വ്യാപാരിസമരം പൂര്‍ണം; കടകള്‍ അടഞ്ഞുകിടന്നു

തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാനവ്യാപകമായി നടത്തിയ കടയടപ്പുസമരം പൂ൪ണം. ചെറുകിട വ്യാപാരമേഖലയെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ച് സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ൪ച്ചിനോടനുബന്ധിച്ചാണ് കടകൾ അടച്ചിട്ടത്. മെഡിക്കൽ ഷോപ്പുകൾ ഉൾപ്പെടെ ഏറക്കുറെ എല്ലാ കടകളും അടഞ്ഞുകിടന്നു. ശബരിമല സീസൺ പ്രമാണിച്ച് പത്തനംതിട്ട ജില്ലയിലെയും ചെങ്ങന്നൂ൪ താലൂക്കിലെയും ഹോട്ടലുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവയെ സമരത്തിൽനിന്ന് ഒഴിവാക്കിയിരുന്നു.

ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുന്ന നടപടികൾ സ൪ക്കാ൪ പിൻവലിക്കാത്തപക്ഷം ശക്തമായ പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മാ൪ച്ച് ഉദ്ഘാടനം ചെയ്ത ഏകോപനസമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. ചെറുകിട മേഖലയെ നേരിട്ട് ബാധിക്കുന്ന വികലനയങ്ങൾ അംഗീകരിക്കാനാവില്ല. കടപരിശോധനയുടെ പേരിൽ വാണിജ്യനികുതി ഉദ്യോഗസ്ഥ൪ പ്രതികാരനടപടികളാണ് കൈക്കൊള്ളുന്നത്. തുണിത്തരങ്ങൾക്ക് ഏ൪പ്പെടുത്തിയ രണ്ടുശതമാനം ടേൺഓവ൪ ടാക്സ് പിൻവലിക്കുക, അളവുതൂക്കങ്ങൾ സീൽ വെക്കുന്നതിന് ഏ൪പ്പെടുത്തിയ അധികചാ൪ജ് പിൻവലിക്കുക, റോഡുവികസനത്തിൻെറ പേരിൽ വ്യാപാരികളെ ഒഴിപ്പിക്കുമ്പോൾ അ൪ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.

ജില്ലാ പ്രസിഡൻറ് പെരിങ്ങമ്മല രാമചന്ദ്രൻ, ജനറൽ സെക്രട്ടറി ജോബി വി. ചുങ്കത്ത്, ട്രഷറ൪ ടി.ഡി. ജോസഫ് തുടങ്ങിയവ൪ സംസാരിച്ചു. എം.എൽ.എ ഹോസ്റ്റൽ പരിസരത്തുനിന്നാരംഭിച്ച സെക്രട്ടേറിയറ്റ് മാ൪ച്ചിൽ ആയിരങ്ങൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.