ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും മുതിർന്ന ഭരതനാട്യം നർത്തകിമാരിൽ ഒരാളും തലമുറകളുടെ ഗുരുവുമായ സരോജ വൈദ്യനാഥൻ ഡൽഹിയിലെ വസതിയിൽ നിര്യാതയായി. 86 വയസ്സായിരുന്നു. കുറച്ചു നാളായി അർബുദ ചികിത്സയിലായിരുന്ന അവർ വ്യാഴാഴ്ച പുലർച്ച നാലുമണിയോടെയാണ് അന്ത്യശ്വാസം വലിച്ചതെന്ന് നർത്തകിയും മരുമകളുമായ രമ വൈദ്യനാഥൻ അറിയിച്ചു.
ഭരതനാട്യത്തിനും കർണാട്ടിക് സംഗീതത്തിനും പുറമെ ബാലെ, കൊറിയോഗ്രഫി മേഖലകളിലും വലിയ സംഭാവനകൾ നൽകിയ വ്യക്തിയാണ് സരോജ. രാജ്യം പത്മശ്രീ, പത്മഭൂഷൺ ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് അരനൂറ്റാണ്ടോളമായി ഗണേശ നാട്യാലയ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തിവരുകയാണ്. വെള്ളിയാഴ്ച ഉച്ച രണ്ടുമണിക്ക് ലോധി ശ്മശാനത്തിലാണ് സംസ്കാരം.
കല-സാംസ്കാരിക രംഗത്തെ സരോജയുടെ സംഭാവനകൾ രാജ്യം എക്കാലവും ഓർക്കുമെന്ന് സാംസ്കാരികമന്ത്രി ജി. കിഷൻ റെഡ്ഡി പറഞ്ഞു. സരോജയുടെ നിര്യാണം നടനരംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിക്കുകയെന്ന് ഭരതനാട്യം നർത്തകിയും രാജ്യസഭ എം.പിയുമായ സോണൽ മാൻസിങ് പറഞ്ഞു.
കർണാടകയിലെ ബെല്ലാരിയിൽ 1937ൽ ജനിച്ച സരോജ ചെന്നൈയിലും തഞ്ചാവൂരിലുമായാണ് നൃത്തവും സംഗീതവും അഭ്യസിച്ചത്. വിവാഹത്തെ തുടർന്ന് പൊതുപരിപാടികൾ ഉപേക്ഷിച്ച് നൃത്താധ്യാപനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവ് വൈദ്യനാഥന്റെ സ്ഥലം മാറ്റവുമായി ബന്ധപ്പെട്ടാണ് ഡൽഹിയിലെത്തിയത്. 74ൽ ഗണേശ നാട്യാലയ സ്ഥാപിച്ചു. കാമേഷ് ആണ് മകൻ. കൊച്ചുമകൾ ദക്ഷിണ വൈദ്യനാഥനും അറിയപ്പെടുന്ന നർത്തകിയാണ്. ഭരതനാട്യവും കർണാട്ടിക് സംഗീതവുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.