കര്‍ഷകജനത കണ്ണീര്‍ക്കയത്തില്‍ ഷെവലിയര്‍

അനുദിനം രൂക്ഷമാകുകയാണ് കാര്‍ഷികമേഖലയിലെ പ്രശ്നങ്ങള്‍. നടപടികളില്ലാത്ത പ്രഖ്യാപനങ്ങളും ഉറപ്പുകളുമായി അസംഘടിത കര്‍ഷകരെ സ്ഥിരനിക്ഷേപംപോലെ കൈപ്പിടിയിലൊതുക്കാന്‍ രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ മത്സരിക്കുമ്പോള്‍ എത്രകൊണ്ടാലും പഠിക്കാത്ത കര്‍ഷകര്‍ പ്രതികരിക്കാനാവാതെ വിലപിക്കുന്നു. കാര്‍ഷിക സാമ്പത്തിക തകര്‍ച്ചയില്‍ പിടിച്ചുനില്‍ക്കാനാവാതെ ജീവന്‍ ത്യജിച്ച ഒട്ടേറെ കര്‍ഷകരുടെ വേദനാനുഭവങ്ങള്‍ കേരളസമൂഹത്തിന്‍െറ കണ്‍മുന്നിലുണ്ട്. അസംഘടിത വിഭാഗത്തിന്‍െറ പ്രശ്നങ്ങളെ നിരന്തരം നിസ്സാരവത്കരിച്ചുകാണുന്ന സമീപനം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തിരുത്തുന്നില്ളെങ്കില്‍ നേരിടാനിരിക്കുന്നത് വലിയ വിപത്തായിരിക്കും.  കര്‍ഷകസമൂഹം നേരിടുന്ന നീറുന്ന പ്രശ്നങ്ങളുടെ ആഴങ്ങളിലേക്ക് പൊതുസമൂഹവും ഇറങ്ങിച്ചെല്ളേണ്ടിയിരിക്കുന്നു.  മത്സ്യമേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന ഡോ. മീനാ കുമാരി കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ താല്‍ക്കാലികമായി ശമിച്ചിരിക്കുന്നുവെങ്കിലും ഇന്നും നിലനില്‍ക്കുകയാണ്.  
നാളികേരത്തിന്‍െറ വില വീണ്ടും ഇടിയുകയാണ്.  കേരകര്‍ഷകര്‍ പ്രത്യാശയോടെ ഉറ്റുനോക്കിയിരുന്ന നീര ഉല്‍പാദനം ചുവപ്പുനാടയില്‍ കുരുങ്ങി പ്രതിസന്ധിയിലായി.  
നെല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ അതിരൂക്ഷമായി തുടരുകയാണ്.  ഒരു കിലോഗ്രാം നെല്ല് ഉല്‍പാദിപ്പിക്കുന്നതിന് ശരാശരി ചെലവ് 25 രൂപയാണ്.  സംസ്ഥാനം സിവില്‍ സപൈ്ളസ് ഡിപ്പാര്‍ട്മെന്‍റ് വഴി ഇപ്പോള്‍ നെല്ല് സംഭരിക്കുന്നത് ഒരു കിലോഗ്രാമിന് 19 രൂപ പ്രകാരമാണ്.  21.50 രൂപയായി വില വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടന്നെങ്കിലും തുക കര്‍ഷകര്‍ക്ക് പൂര്‍ണമായി ലഭ്യമായിട്ടില്ല.  കിലോഗ്രാമിന് ചുരുങ്ങിയത് 30 രൂപയെങ്കിലും വില നല്‍കുന്നില്ളെങ്കില്‍ നെല്‍കൃഷിയില്‍നിന്ന് കര്‍ഷകര്‍ പൂര്‍ണമായി പിന്തിരിയുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്.   
പ്രധാന നാണ്യവിളകളിലൊന്നായ ഏലം കൃഷിയും പ്രതിസന്ധിയിലാണ്.  ഇപ്പോള്‍ ഒരു കിലോഗ്രാം ഏലം ഉല്‍പാദിപ്പിക്കുന്നതിന് ശരാശരി ചെലവ് 723 രൂപയാണ്. മാര്‍ക്കറ്റില്‍ ലഭിക്കുന്ന ശരാശരി വില 600-612 രൂപ മാത്രവും. സ്പൈസസ് ബോര്‍ഡിന്‍െറ കെടുകാര്യസ്ഥതയും വര്‍ധിച്ച കൃഷിച്ചെലവും ഗ്വാട്ടമാലയില്‍നിന്നുള്ള ഏലം ഇറക്കുമതിയുമാണ് പ്രതിസന്ധിക്കുകാരണം.
