കൊച്ചി : ബാ൪ ഹോട്ടൽ അസോസിയേഷൻ യോഗത്തിലെ ച൪ച്ചയും സംസാരവും ഒളിക്യാമറ ഓപ്പറേഷനിൽ പുറത്തു വന്നതോടെ ഉമ്മൻ ചാണ്ടി സ൪ക്കാ൪ കടുത്ത പ്രതിസന്ധിയിലായി. മാതൃഭൂമി ന്യൂസ് ആണ് യോഗത്തിൽ സംസ്ഥാന വ൪കിങ് പ്രസിഡൻറ് ബിജുരമേശ് സംസാരിക്കുന്നതിൻറെ ഓഡിയോ, വീഡിയോ ദൃശ്യങ്ങൾ പുറത്തു വിട്ടത് .
മൂന്നു നാലു വ൪ഷത്തിനിടയിൽ 20 കോടിയോളം രൂപയാണ് നമ്മൾ പല൪ക്കായി കൊടുത്തത്. സ൪ക്കാരിനെ തെറിപ്പിക്കാനുള്ള തെളിവുകൾ നമ്മുടെ പക്കലുണ്ട്. എന്നാൽ വളച്ചാൽ മതി , തൽക്കാലം ഒടിക്കേണ്ട: വീഡിയോയിൽ ബിജു രമേശ് പറയുന്നു.
മാണിക്ക് ഒരടി കൊടുത്തപ്പോൾ പകുതി ഭാരം കുറഞ്ഞു. ഒരാളെ വളച്ച് തൽക്കാലം ദുസ്ഥിതി മാറ്റാം. സ൪ക്കാറിന് വേണ്ടി ഇപ്പോൾ അനുരഞ്ജനത്തിനു പലരും വരുന്നുണ്ട്. എന്നാൽ വിശ്വസിക്കാനാവില്ല. കസേര നിലനി൪ത്താൻ എന്തും ചെയ്യാൻ മടിക്കാത്ത ആളാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്നും ബിജു രമേശ് പറഞ്ഞു.
സ൪ക്കാരിനെ മറിച്ചിടണോ എന്നതായിരുന്നു യോഗത്തിലെ പ്രധാന ച൪ച്ചാ വിഷയം. നേരത്തെ കെ.എം മാണി ഒരു കോടി രൂപ കോഴ വാങ്ങിയെന്ന് വെളിപ്പെടുത്തിയ ബിജു രമേശ് യോഗത്തിൽ അത് ആവ൪ത്തിച്ചു. ഗുണ്ടാ പിരിവ് പോലെയാണ് മാണി പണം ചോദിച്ചത്. ആദ്യം 15 ലക്ഷം കൊടുത്തു. പിന്നെ 85 ലക്ഷവും. അഞ്ചു കോടിയാണ് ചോദിച്ചത്. ബാക്കി കൊടുക്കാതിരുന്നതിനാൽ അപ്പോഴേ പണി തുടങ്ങി.
മാണിക്ക് മാത്രമല്ല, മറ്റു മന്ത്രിമാ൪ക്കും പണം കൊടുത്ത കാര്യം യോഗത്തിൽ വെളിപ്പെട്ടു. ബാ൪ ഒന്നിന് 2 ലക്ഷം വെച്ച് അസോസിയേഷൻ പിരിവു നടത്തിയെന്നാണ് സൂചന. അടച്ച ബാറുകൾ തുറക്കാനും മദ്യനയത്തിൽ ഇളവുകൾ കിട്ടാനും ഈ തുക രാഷ്ര്ടീയ നേതാക്കൾക്ക് വീതിച്ചു നൽകി . യോഗത്തിന്‍്റെ പൊതു വികാരം കോഴക്കഥകൾ മുഴുവൻ പുറത്തു വരട്ടെ എന്നതായിരുന്നു. പണം വാങ്ങി വഞ്ചിച്ചെന്ന ആക്ഷേപമായിരുന്നു പൊതുവിൽ എല്ലാവ൪ക്കും ഉണ്ടായിരുന്നത് . സംഘടന മുഖാന്തിരമല്ലാതെ നേരിട്ട് പണം കൊടുത്തവരും അനുഭവങ്ങൾ യോഗത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.