മഞ്ഞയില്‍ കാവിമുക്കുമ്പോള്‍

‘അനുകൂലിക്കുന്നവരുമായി സഹകരിക്കുന്നതില്‍ സന്തോഷമേയുള്ളൂ. പക്ഷേ, ബി.ജെ.പി അജണ്ട നടപ്പാക്കുക ഞങ്ങളുടെ ലക്ഷ്യമല്ല. അവരുടെ ഹിന്ദുത്വ അജണ്ടയില്‍ ആത്മാര്‍ഥതയില്ല. രാഷ്ട്രീയ അവസരവാദമാണ് അവരുടേത്. ഹിന്ദു കാര്‍ഡ് കാണിച്ച് അധികാരം കൈക്കലാക്കുക മാത്രമാണ് ലക്ഷ്യം. ഭരണത്തില്‍ വന്നപ്പോഴെല്ലാം ന്യൂനപക്ഷത്തെ പ്രീണിപ്പിക്കാനാണ് ശ്രമിച്ചത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മുസ്ലിമിനെ കൊണ്ടുവരാന്‍ ശ്രമിച്ചതുപോലും ന്യൂനപക്ഷ പ്രീണനത്തിന്‍െറ ഭാഗമാണ്. കേരളത്തില്‍തന്നെ ലക്ഷ്യംമറന്ന് എത്രയോ തവണ ന്യൂനപക്ഷ സമുദായങ്ങള്‍ നിയന്ത്രിക്കുന്ന  പാര്‍ട്ടിക്കുവേണ്ടി അവര്‍ വോട്ട് മറിക്കുകയും വില്‍ക്കുകയും ചെയ്തു. അവരെ വിശ്വസിച്ച് മുന്നോട്ടു പോയാല്‍ ഹൈന്ദവ ജനതയെ അവര്‍ എവിടെക്കൊണ്ടത്തെിക്കും’?

‘പാദമുദ്ര’യെന്ന വെള്ളാപ്പള്ളി നടേശന്‍ സപ്തതി ഗ്രന്ഥത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയ അഭിമുഖത്തിലെ വരികളാണിത്. 1937ല്‍ ജനിച്ച വെള്ളാപ്പള്ളിക്ക് 70 തികഞ്ഞത് 2007ലാണ്,  അദ്ദേഹത്തിന് നിലവില്‍ 78 നടപ്പാണ്. ഈ എട്ടുവര്‍ഷത്തിനിടയില്‍ വയസ്സു മാറുംപോലെ അദ്ദേഹത്തിന്‍െറ ചിന്തയിലും മാറ്റംവരുക സ്വാഭാവികം. അങ്ങനെ ഈ 2015ല്‍ വെള്ളാപ്പള്ളിക്ക്, ബി.ജെ.പി ഭൂരിപക്ഷ താല്‍പര്യം അതായത് ഹിന്ദു താല്‍പര്യം സംരക്ഷിക്കുന്ന പാര്‍ട്ടിയാണ്. അവരെ വിശ്വസിച്ചു മുന്നോട്ടുപോയാല്‍ ഹിന്ദു താല്‍പര്യം സംരക്ഷിക്കപ്പെടുകയും ചെയ്യും. സര്‍വോപരി  ഈഴവരെ എത്തിക്കേണ്ടിടത്ത് എത്തിക്കുന്ന പാര്‍ട്ടിയുമാണ്. വെള്ളാപ്പള്ളിക്ക് സപ്തതിയായപ്പോള്‍ ബി.ജെ.പി പ്രതിപക്ഷത്തായിരുന്നു. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. അധികാരത്തിലത്തെിയിട്ട് ഒരുവര്‍ഷം കഴിയുകയും ചെയ്തു. അതിനിടെ ചെയ്തുകൂട്ടിയ കാര്യങ്ങളിലേതാണ്  വെള്ളാപ്പള്ളിക്ക് ബി.ജെ.പിയെ  പ്രിയങ്കരമാക്കിയതെന്ന് അദ്ദേഹം പറഞ്ഞില്ല. അവര്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് എന്നതൊഴിച്ച്-അപ്പോള്‍ അതാണ് വിഷയം. ബി.ജെ.പി ഇപ്പോള്‍ അധികാരത്തിലാണ്!