മലയോരമേഖലയിലെ ഏറ്റവും നീറുന്ന പ്രശ്നം ഇപ്പോഴും പട്ടയപ്രശ്നംതന്നെ.  ഒരു ലക്ഷത്തിലധികം കുടുംബങ്ങള്‍ പട്ടയത്തിനുവേണ്ടി കാത്തുനില്‍ക്കുന്നു. നല്‍കാമെന്ന് തുടരെ വാഗ്ദാനങ്ങള്‍ ഉണ്ടെങ്കിലും നടപടികള്‍ മന്ദഗതിയില്‍. നിയമങ്ങള്‍ ദുര്‍വ്യാഖ്യാനംചെയ്തും കോടതിവ്യവഹാരങ്ങള്‍ സൃഷ്ടിച്ചും സാങ്കേതിക പിഴവുകള്‍ നിറഞ്ഞ ഉത്തരവുകള്‍ ഇറക്കിയും പട്ടയനടപടികള്‍ അട്ടിമറിക്കപ്പെടുകയാണ്. പട്ടയം ലഭിക്കാത്തവരെപ്പോലത്തെന്നെ ലഭിച്ചവരും ആശങ്കയിലാണ്.  ഉപാധിരഹിത പട്ടയമെന്നുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് 16 ഉപാധികളോടുകൂടിയ പട്ടയങ്ങളാണ് ലക്ഷങ്ങള്‍ ചെലവഴിച്ചു നടത്തിയ പട്ടയമാമാങ്കങ്ങളിലൂടെ നല്‍കിയിരിക്കുന്നത്.
ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ പശ്ചിമഘട്ട മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധികള്‍ ഇന്നും നിലനില്‍ക്കുന്നു. റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചും കര്‍ഷകരെ വഞ്ചിക്കുന്ന സത്യവാങ്മൂലങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചും കരടുവിജ്ഞാപനങ്ങള്‍ തുടര്‍ച്ചയായി ഇറക്കിയും സര്‍ക്കാറും ഉദ്യോഗസ്ഥ സംവിധാനങ്ങളും കര്‍ഷകരുള്‍പ്പെടുന്ന ജനസമൂഹത്തെ ആശങ്കകളുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു.  ഭൂമിയുടെ വിലയിടിവും നിയമങ്ങളുടെ ബന്ധനവുംമൂലം കുടിയിറക്കാതെ കുടിയിറങ്ങുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.  
റബര്‍ കര്‍ഷകരോടും വഞ്ചന
റബറിന്‍െറ വിലയിടിവ് ഇടനാട്ടിലെയും മലയോരങ്ങളിലെയും ജനജീവിതത്തെ ഒന്നാകെ തകര്‍ത്തിരിക്കുകയാണ്.  മുന്‍വര്‍ഷങ്ങളില്‍ റബറിന് വില ഉയര്‍ന്നുനിന്നപ്പോള്‍ ഓരോ വര്‍ഷവും 700 കോടി രൂപ റബര്‍ കര്‍ഷകരില്‍നിന്ന് വാറ്റ് ഇനത്തില്‍ സംസ്ഥാന സര്‍ക്കാറിന് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാറിന് സെസ് ഇനത്തില്‍ 220 കോടി രൂപ വേറെയും ലഭിച്ചു. കേന്ദ്ര സര്‍ക്കാറില്‍ 1011.69 കോടി രൂപയോളം വിലസ്ഥിരതാ ഫണ്ടും ഉണ്ട്.  ഈ വിലസ്ഥിരതാ ഫണ്ടില്‍ കര്‍ഷകരില്‍നിന്ന് പിരിച്ചെടുത്ത തുകയും ഉള്‍പ്പെടുന്നു. 1.53 കോടി രൂപ മാത്രമാണ് വിലസ്ഥിരതാഫണ്ടില്‍നിന്ന് കര്‍ഷകര്‍ക്ക് ഇതിനകം നല്‍കിയിട്ടുള്ളതെന്ന് വാണിജ്യമന്ത്രി വെളിപ്പെടുത്തിയിട്ടുണ്ട്.  വിലസ്ഥിരതാഫണ്ട് റബര്‍ പ്രതിസന്ധി കാലഘട്ടത്തില്‍ ഫലപ്രദമായി കര്‍ഷകന് നല്‍കി സഹായിക്കാത്ത കേന്ദ്രസര്‍ക്കാറിന്‍െറ നിഷേധനിലപാടുകള്‍ കര്‍ഷകവഞ്ചനയാണ്. ഇറക്കുമതി നിയന്ത്രണവും റബര്‍ സംഭരണവുമാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നടത്തേണ്ടത്.
