തൃശൂ൪: വൈസ് ചാൻസല൪ ഡോ. പി. രാജേന്ദ്രനെക്കുറിച്ച് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ നൽകാൻ വിസമ്മതിച്ച കാ൪ഷിക സ൪വകലാശാല പബ്ളിക് ഇൻഫ൪മേഷൻ ഓഫിസറോട് സംസ്ഥാന വിവരാവകാശ കമീഷൻ വിശദീകരണം തേടി. അപേക്ഷകൻെറ ആവശ്യം നിരസിച്ചത് സംബന്ധിച്ച പരാതിയിൽ ഈമാസം 21നകം കമീഷന് റിപ്പോ൪ട്ട് സമ൪പ്പിക്കണമെന്നും പക൪പ്പ് പരാതിക്കാരന് അയക്കണമെന്നും കമീഷൻ നി൪ദേശം നൽകി.
അയ്യന്തോൾ സ്വദേശി അഡ്വ. വി.കെ. സത്യജിത്ത് കഴിഞ്ഞ ജൂലൈ 17നും ഒക്ടോബ൪ ഒന്നിനും സ൪വകലാശാലക്ക് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി നൽകാതിരുന്നത്. രണ്ട് അപേക്ഷയും നാലാം ദിവസം സ്വീകരിച്ചിരുന്നു. നിയമപ്രകാരം മറുപടി ലഭിക്കാത്ത സാഹചര്യത്തിൽ കഴിഞ്ഞമാസം 10ന് സംസ്ഥാന വിവരാവകാശ കമീഷന് നൽകിയ അപ്പീലിലാണ് റിപ്പോ൪ട്ട് തേടിയത്. ഇപ്പോഴത്തെ വി.സി 2000ൽ തിരുവനന്തപുരം വെള്ളായണി കാ൪ഷിക കോളജിൽ അധ്യാപകനായിരുന്നോ, അന്ന് ഗവേഷണ വിദ്യാ൪ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതി ഉണ്ടായിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ചോദിച്ചത്.
പീഡനം സംബന്ധിച്ച പരാതി ഏത് ഉദ്യോഗസ്ഥൻ മുമ്പാകെ സമ൪പ്പിച്ചു, പ്രാഥമികാന്വേഷണ റിപ്പോ൪ട്ട് ലഭ്യമാക്കുക, പ്രാഥമികാന്വേഷണത്തിന് ശേഷം സ൪വകലാശാല മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചിരുന്നുവോ, ആ അന്വേഷണത്തിൻെറ റിപ്പോ൪ട്ട് സ൪വകലാശാല എക്സിക്യൂട്ടീവ് കമ്മിറ്റി മുമ്പാകെ സമ൪പ്പിച്ചിട്ടുണ്ടോ എന്നീ വിവരങ്ങളും തേടിയിരുന്നു. റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ടുണ്ടെങ്കിൽ ഡോ. രാജേന്ദ്രനെതിരെ നടപടിയെടുത്തുവോ, നടപടിയെടുത്തതിൻെറ പക൪പ്പ് ലഭ്യമാക്കുക, റിപ്പോ൪ട്ട് സമ൪ച്ചില്ളെങ്കിൽ അതിനെതിരെ എന്തെങ്കിലും നടപടിയുണ്ടായോ എന്നീ വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു.
വി.സിക്കെതിരായ തെളിവുകളാണ് ആവശ്യപ്പെട്ടതെന്ന് ബോധ്യമുള്ളതിനാലാണ് ഇൻഫ൪മേഷൻ ഓഫിസ൪ മറുപടി നൽകാതിരുന്നതെന്നും ഇത് ശിക്ഷാ൪ഹമാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന കമീഷന് അപ്പീൽ നൽകിയത്. രജിസ്ട്രാറാണ് കാ൪ഷിക സ൪വകലാശാലയുടെ സ്റ്റേറ്റ് പബ്ളിക് ഇൻഫ൪മേഷൻ ഓഫിസ൪. അദ്ദേഹത്തിനുവേണ്ടി ഒരു ജോയൻറ് രജിസ്ട്രാറും ഒരു ഡെപ്യൂട്ടി രജിസ്ട്രാറുമാണ് ചുമതല നി൪വഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.