നാലുപേരുടെ മരണത്തിനിടയാക്കിയ
അപകടത്തിൽ തകർന്ന ജി.എം.സി വാഹനം, ഏഴുപേരടങ്ങിയ കുടുംബം ഇതിലാണ് സഞ്ചരിച്ചത്
മദീന അപകടം, ഖബറടക്ക നിയമനടപടികൾ പൂർത്തിയാകുന്നു
മദീന: മദീനക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച നാല് മലപ്പുറം സ്വദേശികളുടെ മൃതദേഹങ്ങൾ മദീനയിൽ ഖബറടക്കും. നിയമനടപടികൾ പൂർത്തിയാകുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു. മദീനയിൽനിന്നും 150 കിലോമീറ്റർ അകലെ ഹംന, വാദി ഫറഅ് ആശുപത്രി മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി മദീന ജന്നത്തുൽ ബഖീഅ് മഖ്ബറയിൽ ഖബറടക്കാനുള്ള ശ്രമത്തിലാണെന്ന് മദീന കെ.എം.സി.സി നേതാവ് ഷഫീഖ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
മലപ്പുറം മങ്കട വെള്ളില യു.കെ പടി സ്വദേശിയും അങ്ങാടിപ്പുറം തിരൂർക്കാട് തോണിക്കരയിൽ സ്ഥിരതാമസക്കാരനുമായ നടുവത്ത് കളത്തിൽ അബ്ദുൽ ജലീൽ (52), ഭാര്യ തസ്ന തോടേങ്ങൽ (40), മകൻ നടുവത്ത് കളത്തിൽ ആദിൽ (14), ജലീലിെൻറ മാതാവ് മൈമൂനത്ത് കാക്കേങ്ങൽ (73) എന്നിവരാണ് ദാരുണമായ അപകടത്തിൽ മരിച്ചത്. അബ്ദുൽ ജലീലിെൻറ മറ്റു മക്കളായ അയിഷ (15), ഹാദിയ (ഒമ്പത്), നൂറ (ഏഴ്) എന്നിവർ ചികിത്സയിലാണ്. ഇവരിൽ സാരമായ പരിക്കുള്ള രണ്ടു കുട്ടികൾക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുന്നുണ്ട്.
മൂന്നാമത്തെ കുട്ടി ഇതിനകം ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ആയിട്ടുണ്ട്. അബ്ദുൽ ജലീലിന്റെ മറ്റു മൂന്ന് മക്കളായ അദ്നാൻ, അൽ അമീൻ, ഹന എന്നിവർ നാട്ടിൽ ഹോസ്റ്റ്ലിൽ താമസിച്ചും മറ്റും പഠിക്കുകയാണ്.
അപകട വിവരമറിഞ്ഞു ഇവരും കൂടെ അബ്ദുൽ ജലീലിെൻറ രണ്ടു സഹോദരിമാരും ഒരു സഹോദരിയുടെ ഡോക്ടറായ ഭർത്താവും നാട്ടിൽനിന്നും മദീനയിലെത്തിയിട്ടുണ്ട്.
30 വർഷത്തോളമായി പ്രവാസിയായ അബ്ദുൽ ജലീൽ ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. അദ്ദേഹത്തിെൻറ ഭാര്യയും നാല് കുട്ടികളും സന്ദർശന വിസയിലും ഉമ്മ മൈമൂനത്ത് ഉംറ വിസയിലുമാണ് ജിദ്ദയിലെത്തിയത്. മദീന സന്ദർശനത്തിനായി പുറപ്പെട്ട ഇവർ സഞ്ചരിച്ച ജി.എം.സി വാഹനം തീറ്റപ്പുല്ല് കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
ജിദ്ദ-മദീന റോഡിൽ വാദി ഫറഅ് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. അബ്ദുൽ ജലീലും കുടുംബവും ഏതാനും വർഷം മുമ്പാണ് തിരൂർക്കാട് തോണിക്കരയിൽ പുതിയ വീട് നിർമിച്ചു താമസം മാറിയത്. ജലീലിെൻറ ഭാര്യ തസ്ന തോടേങ്ങൽ മേലെ അരിപ്ര സ്വദേശിനിയാണ്. അതുകൊണ്ടുതന്നെ ഈ കുടുംബത്തിനുണ്ടായ ദാരുണമായ അപകടം മൂന്ന് ഗ്രാമങ്ങളെയാണ് ഒരേപോലെ ദുഃഖത്തിലാഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.