ടയറുള്‍പ്പെടെ റബര്‍ ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിപണനവും ഇന്ത്യയുടെ പ്രാദേശിക വിപണികളിലാണെന്നിരിക്കെ അന്താരാഷ്ട്ര കരാറുകളെ മറികടന്ന് ഇന്ത്യയിലെ റബര്‍ കര്‍ഷകരില്‍നിന്ന് അടിസ്ഥാനവിലക്ക് റബര്‍ സംഭരിക്കണമെന്ന് കേന്ദ്രസര്‍ക്കാറിന് ഉല്‍പാദക കമ്പനികളോട് നിര്‍ദേശിക്കാവുന്നതാണ്. റബറിന് 240 രൂപ വിലയുള്ളപ്പോള്‍ വര്‍ധിപ്പിച്ച വിലയിലാണ് റബര്‍ ഉല്‍പന്നങ്ങളിപ്പോഴും വിപണിയില്‍ വിറ്റഴിക്കുന്നത്.  ലക്ഷോപലക്ഷം റബര്‍ കര്‍ഷകരെ കണ്ണീര്‍ക്കയത്തില്‍ തള്ളിയിട്ട് കുത്തകക്കമ്പനികള്‍ കൊള്ളലാഭം കൊയ്യുമ്പോള്‍ ഭരണസംവിധാനങ്ങള്‍ കൈയുംകെട്ടിയിരിക്കുന്നത് ക്രൂരതയാണ്.  
അട്ടിമറിക്കപ്പെട്ട പാക്കേജുകള്‍
കുട്ടനാട്ടിലെ കര്‍ഷകരുടെ ദുരിതമകറ്റാന്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട കുട്ടനാട് പാക്കേജ് അട്ടിമറിക്കപ്പെട്ടു.  1840 കോടിരൂപയാണ് പ്രഖ്യാപിക്കപ്പെട്ടത്.  അതില്‍ 500 കോടി മാത്രമാണ് അഞ്ചുവര്‍ഷംകൊണ്ട് ചെലവാക്കിയത്. കാലാവധി തീര്‍ന്നതിനാല്‍ ബാക്കി പണം മുഴുവന്‍ നഷ്ടപ്പെട്ടുപോയി.
2008ല്‍ പ്രഖ്യാപിക്കപ്പെട്ട ഇടുക്കി പാക്കേജിന്‍െറയും ശില്‍പി ഡോ. എം.എസ്. സ്വാമിനാഥന്‍തന്നെ.  1876 കോടി രൂപ സുസ്ഥിര പുരോഗതിയും കാര്‍ഷിക വളര്‍ച്ചയും അടിസ്ഥാന സൗകര്യവികസനവും ഗതാഗത സൗകര്യവും ലക്ഷ്യമിട്ട് ഈ പാക്കേജ് വഴി പ്രഖ്യാപിക്കപ്പെട്ടു.  എന്നാല്‍, അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം കാര്യമായ ഒരു ചലനവും സൃഷ്ടിക്കാതെ ഈ പാക്കേജും നിന്നുപോയി.  ഇതില്‍ 750 കോടി കാര്‍ഷിക കടാശ്വാസത്തിനായി നീക്കിവെച്ചു.  ഇതിന്‍െറ ഫലം സാധാരണക്കാരന് ലഭിച്ചില്ല. ബാക്കിയുള്ള തുകയില്‍ 200 കോടി രൂപയില്‍ താഴെമാത്രമാണ് ചെലവഴിച്ചത്. സര്‍ക്കാറിന്‍െറയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അലംഭാവവും ഉത്തരവാദിത്തമില്ലായ്മയും കെടുകാര്യസ്ഥതയുമാണ് രണ്ടുപദ്ധതികളും അട്ടിമറിക്കപ്പെടാന്‍ കാരണം.  
ഇന്ന് നയ്റോബിയില്‍ ആരംഭിക്കുന്ന  ഡബ്ള്യു.ടി.ഒ സമ്മേളനത്തില്‍ കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില എടുത്തുകളയാനും സബ്സിഡികള്‍ നിര്‍ത്തലാക്കാനുമുള്ള കരട് നിര്‍ദേശങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ ഇന്ത്യയിലെ കര്‍ഷകരെ വളരെ പ്രതികൂലമായി ബാധിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആത്മാര്‍ഥതയുള്ള ഇടപെടലുകളും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളും അടിയന്തരമായിട്ടുണ്ടാകുന്നില്ളെങ്കില്‍ ഇന്ത്യയുടെ കാര്‍ഷികമേഖല അമ്പേ തകര്‍ന്നടിയും.  
(ഇന്‍ഫാം സെക്രട്ടറി ജനറലാണ് ലേഖകന്‍)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.