കെ.എ. ബേക്കർ സാഹിബ്

ബ്രിട്ടീഷ് ഭരണത്തിൽനിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വാർഷികപ്പെരുന്നാൾ ഈ കുറിപ്പുകാരൻ ചെലവിട്ടത് സ്വാതന്ത്ര്യം സാധ്യമാക്കാനും സംരക്ഷിക്കാനും ജീവിതം ഉഴിഞ്ഞുവെച്ച ഒരു വ്യക്തിത്വത്തിനൊപ്പമായിരുന്നു-ചേരാവള്ളി ‘സൗഹൃദം’ വീട്ടിൽ കെ. അബൂബക്കർ എന്ന ബേക്കർ സാഹിബിനൊപ്പം. ഇന്ന് ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമര സേനാനികൾ അപൂർവമാണ്. അതിലും അപൂർവമാണ് മഹാത്മാഗാന്ധിയെ നേരിൽ കണ്ടിട്ടുള്ളവർ; ബേക്കർ സാഹിബ് അവരിലൊരാളാണ്.

വരുന്ന ജനുവരിയിൽ സാഹിബിന് 105 വയസ്സ് തികയും. പന്ത്രണ്ടാം വയസ്സിലാണ് പന്മന ആശ്രമത്തിൽവെച്ച് അദ്ദേഹം ഗാന്ധിജിയെ കാണുന്നത്. ഗാന്ധിജിയുടെ ആഹ്വാനം ഉൾക്കൊണ്ട് ക്ലാസുകൾ ബഹിഷ്കരിച്ച് അറസ്റ്റ് വരിച്ച സംഭവം അദ്ദേഹം ഓർത്തെടുത്തു. പിൽക്കാലത്ത് ന്യൂഡൽഹി ലോക്‌സഭാ മണ്ഡലത്തിൽ അടൽ ബിഹാരി വാജ്‌പേയിയെ പരാജയത്തിന്റെ വക്കോളമെത്തിച്ച സി.എം. സ്റ്റീഫൻ കായംകുളത്ത് വന്ന് വിദ്യാർഥികളെ സ്വാതന്ത്ര്യസമരത്തിലേക്ക് നയിച്ച ആവേശകരമായ ഓർമകളും പങ്കുവെച്ചു. ബേക്കർ സാഹിബ് സംസാരിച്ചുതുടങ്ങിയാൽ ചരിത്രം പുസ്തകങ്ങളിൽ വായിച്ചതോ പഴയ പത്രത്താളുകളിൽ കണ്ടതോ ആയ സംഭവങ്ങളായല്ല, മറിച്ച് നമ്മുടെ കൺമുൻപിൽ പുനർജനിക്കുന്നതുപോലെയാണ് അനുഭവപ്പെടുക. ഒരു ചരിത്രസംഭവം സ്വാഭാവികമായും മറ്റൊന്നിലേക്ക് വഴിമാറും; പേരുകളും തീയതികളും സ്ഥലങ്ങളും സംഭവങ്ങളും എല്ലാം അദ്ദേഹത്തിന്റെ നാവിൻതുമ്പിലുണ്ട്.

സംഭാഷണത്തിനിടയിൽ, പൊലീസിന്റെ ലാത്തിയടിയേറ്റ് പരിക്കേറ്റ തന്റെ ഇടതുകൈ അദ്ദേഹം കാണിച്ചുതന്നു. ഖദർ ധരിച്ചു എന്ന ‘അപരാധ’ത്തിനുള്ള ശിക്ഷയായിരുന്നു അത്. ബ്രിട്ടീഷ് അധികാരികൾ തലക്ക് വിലയിട്ടതോടെ അദ്ദേഹത്തിന് ഒളിവിൽ പോകേണ്ടിവന്നു. പൊലീസിന്റെ നിരന്തര പീഡനങ്ങൾ കുടുംബത്തിനും വലിയ ദുരിതങ്ങൾ വരുത്തിവെച്ചു. അപകടം നിറഞ്ഞ ആ നാളുകളിലാണ്, കമ്യൂണിസ്റ്റ് നേതാവും പിൽക്കാലത്ത് മന്ത്രിയുമായ ടി.വി. തോമസ് അബൂബക്കറിനോട് പേര് മാറ്റാൻ നിർദ്ദേശിക്കുന്നത്. ബ്രിട്ടീഷ് പൊലീസ് ‘കെ. അബൂബക്കറി’നെ തേടിപ്പിടിക്കാൻ വലവിരിച്ചിരിക്കുകയായിരുന്നു; മറ്റൊരു പേര് സ്വീകരിച്ചാൽ കണ്ടെത്താൻ പൊലീസിന് അൽപം പ്രയാസമാകുമെന്ന് തോമസ് കരുതി. അങ്ങനെ അബൂബക്കർ ‘കെ.എ. ബേക്കർ’ ആയി-ഒരു ക്രിസ്ത്യൻ പേരിന്റെ സാദൃശ്യം നൽകിയ സുരക്ഷിതത്വം കൂടിയായിരുന്നു അത്. എന്നാൽ ഭീഷണികളോ മർദനമോ തടവറയോ അദ്ദേഹത്തെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽനിന്ന് പിന്തിരിപ്പിച്ചില്ല.പതിനായിരക്കണക്കിന് മഹത്തുക്കളുടെ ത്യാഗപൂർണമായ പോരാട്ടങ്ങൾക്കൊടുവിൽ 1947 ആഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രമായി. ജവഹർലാൽ നെഹ്‌റു തന്റെ വിഖ്യാതമായ “വിധിയുമായുള്ള സമാഗമ” (Tryst with Destiny) പ്രസംഗം നടത്തുകയും രാജ്യം സ്വാതന്ത്ര്യം ആഘോഷിക്കുകയും ചെയ്യുമ്പോൾ, ആലപ്പുഴ ജയിലിലെ ഇരുൾമുറ്റിയ ഒരു കുടുസ്സുമുറിക്കുള്ളിൽ തടവിലായിരുന്നു ബേക്കർ സാഹിബ്. ജയിലിൽ കഴിയുന്ന സ്വാതന്ത്ര്യസമര സേനാനികൾക്ക് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ആഗസ്റ്റ് 16-നാണ് അദ്ദേഹം മോചിതനായത്.

