സര്‍വകലാശാല വി.സി, പി.വി.സി നിയമന പ്രായപരിധിയും കാലാവധിയും വര്‍ധിപ്പിക്കാന്‍ ശിപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ സ൪വകലാശാലകളിൽ വൈസ്ചാൻസല൪, പ്രോ വൈസ്ചാൻസല൪ നിയമനത്തിനുള്ള പ്രായപരിധിയും കാലാവധിയും വ൪ധിപ്പിക്കാൻ ശിപാ൪ശ. നിലവിൽ 60 കവിയാത്തവരെയാണ് വി.സിമാരായി നിയമിക്കുന്നതെങ്കിൽ ഇത് 65 ആക്കാനാണ് ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച വിദഗ്ധസമിതിയുടെ ശിപാ൪ശ. പി.വി.സി നിയമനത്തിനുള്ള പ്രായപരിധി 56ൽനിന്ന് 60 ആക്കാനും ശിപാ൪ശയുണ്ട്. വി.സിയുടെയും പി.വി.സിയുടെയും നിയമന കാലാവധി നിലവിൽ നാലുവ൪ഷമാണ്. ഇത് അഞ്ചാക്കാനാണ് ശിപാ൪ശ. ഭോപ്പാൽ നാഷനൽ ജുഡീഷ്യൽ അക്കാദമി ഡയറക്ട൪ ഡോ. ചന്ദ്രശേഖരപിള്ള ചെയ൪മാനും കേരള സ൪വകലാശാല പ്രോ വൈസ്ചാൻസല൪ ഡോ.എൻ. വീരമണികണ്ഠൻ കൺവീനറും കാലിക്കറ്റ് സ൪വകലാശാല വൈസ് ചാൻസല൪ ഡോ. എം. അബ്ദുസലാം, മുൻ അഡീ. ചീഫ് സെക്രട്ടറി കെ.കെ. വിജയകുമാ൪, പ്രഫ. ജെ.കെ.വി. സന്തോഷ് എന്നിവ൪ അംഗങ്ങളുമായ കമ്മിറ്റിയാണ് റിപ്പോ൪ട്ട് തയാറാക്കിയത്. ഉന്നത വിദ്യാഭ്യാസ കൗൺസിലിന് സമ൪പ്പിച്ച റിപ്പോ൪ട്ട് ഉടൻ സ൪ക്കാറിന് കൈമാറും.
സ൪വകലാശാല ചട്ടങ്ങൾ പരിഷ്കരിക്കുന്നത് സംബന്ധിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ നിയോഗിക്കപ്പെട്ട സമിതി വൈസ് ചാൻസല൪ നിയമനത്തിനുള്ള സെ൪ച് കമ്മിറ്റി രൂപവത്കരണത്തിലും ഭേദഗതി ശിപാ൪ശചെയ്തിട്ടുണ്ട്. മൂന്നംഗ സെ൪ച് കമ്മിറ്റിയിൽ നേരത്തെ ചാൻസലറുടെ പ്രതിനിധിയുണ്ടായിരുന്നത് മാറ്റി സ൪ക്കാ൪ പ്രതിനിധിയാക്കാനാണ് ശിപാ൪ശ. സ൪വകലാശാല സെനറ്റിൻെറ പ്രതിനിധിക്കുപകരം സിൻഡിക്കേറ്റിൻെറ പ്രതിനിധിയെ ആണ് സെ൪ച് കമ്മിറ്റിയിലേക്ക് ശിപാ൪ശചെയ്തിരിക്കുന്നത്. സെ൪ച് കമ്മിറ്റി കൺവീനറെ നിയമിക്കാനുള്ള ചാൻസലറുടെ അധികാരവും ശിപാ൪ശയിലില്ല. സ൪വകലാശാലകളിൽ വൈസ് ചാൻസല൪മാ൪ ഇല്ളെങ്കിൽ പകരം സ൪ക്കാ൪ സെക്രട്ടറിമാ൪ക്ക് ചുമതല നൽകുന്ന രീതിക്കും അന്ത്യമിടുന്നതാണ് റിപ്പോ൪ട്ട്. വി.സിമാരുടെ ഒഴിവുണ്ടെങ്കിൽ അവിടെ പി.വി.സിമാ൪ക്കായിരിക്കും പകരം ചുമതല. പി.വി.സിയും ഇല്ളെങ്കിൽ മുതി൪ന്ന ഡീനിന് വി.സിയുടെ അധികാരങ്ങൾ നൽകണം.
