റിയാദ്: സൗദി അറേബ്യയിലെ അൽ ഖസീമിന് സമീപം നടന്ന ദാരുണമായ വാഹനാപകടത്തിൽ റിയാദ് അൽ യാസ്മിൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി വാജിഹ ഫാത്തിമ (13) മരിച്ചു. മദീന സന്ദർശനത്തിനായി തെലങ്കാന ഹൈദരാബാദ് സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
വാജിഹ ഫാത്തിമയും മാതാപിതാക്കളും സഹോദരങ്ങളും അടക്കം അഞ്ചുപേരടങ്ങിയ കുടുംബം റിയാദിൽനിന്ന് മദീന ലക്ഷ്യമാക്കി യാത്ര ചെയ്യുമ്പോഴാണ് അപകടം സംഭവിച്ചത്. അപകടസ്ഥലത്തുവെച്ച് തന്നെ വാജിഹ ഫാത്തിമ മരിച്ചു. പിതാവ് മുഹമ്മദ് ഖാലിദ്, മാതാവ് അസ്മ ഷാർക്ക്, സഹോദരങ്ങളായ മുഹമ്മദ് സഅദ് (11), ഇളയ സഹോദരി അമീറ (നാല്) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ശരീരമാസകലം സാരമായ പരിക്കുകളോടെ മുഹമ്മദ് ഖാലിദും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിൽ ഒടിവുകൾ സംഭവിച്ച നിലയിൽ അസ്മയും മുഹമ്മദ് സഅദും ബുറൈദയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അമീറ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. മുഹമ്മദ് സഅദ് അൽയാസ്മിൻ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്.
വാജിഹ ഫാത്തിമയുടെ അകാല വേർപാടിൽ അൽ യാസ്മിൻ സ്കൂൾ സമൂഹം അഗാധമായ ദുഃഖം രേഖപ്പെടുത്തി. വളരെ വിനയവും നല്ല സ്വഭാവവും പുലർത്തിയിരുന്ന വിദ്യാർത്ഥിനിയായിരുന്നു വാജിഹയെന്ന് അധ്യാപകരും സഹപാഠികളും അനുസ്മരിച്ചു. സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുൽ ഇല അൽ മൊയ്‌ന, പ്രിൻസിപ്പൽ, മാനേജ്മെൻറ് എന്നിവർ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന വാജിഹയുടെ മാതാപിതാക്കളും സഹോദരങ്ങളും എത്രയും വേഗം പൂർണ ആരോഗ്യത്തിലേക്ക് തിരിച്ചെത്താനായി പ്രവാസി സമൂഹവും സ്കൂൾ അധികൃതരും പ്രാർഥനയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.