തബൂക്ക്: പ്രവാസലോകത്തെയും നാടിനെയും ഒരുപോലെ കണ്ണീരിലാഴ്ത്തി സൗദിയിലെ തബൂക്കിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം ചെറുകുളമ്പ് സ്വദേശി കളത്തിങ്ങൽ ഹുസൈെൻറ (34) മൃതദേഹം ഖബറടക്കി.
ഒന്നര വർഷം മുമ്പ് തബൂക്കിലെത്തിയ ഹുസൈൻ, ബ്രോസ്റ്റ് അതീയാബ് താസജ് ഗ്രൂപ്പിന് കീഴിലുള്ള ഷോപ്പിലെ ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് സുഹൃത്തുക്കളോടൊപ്പം ജ്യൂസ് കുടിച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടയിലാണ് ഹുസൈനെ തേടി മരണം എത്തിയത്.
തബൂക്ക് ഷിഫയിൽ വെച്ച് അമിതവേഗതയിൽ വന്ന കാർ ഹുസൈനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റമദാനിലെ നോമ്പ് നോൽക്കാൻ അത്താഴത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. ഉടൻ തന്നെ തബൂക്ക് കിങ് ഖാലിദ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാലുവർഷം റിയാദിൽ ജോലി ചെയ്ത ശേഷമാണ് ഹുസൈൻ തബൂക്കിലേക്ക് മാറിയത്.
ആറു മാസം മുമ്പ് പിതാവ് കളത്തിങ്ങൽ ഹംസ മരിച്ച വേളയിലാണ് ഹുസൈൻ അവസാനമായി നാട്ടിൽ പോയി മടങ്ങിയത്. മാതാവ് ആച്ചുട്ടിയും ഭാര്യ ഹിബ തസ്നീമും ഏഴ് സഹോദരന്മാരും ഒരു സഹോദരിയുമടങ്ങുന്നതാണ് ഹുസൈെൻറ കുടുംബം. മക്കളില്ല. കുടുംബത്തിെൻറ വലിയ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ മണലാരണ്യത്തിലെത്തിയ ഈ യുവാവിെൻറ വിയോഗം ഉറ്റവർക്കും സുഹൃത്തുക്കൾക്കും താങ്ങാവുന്നതിലപ്പുറമായി.
റിയാദിലുള്ള സഹോദരൻ ബഷീർ, വിവിധയിടങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ, നാട്ടുകാർ, തബൂക്കിലെ മലയാളി സമൂഹം, കമ്പനി ജീവനക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച ദുഹ്ർ നമസ്‍കാരത്തിന് ശേഷം തബൂക്ക് മസ്ജിദിൽ മയ്യിത്ത് നമസ്കാരം നടന്നു.
ബ്രോസ്റ്റ് അതീയാബ് താസജ് ഗ്രൂപ്പ് അധികൃതരും, സി.സി.ഡബ്ല്യൂ.എ അംഗങ്ങളായ ഇസ്മാഈൽ പുള്ളാട്ട്, സിറാജ് എറണാകുളം എന്നിവരും തബൂക്ക് കെ.എം.സി.സി വെൽഫെയർ വിങ് അംഗങ്ങളും മറ്റു സാമൂഹിക സന്നദ്ധ പ്രവർത്തകരും നിയമനടപടികൾ പൂർത്തിയാക്കാൻ സജീവമായി രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.