എ.കെ. ആൻറണി മുഖ്യമന്ത്രിയായിരുന്നപ്പോൾ മുതൽ കേൾക്കുന്ന ഏകീകൃത സ൪വകലാശാല നിയമത്തിനും റിപ്പോ൪ട്ടിൽ ശിപാ൪ശയുണ്ട്. സാധ്യമാകുന്നിടത്തോളം നിയമങ്ങൾ ഏകീകരിക്കാനാണ് ശിപാ൪ശ. നിലവിലെ ഭരണ, അക്കാദമിക് സമിതികൾക്ക് പുറമെ പുതുതായി ഡീനുമാരുടെ കൗൺസിൽ രൂപവത്കരിക്കാൻ ശിപാ൪ശയുണ്ട്. സിൻഡിക്കേറ്റിന് അക്കാദമിക് കാര്യങ്ങളിലുള്ള അധികാരങ്ങൾ കൗൺസിൽ ഓഫ് ഡീൻസിന് നൽകുന്ന രൂപത്തിലാണ് ശിപാ൪ശ. സിൻഡിക്കേറ്റിനുള്ള അധികാരം ഭരണമേഖലയിൽ മാത്രമായി ചുരുക്കുന്നതും റിപ്പോ൪ട്ടിൻെറ പ്രത്യേകതയാണ്. കോളജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ ഉൾപ്പെടെ മേൽനോട്ട അധികാരം ബന്ധപ്പെട്ട സ൪വകലാശാലകൾക്ക് നൽകണമെന്നും ശിപാ൪ശ ചെയ്തിട്ടുണ്ട്. സ൪വകലാശാലകൾക്ക് പൊതു അക്കാദമിക്-പരീക്ഷാ കലണ്ടറുകൾ വേണം. അക്കാദമിക് വിരുദ്ധമായ രാഷ്ട്രീയ ഇടപെടലുകൾ ഉന്നത വിദ്യാഭ്യാസത്തിൻെറ ഗുണനിലവാരത്തിന് കോട്ടംതട്ടാൻ വഴിയൊരുക്കിയതായി റിപ്പോ൪ട്ടിൽ പറയുന്നു. സ൪വകലാശാലകളിലെ അധ്യാപക നിയമനങ്ങൾ യു.ജി.സി നിയമങ്ങൾക്ക് വിധേയമാക്കണം. സ്റ്റാറ്റ്യൂട്ടറി പദവികൾ ഒഴികെ അനധ്യാപക തസ്തികകളിൽ പി.എസ്.സി വഴി നിയമനം നടത്തണം. കാര്യക്ഷമമായ സ൪വകലാശാല അപ്പലേറ്റ് ട്രൈബ്യൂണൽ രൂപവത്കരിക്കണം. സ൪വകലാശാല ഫണ്ട് ഓഡിറ്റിങ്ങിനുള്ള അധികാരം സ൪ക്കാറിൻെറ ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തിൽനിന്ന് ഒഴിവാക്കണം. പകരം അക്കൗണ്ടൻറ് ജനറലിൻെറ നിയന്ത്രണത്തിൽ ഓരോ സ൪വകലാശാലക്കും ഓഡിറ്റ് വിഭാഗം രൂപവത്കരിക്കണം. അല്ളെങ്കിൽ സ൪വകലാശാല ഓഡിറ്റിങ്ങിനായി പൊതുസംവിധാനം വേണമെന്നും ശിപാ൪ശയുണ്ട്. കാലടി സംസ്കൃത സ൪വകലാശാലക്ക് നിയമപ്രകാരമുള്ള സ്റ്റാറ്റ്യൂട്ട് രൂപവത്കരിക്കാൻ സമയം അതിക്രമിച്ചതായും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.