സ്വാതന്ത്ര്യലബ്ധി വലിയ സന്തോഷത്തോടൊപ്പം ഒരൽപം നിരാശയും സമ്മാനിച്ചു. തിരുവിതാംകൂർ രാജകുടുംബത്തെയും ‘സ്വതന്ത്ര തിരുവിതാംകൂർ’ വാദത്തെയും പിന്തുണച്ചിരുന്ന പലരും പിന്നീട് കോൺഗ്രസിൽ ചേർന്ന് മാന്യന്മാരായി നടക്കുന്നത് കണ്ട് ബേക്കർ സാഹിബ് അസ്വസ്ഥനായി. തിരുവനന്തപുരത്തുവെച്ച് സർ സി.പി. രാമസ്വാമി അയ്യർ ആക്രമിക്കപ്പെട്ടതടക്കമുള്ള അക്കാലത്തെ രാഷ്ട്രീയ കോളിളക്കങ്ങൾ അദ്ദേഹം തെളിമയോടെ ഓർത്തെടുത്തു. അക്കാലത്തെ രാഷ്ട്രീയ ചരടുവലികളെക്കുറിച്ചും തിരുവിതാംകൂറിലെ ഏക മുസ്‌ലിം ദിവാനായിരുന്ന മുഹമ്മദ് ഹബീബുല്ലയെ തകർക്കാൻ നടന്ന നീക്കങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. സ്വാതന്ത്ര്യസമരത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല ബേക്കർ സാഹിബിന്റെ ജീവിതം; അതിനുശേഷമുള്ള അധ്യായങ്ങളാണ് ആ ജീവിതകഥയെ കൂടുതൽ അസാധാരണമാക്കുന്നത്. പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ മധുരഫലങ്ങൾ പാവപ്പെട്ട ഓരോ മനുഷ്യരിലേക്കും എത്തിക്കുക എന്ന ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തത്. പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഇത്രയധികം സമയം നീക്കിവെക്കുന്നത് എന്തിനാണെന്ന് ചില ബന്ധുക്കൾപോലും തുറന്നുചോദിച്ചു. അദ്ദേഹത്തിന്റെ മറുപടി ലളിതമായിരുന്നു:

‘‘എന്റെ മക്കൾക്ക് പട്ടിണിയില്ലാതെ ജീവിക്കാൻ കഴിയുന്നുണ്ട്, എന്നാൽ ചുറ്റുമുള്ള എണ്ണമറ്റ മനുഷ്യർക്ക് ദിവസത്തിൽ ഒരു നേരം പോലും വിശപ്പടക്കാനുള്ള ആഹാരം ലഭിക്കുന്നില്ല; അവരുടെ അവസ്ഥക്ക് മാറ്റം വരുത്താനുള്ള പരിശ്രമമാണ് ഞാൻ ഏറ്റെടുത്തിരിക്കുന്നത്.’’

തിരുവിതാംകൂർ വാദത്തിന്റെ മുൻകാല വക്താക്കൾ കോൺഗ്രസിൽ ചേർന്നതോടെ അവർക്കൊപ്പം പ്രവർത്തിക്കാനുള്ള വൈമനസ്യം കാരണം ബേക്കർ സാഹിബ് പാർട്ടി വിട്ടു. ഇടതുപക്ഷ നേതാക്കളുമായുള്ള അടുത്ത ബന്ധം, കായംകുളത്ത് രൂപവത്കരിച്ച ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടി സെല്ലിലെ നാല് അംഗങ്ങളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. തോപ്പിൽ ഭാസി, ശങ്കരനാരായണൻ തമ്പി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരെല്ലാം അക്കാലത്തെ സഹപ്രവർത്തകരായിരുന്നു. ബേക്കർ സാഹിബിന്റെ സമരവീര്യത്തെപ്പറ്റി തോപ്പിൽ ഭാസി ‘ഒളിവിലെ ഓർമകളി’ലും പുതുപ്പള്ളി രാഘവൻ ‘വിപ്ലവസ്മരണകളി’ലും രേഖപ്പെടുത്തിയിട്ടുണ്ട്. 1964-ലെ പിളർപ്പോടെ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയും ഉപേക്ഷിച്ചു. തുടർന്ന്, കായംകുളത്തിന്റെ സാമൂഹിക-സാമ്പത്തിക പുരോഗതിക്കായി സ്വതന്ത്രനായി നിലകൊണ്ടു.