അരുവിക്കര തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെയാണ് കേരളത്തില്‍ ഈഴവരുടെയും വെള്ളാപ്പള്ളിയുടെയും മാര്‍ക്കറ്റ് കുതിച്ചുയര്‍ന്നത്. അവിടെ സി.പി.എം സ്ഥാനാര്‍ഥി തോല്‍ക്കുകയും ബി.ജെ.പി നല്ല വോട്ടു പിടിക്കുകയും ചെയ്തപ്പോള്‍ അതിന് കാരണക്കാര്‍ അരുവിക്കരയിലെ ഈഴവരാണെന്ന് എല്ലാവരും കൂടിയങ്ങ് തീരുമാനിക്കുകയായിരുന്നു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇതിലെ ഉത്കണ്ഠ പരസ്യമായി പ്രകടിപ്പിക്കുകയും കടകംപള്ളി സുരേന്ദ്രന്‍െറ സി.പി.എം ജില്ലാ കമ്മിറ്റി ഈഴവരുടെ 20,000 വോട്ട് മറിഞ്ഞുവെന്ന് രഹസ്യമായി കണ്ടത്തെുകയും ചെയ്തപ്പോള്‍  പിന്നെ ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെന്ന പ്രമാണമങ്ങ് ഉറച്ചു. സി.പി.എമ്മിന്‍െറ വോട്ട് കുറഞ്ഞതിനും ബി.ജെ.പിയുടെ വോട്ട് കൂടിയതിനും ഒരേയൊരു കാരണം-ഈഴവര്‍. ഇത് ശരിയാണെങ്കില്‍ത്തന്നെ അതിനു വിലപറയാന്‍, അതിന്‍െറ പേരില്‍ മൊത്തക്കച്ചവടം ഉറപ്പിക്കാന്‍ വെള്ളാപ്പള്ളി ആരെന്ന് ആരും ചോദിച്ചില്ല. എന്തിന്, നായന്മാരുടെയാകെ അട്ടിപ്പേറവകാശം പണിക്കര്‍ക്കില്ളെന്ന് പണ്ടുപറഞ്ഞ പിണറായി വിജയന്‍ പോലും ഒന്നും പറഞ്ഞു കണ്ടില്ല.

അരുവിക്കര തെരഞ്ഞെടുപ്പില്‍ ‘എല്ലാവരും ജയിച്ചുവാ’! എന്ന് വന്നുകണ്ട വിജയകുമാറിനോടും ശബരീനാഥനോടും രാജഗോപാലിനോടും ഒരേപോലെ പറഞ്ഞതല്ലാതെ,  വിജയകുമാറിനെ തോല്‍പിച്ച് രാജഗോപാലിന് വോട്ടു കൂട്ടാന്‍ വെള്ളാപ്പള്ളി ഈഴവരോട് പറഞ്ഞതായി ആരും കണ്ടിട്ടുമില്ല, കേട്ടിട്ടുമില്ല. ആരു ജയിച്ചാലും  എട്ടുകാലി മമ്മൂഞ്ഞ് സ്റ്റൈലില്‍ പതിവുപോലെ അത് ഞമ്മളാ! എന്നുപറയാനേ പാവം കരുതിയിരുന്നുള്ളൂ. സ്വന്തംനാട്ടില്‍ വി.എം. സുധീരന്‍ മുതല്‍ ഏറ്റവുമൊടുവില്‍ കെ.സി. വേണുഗോപാല്‍ വരെയുള്ളവരുടെ കാര്യം പച്ച സത്യമായി മുന്നില്‍ നില്‍ക്കേ, ആരെയെങ്കിലും തോല്‍പിക്കാന്‍ പറഞ്ഞ് ഇരട്ടി ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാട് അദ്ദേഹം നിര്‍ത്തിയതുമാണ്. അപ്പോഴാണ് അമിത്ഷാ മുതല്‍ ഉഴവൂര്‍ വിജയന്‍ വരെയുള്ളവര്‍ വിജയകുമാറിനെ  വെള്ളാപ്പള്ളി വീഴ്ത്തിയേ! എന്നാര്‍ത്തുവിളിച്ചത്. ശബരിയെ ജയിപ്പിച്ചത് ഞങ്ങളാണെന്ന് പറയാനുള്ള ഒരവസരം സുകുമാരന്‍ നായര്‍ക്ക് പോലും കൊടുക്കാതെയായിരുന്നു ഇക്കണ്ട കോലാഹലങ്ങളെല്ലാം.

