിച്ചു എന്ന ഒരൊറ്റ കുസൃതി മാത്രമാണ് മാണിസാറിെൻറ ഭാഗത്തുനിന്നുണ്ടായ തെറ്റ്. തങ്ങളുടെ വയറ്റത്തടിച്ചതിൽ മദ്യലോബിക്കുണ്ടായ ഏനക്കേട് മാണിസാറിനെതിരെ തിരിച്ചുവിടാനാണ്, ഭരണ ചാണക്യന്മാർ പിന്നെ തുനിഞ്ഞത്. അതുവഴി സർക്കാറിനുണ്ടായ നേട്ടം രണ്ടായിരുന്നു. മാണിസാർ മുന്നണിയിൽ ഉറച്ചു. പിന്നെ, മദ്യലോബിയുടെ പ്രധാന ശത്രുപദം മാണിക്കു ചാർത്താനുമായി. പക്ഷേ, മാണിക്കെതിരെ കുടത്തിൽ നിന്നു പുറത്തിറക്കിയ അബ്കാരി ഭൂതങ്ങളെ അടക്കാൻ പിന്നെ ഭരണ തുന്തരന്മാർക്കു കഴിഞ്ഞില്ലെന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.

കേന്ദ്രത്തിൽ നിന്നു കെട്ടിയിറക്കിയ പ്രസിഡൻറില്ലായിരുന്നെങ്കിൽ, ഭരണതലം പ്രശാന്തമായി തുടരുമായിരുന്നെന്നു കരുതുന്നവരാണ് ഭരണസാരഥികൾ എല്ലാം തന്നെ. ആദ്യം രഹസ്യമായി അവർ ഇതു പറഞ്ഞിരുന്നു. ഇപ്പോൾ മാണിസാറിനെ സമാധാനിപ്പിക്കാനും ഇതുതന്നെയാണ് പല്ലവി. പക്ഷേ, കുടത്തിൽ നിന്ന് പുറത്തുവന്ന ഭൂതം അടങ്ങുന്നമട്ടില്ല. അതിപ്പോൾ ബാബുവിനെതിരെ പല്ലിളിച്ചു നിൽക്കുന്നു. ബാബു വീണാൽ പിന്നെയും ഉണ്ട് ഒരു പട്ടിക. ഓരോരുത്തരെയായി അവർ പിടിക്കും. പല മന്ത്രിമാരും സരിതക്കേസിൽ പോലും ഇങ്ങനെ ഭയന്നിട്ടുണ്ടാകില്ല.

അബ്കാരി മുതലാളിമാർ (മാഫിയ എന്നു കെ.പി.സി.സി ഭാഷ്യം) എക്കാലവും സർക്കാറിനെ ഭയന്നും വഴങ്ങിയും  പ്രീണിപ്പിച്ചും കഴിഞ്ഞു കൂടിയിരുന്നവരാണ്. ഭരണകൂടത്തെ ഭയക്കാൻ അവർക്കു പലതുമുണ്ട് കാരണങ്ങൾ. അതിനാൽ അവർ എക്കാലവും ഭയക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. അവരെക്കാൾ ചെറിയ തെറ്റുകളേ ഭരണകൂടങ്ങൾ ചെയ്തിരുന്നുള്ളൂ എന്നതാകാം കാരണം. എന്നാൽ, ഈ മന്ത്രിസഭ വന്ന ശേഷം അബ്കാരികളെ ഭരണകർത്താക്കൾക്കാണ് ഭയം. അവർ വായ തുറക്കുമ്പോൾ ഭരണക്കാർ വിറക്കുന്നു, ഭരണകൂടം പ്രകമ്പനം കൊള്ളുന്നു. സരിതക്കേസിനു ശേഷം, അബ്കാരികളുടെ വിരൽത്തുമ്പിലാണ് കേരള ഭരണം എന്നായിരിക്കുന്നു.  അവർ പറഞ്ഞാൽ മന്ത്രി രാജിവെക്കേണ്ടിവരുന്നു. അവർ പറഞ്ഞാൽ അന്വേഷണ ഉദ്യോഗസ്ഥരെക്കാൾ വിശ്വാസ്യത ഉണ്ടാകുന്നു. മന്ത്രിമാർ പറയുന്നതിനെക്കാൾ വിശ്വാസ്യത അബ്കാരികൾ പറയുന്നതിനായി മാറിയിരിക്കുന്നു. ഭരണ സംവിധാനത്തെ ഭയന്നിരുന്ന വിഭാഗങ്ങൾ ഇപ്പോൾ ഭരണകൂടത്തെ അമ്മാനമാടുന്നു. അവർ പറഞ്ഞാൽ മന്ത്രിമാർ നിൽക്കും ഇരിക്കും കിടക്കും, വിറക്കും.  എന്താ അവസ്ഥ!

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.