കായംകുളം മുനിസിപ്പൽ കൗൺസിലിലേക്ക് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച വേളയിൽ മൂന്ന് സുപ്രധാന റോഡുകൾ നിർമിക്കാൻ അദ്ദേഹം നേതൃത്വം നൽകി. അതിലൊന്ന് എന്റെ വീടിനു മുന്നിലൂടെയാണ് കടന്നുപോകുന്നത്; കായംകുളം-പുനലൂർ റോഡിനെ, ഒരുകാലത്ത് ശരിയായ യാത്രാസൗകര്യമില്ലാതിരുന്ന നിരവധി ഗ്രാമങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. രണ്ടാമത്തെ റോഡ് ഇന്നത്തെ റെയിൽവേ സ്റ്റേഷനെയും കായംകുളം-പുനലൂർ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. അക്കാലത്ത് ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് തനത് ഫണ്ടുകളൊന്നും ലഭ്യമല്ലാതിരുന്നതിനാൽ, റോഡ് പണിയിൽ സഹായിക്കാനായി വിദ്യാർഥികളെ അയക്കാൻ അദ്ദേഹം സ്കൂളുകളുടെ പിന്തുണ തേടിയിരുന്നു. മൂന്നാമത്തെ റോഡ്, മാർത്തോമ്മാ വിശ്വാസികൾ പള്ളിയിലേക്ക് പോകാൻ ഉപയോഗിച്ചിരുന്ന ഇടുങ്ങിയ നടപ്പാതയ്ക്ക് പകരമായി നിർമിച്ചതാണ്. ആ നടപ്പാതയുടെ ഇരുവശത്തും ആൾപൊക്കത്തിൽ വളർന്നുനിന്നിരുന്ന കൈതച്ചെടികളുടെ മൂർച്ചയുള്ള മുള്ളുകൾ സ്ത്രീകളുടെ വസ്ത്രങ്ങളിൽ കുരുങ്ങുമായിരുന്നു. അവിടെ ബേക്കർ സാഹിബ് മികച്ചൊരു റോഡ് നിർമിച്ചു.

ഈ റോഡുകൾ ഇന്നും തലമുറകൾക്ക് ഉപകാരപ്പെടുന്നു; ഇവയുടെ നിർമാണത്തിന് പിന്നിൽ പ്രവർത്തിച്ച വ്യക്തിയെക്കുറിച്ച് അവരിൽ ഭൂരിഭാഗം പേർക്കും ഒരുപക്ഷേ അറിവുണ്ടാകില്ല. ഞങ്ങളുടെ വീടിനു മുന്നിലുള്ള റോഡിന് ബേക്കർ സാഹിബിന്റെ പേര് നൽകണമെന്നാണ് എന്റെ ആഗ്രഹം. ആ ചരിത്രമനുഷ്യന് നൽകാൻ കഴിയുന്ന ചെറുതെങ്കിലും ഉചിതമായ ഒരു ആദരവായിരിക്കും അത്.

നികുതിദായകർക്ക് മാത്രം വോട്ടവകാശമുണ്ടായിരുന്ന പഴയ കാലത്തെ തെരഞ്ഞെടുപ്പുമുതൽ, വോട്ടവകാശമുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും സമ്മതിദാനം വിനിയോഗിച്ചിട്ടുണ്ട് എന്ന കാര്യം തെല്ല് അഭിമാനത്തോടെയാണ് അദ്ദേഹം പറഞ്ഞത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുരംഗത്തേക്ക് വന്ന ഒരു മനുഷ്യനെ സംബന്ധിച്ച്, വോട്ട് ചെയ്യുക എന്നത് കേവലം ഔപചാരികതയല്ല; മറിച്ച് പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. കൊടിയ മർദനങ്ങളും തടവുജീവിതവും സഹിച്ചാണ് അദ്ദേഹം അതിനുള്ള വില നൽകിയത്. കുതന്ത്രങ്ങളിലൂടെ ഭൂരിപക്ഷമുറപ്പിക്കാൻ വോട്ട് കവർച്ചയും പട്ടികയിൽനിന്ന് വെട്ടിനീക്കലുമെല്ലാം നടത്തുന്നവർക്ക് അന്യമായതും ആ മൂല്യബോധമാണ്.

ajphilip@gmail.com

Tags:    
News Summary - 104 Years of a Freedom Seeker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.