മാനസികനില വിശകലനം ചെയ്യണം

ഒരു വ്യക്തി കുറ്റം ചെയ്തെന്ന് തെളിഞ്ഞുകഴിഞ്ഞാല്‍ രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥനാണ്. അതേസമയം, പ്രായപൂര്‍ത്തിയാവാത്തവര്‍ അഥവാ കുട്ടികളാണ് കുറ്റവാളികളെങ്കില്‍ നിയമം അവര്‍ക്ക് ചില ഇളവുകള്‍ നല്‍കിവരുന്നുണ്ട്. നിയമം നിര്‍മിച്ചകാലത്തെ സാമൂഹിക പശ്ചാത്തലങ്ങള്‍ പരിഗണിച്ചായിരുന്നു നിയമനിര്‍മണ സമയത്ത് ഇത്തരത്തിലുള്ള ഇളവുകള്‍ അനുവദിച്ചത്.
നിലവില്‍ ഒരു വ്യക്തിയുടെ വയസ്സ് കണക്കാക്കുന്നത് അയാളുടെ ജന്മദിനത്തെ അടിസ്ഥാനമാക്കിയാണ്. സ്കൂള്‍ രേഖകളിലോ മറ്റ് സര്‍ക്കാര്‍ രേഖകളിലോ രേഖപ്പെടുത്തിയ തീയതി അനുസരിച്ചായിരിക്കും ഒരാളുടെ പ്രായം കണക്കാക്കുന്നതും അയാള്‍ പ്രായപൂര്‍ത്തിയായോ എന്ന് നിശ്ചയിക്കുന്നതും. ചുരുക്കത്തില്‍ ഒരു ദിവസം മുമ്പ് ജനിച്ചുപോയ ഒരു കുറ്റവാളി നിയമത്തിന്‍െറ ആനുകൂല്യം അനുഭവിക്കുമ്പോള്‍ ഒന്നോരണ്ടോ ദിവസം വൈകി ജനിച്ച അതേ പ്രായവും മാനസികാവസ്ഥയുമുള്ള മറ്റൊരു കുറ്റവാളി കാരാഗൃഹത്തിലടക്കപ്പെടുന്നു. ഇവിടെ നിയമത്തില്‍ ഒളിഞ്ഞിരിക്കുന്ന ഒരു ദുര്‍ബലമായ കണ്ണി നമുക്ക് കാണാനാവും.
ഈ സാഹചര്യത്തിലാണ് ഒരു കുറ്റവാളിയുടെ ശാരീരിക പ്രായം അടിസ്ഥാനമാക്കിമാത്രം  കുറ്റവാളിക്കുള്ള ശിക്ഷ നിശ്ചയിക്കാമോ എന്ന ചോദ്യം ഉയര്‍ന്നുവരുന്നത്. പൊതുവെ മാനസികരോഗത്തിന് ചികിത്സയിലുള്ള ഒരു വ്യക്തിയോ അല്ളെങ്കില്‍ പ്രത്യക്ഷത്തില്‍ മനോനിലതെറ്റിയ വ്യക്തിയോ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് നിയമം ശിക്ഷാവിധിക്ക് മുമ്പായി കുറ്റവാളികളുടെ മാനസികാവസ്ഥയെ പരിഗണിക്കുന്നത്. അല്ലാതെയുള്ള എല്ലാ കേസുകളിലും മാനസികാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്‍കുന്ന ശിക്ഷ, കുറ്റം ചെയ്തു എന്ന് തെളിയിക്കപ്പെട്ട എല്ലാ വ്യക്തികള്‍ക്കും നിയമം നല്‍കുന്നുണ്ട്. ഇവിടെ ചെറിയതോതിലുള്ള ഒരു അശാസ്ത്രീയത നമുക്ക് കണ്ടത്തൊനാവും.
ഉദാഹരണത്തിന് ജന്മദിനത്തിന്‍െറ അടിസ്ഥാനത്തില്‍ 40 വയസ്സ് പ്രായമുള്ളതും അതേസമയം മന്ദബുദ്ധിയുമായ ഒരു വ്യക്തി കുറ്റകൃത്യത്തിലേര്‍പ്പെട്ടാല്‍ നിയമം അയാളെ ശിക്ഷിക്കാറില്ല. മറിച്ച് 14 വയസ്സും മാനസികമായി ഉയര്‍ന്ന നിലവാരവുമുള്ള ഒരു കുട്ടി ഗൂഢാലോചന നടത്തുകയും ബോധപൂര്‍വം കുറ്റകൃത്യത്തിലേര്‍പ്പെടുകയും ചെയ്താല്‍ അവനും ശിക്ഷലഭിക്കാതെ രക്ഷപ്പെടുന്നു. ഇവിടെയാണ് നിയമത്തിലെ വൈരുധ്യം കടന്നുവരുന്നത്.
