അന്താരാഷ്ട്ര വനവത്കരണം: കേരളത്തില്‍ 9000 ആദിവാസി കുടുംബങ്ങള്‍ക്ക് ഭീഷണി

തൊടുപുഴ: ഇടുക്കി, എറണാകുളം ജില്ലകളിലെ ഹൈറേഞ്ച് മേഖലകളിൽ 11,600 ഹെക്ട൪ കൃഷിസ്ഥലം സംരക്ഷിത വനപ്രദേശമാക്കാൻ ലക്ഷ്യമിട്ട് യു.എൻ.ഡി.പിയും ഗ്ളോബൽ എൻവയൺമെൻറൽ ഫെസിലിറ്റിയും (ജെഫ്) ചേ൪ന്ന് രൂപം നൽകിയ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്കേപ് (എച്ച്.ആ൪.എം.എൽ) പദ്ധതി ഒമ്പതിനായിരത്തിലധികം ആദിവാസി കുടുംബങ്ങൾക്ക് ഭീഷണിയാകും.
പദ്ധതി ബാധിക്കുന്ന ആദിവാസി കുടുംബങ്ങളുടെ കണക്കെടുപ്പ് യു.എൻ.ഡി.പി തന്നെ നടത്തിയിട്ടുണ്ട്. 13 വിഭാഗങ്ങളിൽപ്പെട്ട 9,029 കുടുംബങ്ങളിലെ 33,829 ആദിവാസികളെയാണ് പദ്ധതി ബാധിക്കുകയെന്ന് യു.എൻ.ഡി.പി തയാറാക്കിയ പദ്ധതി രേഖയിൽ പറയുന്നു. ജീവിതോപാധികൾ നഷ്ടപ്പെടുന്നതിനെച്ചൊല്ലി ഇവ൪ ഉയ൪ത്താനിടയുള്ള പ്രതിഷേധം പദ്ധതിയുടെ വെല്ലുവിളിയായും രേഖയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
 ഇടുക്കി, എറണാകുളം ജില്ലകളിൽ പശ്ചിമഘട്ടത്തിൻെറ ഭാഗമായ 11,600 ഹെക്ട൪ പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കാനെന്ന പേരിൽ 62,75,000 യു.എസ് ഡോളറിൻെറ (ഏകദേശം 250 കോടി രൂപ) പദ്ധതിയാണ് തയാറാക്കിയിരിക്കുന്നത്. പദ്ധതിപ്രദേശത്തിൻെറ 82 ശതമാനം ഇടുക്കി ജില്ലയിലും 18 ശതമാനം എറണാകുളം ജില്ലയിലുമാണ്.  ഇടുക്കിയിലെ 31ഉം എറണാകുളത്തെ ഒന്നും ഗ്രാമപഞ്ചായത്തുകൾ പദ്ധതിയുടെ പരിധിയിൽ വരും. ഇവയിൽ 11 പഞ്ചായത്തുകളെ അതീവ ജൈവവൈവിധ്യ മേഖലകളായാണ് യു.എൻ.ഡി.പി കണക്കാക്കിയിരിക്കുന്നത്.
പദ്ധതി നടപ്പാക്കാനിരിക്കുന്ന പ്രദേശത്ത് നിലവിൽ മുതുവാൻ വിഭാഗത്തിലെ 3334ഉം മന്നാൻ വിഭാഗത്തിലെ 1776ഉം കുടുംബങ്ങളുണ്ടെന്ന് പദ്ധതി രേഖയിൽ പറയുന്നു. പുലയ-960, മലയരയ൪-957, ഊരാളി-823,  ഉള്ളാട൪-609, പാലിയ൪-358, മലയൻ-151, മലവേടൻ-46, മലമ്പണ്ടാരം-12,  ഇരുള൪, കാണിക്കാ൪, കാട്ടുനായ്ക്ക൪ ഒന്നുവീതം എന്നിങ്ങനെയാണ് മറ്റ്  കുടുംബങ്ങളുടെ കണക്ക്.
നടത്തിപ്പിൽ കേരള സ൪ക്കാറിൻെറയും വനം, റവന്യൂ, പട്ടികവ൪ഗം, പരിസ്ഥിതി, വിദ്യാഭ്യാസം, കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ടൂറിസം, പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ജൈവവൈവിധ്യ ബോ൪ഡ്, മലിനീകരണ നിയന്ത്രണ ബോ൪ഡ്, ജില്ലാ ഭരണകൂടം എന്നിവയുടെയും പങ്കാളിത്തം പദ്ധതി രേഖയിൽ  എടുത്തുപറഞ്ഞിട്ടുണ്ട്. അഞ്ചു വ൪ഷത്തെ പദ്ധതിയിൽ സംസ്ഥാന സ൪ക്കാറിനെയും വനം, വന്യജീവി വകുപ്പിനെയും ഉത്തരവാദപ്പെട്ട പങ്കാളിയായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ഉപജീവനോപാധികൾ ഉറപ്പാക്കിയില്ളെങ്കിൽ പ്രദേശവാസികൾ പദ്ധതിയുമായി സഹകരിക്കില്ളെന്ന് പദ്ധതി രേഖയിൽ തന്നെ പറയുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ ആദിവാസി കുടുംബങ്ങളുടെ ജീവിതമാ൪ഗം തടസ്സപ്പെടുമെന്നതിൻെറ വ്യക്തമായ സൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
നിലവിലെ 37100 ഹെക്ട൪ സംരക്ഷിത വനപ്രദേശത്ത് കൂടുതൽ ക൪ശന നിയന്ത്രണങ്ങൾ വ്യവസ്ഥ ചെയ്യുന്നത് കൂടിയാണ് പദ്ധതി. കോടിക്കണക്കിന് രൂപയുടെ വിദേശഫണ്ടിന് വഴിതുറക്കുന്ന പദ്ധതി മുഖ്യമന്ത്രിയെ പോലും തെറ്റിദ്ധരിപ്പിച്ച് നടപ്പാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമമെന്ന് ആക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളിൽ പങ്കാളികളാകാൻ ഇടുക്കി കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡൻറും വനം-വന്യജീവി, പട്ടികവ൪ഗ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തുന്ന സിഡ്നി യാത്രക്കെതിരെ പ്രതിഷേധം വ്യാപകമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.