കൊങ്കണ്‍ റെയില്‍വേയുടെ കരാറും ഹോട്ടല്‍, ബാര്‍ വ്യവസായവുമൊക്കെ നടത്തി പരിചയസമ്പന്നനായ വെള്ളാപ്പള്ളിക്ക്  കരാറും കച്ചവടവും എപ്പോഴാണ് ഉറപ്പിക്കേണ്ടതെന്ന് ആരും പറഞ്ഞുകൊടുക്കേണ്ട. അതും പോരാഞ്ഞ് ‘ബെസ്റ്റ് ബിസിനസ്മാന്‍’ അവാര്‍ഡ് സര്‍വകക്ഷിസംഘം ചാര്‍ത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നു. അതിനാല്‍ ‘ശുഭസ്യ ശീഘ്രം’ പ്രമാണത്തില്‍ വിശ്വസിച്ച് ശംഖുംമുഖം ഈഴവ സംഗമത്തിലൂടെ അനന്തരാവകാശിയായി  വാഴിക്കപ്പെട്ട തുഷാര്‍ വെള്ളാപ്പള്ളിയേയും കൂട്ടി അടുത്ത വണ്ടിക്കുതന്നെ ഡല്‍ഹിക്ക് വണ്ടികയറി. മോദിയെ നേരില്‍ക്കണ്ട് എല്ലാം ഉറപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും പണ്ട് ‘ന്യൂനപക്ഷ’ പ്രീണനത്തിന്‍െറ ഭാഗമായി, ബി.ജെ.പി രാഷ്ട്രപതിയാക്കിയ അബ്ദുല്‍ കലാമിന്‍െറ നിര്യാണംമൂലം അതുനടന്നില്ല-ഒന്നുമറിയാത്ത കലാമിനെ പണ്ട് പഴിച്ചതിന്‍െറ തിരിച്ചടിയാണിതെന്ന് കണിച്ചുകുളങ്ങരയിലെ ചില ജ്യോത്സ്യന്മാര്‍ പറഞ്ഞതായി കേള്‍ക്കുന്നുണ്ട്. ഏതായാലും നല്ല ഗുജറാത്തി ഇടപാടുകാരനായ അമിത്ഷായെക്കണ്ട് ഒന്നാംഘട്ട ഏര്‍പ്പാടുകളെല്ലാം പൂര്‍ത്തിയാക്കിയിട്ടാണ് അദ്ദേഹം തിരിച്ചുവന്നിരിക്കുന്നത്. ഇനിയെല്ലാം അതിന്‍െറ പരുവംപോലെ നോക്കിക്കണ്ട് ചെയ്യാന്‍ വി. മുരളീധരനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ശ്രീനാരായണ ട്രസ്റ്റിനുകീഴിലെ 14 കോളജുകളില്‍ 90 അസിസ്റ്റന്‍റ് പ്രഫസര്‍ തസ്തികകളാണ് ഒഴിവുള്ളതായി കണക്കാക്കിയിട്ടുള്ളത്. സാധാരണ എത്ര ഒഴിവുണ്ടോ അതിന്‍െറ ഇരട്ടിയില്‍ നിയമനം നടത്തുകയാണ് പതിവ്. ഇനി ഉള്ളതുമാത്രം മതിയെന്നുവെച്ചാലും ഇപ്പോഴത്തെ നിരപ്പ്റേറ്റ് 35-40 ലക്ഷമാണ്. അതായത് 90 ഗുണം 35 സമം 31.5 കോടി. എന്നാല്‍, പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും ഉമ്മന്‍ ചാണ്ടി 63 എണ്ണത്തിനേ അനുമതിനല്‍കിയിട്ടുള്ളൂ. നഷ്ടം  10 കോടിയോളം. മോദിയെ കാണാന്‍ പോയതിനുപിന്നില്‍ ഇക്കണക്കും ഉണ്ടെന്നും ഇക്കാര്യത്തില്‍ ചാണ്ടി ഒന്നയഞ്ഞാല്‍ നടേശന്‍ ഡല്‍ഹിയില്‍ മുറുകില്ളെന്നും ഒരു സംസാരമുണ്ട്. ഏതായാലും ശ്രീബുദ്ധന്‍െറ നിറമെന്നുപറഞ്ഞ് ശ്രീനാരായണ ഗുരു സ്വീകരിച്ച മഞ്ഞനിറത്തില്‍ കാവിമുക്കാന്‍ തന്നെയാണ് വെള്ളാപ്പള്ളിയുടെ  പുറപ്പാട്. ഇതുകൊണ്ട് പാവംപിടിച്ച ഈഴവര്‍ക്കെന്തു ഗുണമെന്നു ചോദിച്ചാല്‍, അതിന് അടികൊള്ളാന്‍ ചെണ്ടയും കാശുവാങ്ങാന്‍ മാരാരും എന്നതുപോലെ വോട്ടു ചെയ്യാന്‍ ഈഴവനും നേട്ടമെടുക്കാന്‍ വെള്ളാപ്പള്ളിയും എന്ന ഉത്തരമേയുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.