നിയമത്തിലെ ഇത്തരം വൈരുധ്യങ്ങളെയും പഴുതുകളെയും മറികടക്കാന്‍ നിയമസംവിധാനങ്ങള്‍ ശാസ്ത്രീയ രീതികള്‍ അവലംബിക്കേണ്ടതുണ്ട്. ഈ വിഷയത്തില്‍ മന$ശാസ്ത്രപരമായ മാനങ്ങള്‍ പരിഗണിച്ചാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
1843ല്‍ ബ്രിട്ടനിലാണ് ആദ്യമായി മാനസികാരോഗ്യമില്ളെന്ന കാരണത്താല്‍ കൊലപാതകിയായ ഒരു കുറ്റവാളിക്ക് ശിക്ഷയില്‍ ഇളവ് നല്‍കിയത്. ഡാനിയല്‍ മാക് നോട്ടന്‍ എന്ന കുറ്റവാളിയുടെ കാര്യത്തിലാണ് നിയമം ഇത്തരം നിലപാട് സ്വീകരിച്ചത്. ഈ കേസിനെ തുടര്‍ന്ന് കുറ്റം ചെയ്യുകയാണെന്ന ബോധത്തോടെയല്ലാതെയോ കുറ്റത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് വീണ്ടുവിചാരമില്ലാതെയോ ഒരു വ്യക്തി മാനസികരോഗം മൂലമോ മാനസിക വളര്‍ച്ചയുടെ കുറവ് മൂലമോ മറ്റ് മാനസിക പ്രശ്നങ്ങളത്തെുടര്‍ന്നോ കുറ്റം ചെയ്തുപോയാല്‍ ആ വ്യക്തിക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കാറില്ല. ശിക്ഷാനിയമങ്ങളുടെ ലോകത്ത് നാഴികക്കല്ലായിത്തീര്‍ന്ന ഈ നിയമം പിന്നീട് ‘മാക്നോട്ടന്‍സ് റൂള്‍സ്’ (McNaughton rules) എന്നറിയപ്പെടാന്‍ തുടങ്ങി. ഇന്ത്യയടക്കമുള്ള ലോകത്തെ പ്രമുഖ രാഷ്ട്രങ്ങളെല്ലാം അവരുടെ നിയമനിര്‍മാണങ്ങളില്‍ ‘മാക്നോട്ടന്‍സ് റൂള്‍സ്’ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
1962ല്‍ അമേരിക്കയില്‍ നിലവില്‍ വന്ന അമേരിക്കന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് റൂള്‍ (American Law Institute Rule) പ്രകാരവും മാനസിക പ്രശ്നങ്ങളുള്ള വ്യക്തികള്‍ കുറ്റം ചെയ്താല്‍ ശിക്ഷയില്‍ ഇളവ് നല്‍കുന്നുണ്ട്.
ഇത്തരം യാഥാര്‍ഥ്യങ്ങളുടെ ഒരു മറുപുറമാണ് സത്യത്തില്‍  നാമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒന്നുകൂടെ വ്യക്തമാക്കിയാല്‍ മാനസികമായി പൂര്‍ണ ആരോഗ്യവും പക്വതയുമുള്ള ഒരു വ്യക്തി പ്രായപൂര്‍ത്തിയായിട്ടില്ളെങ്കില്‍ കൂടി നിയമത്തിന്‍െറ ഇളവ് അര്‍ഹിക്കുന്നില്ല എന്നതാണ്. ഇത്തരം കേസുകളുടെ വിചാരണവേളയില്‍ ഇതിനായി മന$ശാസ്ത്രജ്ഞരുടെയും മാനസികരോഗ വിദഗ്ധരുടെയും സഹായത്തോടെ കുറ്റവാളിയുടെ മാനസികനില വിശകലനം ചെയ്യുകയും കുറ്റകൃത്യത്തിന് പിറകിലുള്ള മാനസികാവസ്ഥ കണ്ടത്തെുകയും ചെയ്യേണ്ടിയിരിക്കുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മാത്രമേ ഒരു കുറ്റവാളിക്ക് ശിക്ഷനല്‍കുകയോ ശിക്ഷയില്‍ ഇളവ് നല്‍കുകയോ ചെയ്യാന്‍ പാടുള്ളൂ.
കുട്ടിക്കുറ്റവാളികള്‍ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം വിഷയങ്ങളില്‍ നിയമസംവിധാനങ്ങളും ഭരണകൂടവും സുവ്യക്തവും പഴുതുകള്‍ ഇല്ലാത്തതുമായ നിയമങ്ങള്‍ നിര്‍മിക്കുകയോ നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യേണ്ടകാലം അതിക്രമിച്ചിരിക്കുകയാണ്.

(മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ മാനസികരോഗ വിഭാഗം പ്രഫസറാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.