പി.എസ്.സി കാള്‍സെന്‍റര്‍ വഴിപാടായി; വിവരമറിയാന്‍ ഉദ്യോഗാര്‍ഥികളുടെ നെട്ടോട്ടം

മലപ്പുറം: കേരള പബ്ളിക് സ൪വീസ് കമീഷന് കീഴിൽ തിരുവനന്തപുരത്തെ ഓഫിസിൽ പ്രവ൪ത്തിക്കുന്ന കാൾസെൻററിൻെറ പ്രവ൪ത്തനങ്ങൾ വഴിപാടായി. വിളിച്ചാൽ കിട്ടുന്നില്ളെന്നാണ് ഏറെപേരുടെയും പരാതി. ഏറെ നേരം തുട൪ച്ചയായി ശ്രമിച്ച് കിട്ടിയാൽതന്നെ മറുപടിയും ലഭിക്കുന്നില്ല. 14 ജില്ലകളിലെയും ഉദ്യോഗാ൪ഥികളുടെ ഫോൺവഴിയുള്ള അന്വേഷണങ്ങൾക്ക് യഥാസമയം മറുപടി പറയാൻ ആവശ്യമായ ജീവനക്കാ൪ കാൾ സെൻററിലില്ലാത്തതാണ് പ്രശ്നകാരണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സമ്മതിക്കുന്നു. രാവിലെ എട്ട് മുതൽ വൈകുന്നേരം എട്ട് വരെയാണ് കാൾസെൻററിൻെറ പ്രവ൪ത്തനസമയം.

മാസങ്ങളായി കാൾ സെൻററിലെ 04712554000 എന്ന നമ്പറിൽ വിളിച്ചാൽ ഫോൺ അറ്റൻഡ് ചെയ്യുന്നുവെന്നല്ലാതെ ഒരു മറുപടിയും ലഭിക്കുന്നില്ല. പി.എസ്.സി പരീക്ഷ, നിയമനം, റാങ്ക്ലിസ്റ്റ്, മാ൪ക്കുകൾ, നിയമന ഊഴങ്ങൾ, റിപ്പോ൪ട്ട് ചെയ്ത ഒഴിവുകൾ, വിജ്ഞാപനങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾക്കായി ഉദ്യോഗാ൪ഥികൾ കാൾസെൻററിനെ ആശ്രയിക്കുന്നുണ്ട്. ജില്ലാ പി.എസ്.സി ഓഫിസുകളിൽ ബന്ധപ്പെട്ടാൽപോലും പുതിയ വിവരങ്ങൾ ലഭിക്കാൻ കാൾസെൻററിൽ വിളിക്കാനാണ് ആവശ്യപ്പെടാറ്.
നിയമനവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ നിലനിൽക്കെ ഉദ്യോഗാ൪ഥികളെ പി.എസ്.സി വട്ടംകറക്കുകയാണെന്ന് അവ൪ കുറ്റപ്പെടുത്തുന്നു.

2011 ആഗസ്റ്റ് എട്ടിന് അന്നത്തെ പി.എസ്.സി ചെയ൪മാനായിരുന്ന കെ.വി സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്ത പി.എസ്.സി കാൾസെൻറ൪ ആറ് ലൈനുകളുമായാണ് പ്രവ൪ത്തനമാരംഭിച്ചത്. വൈകാതെ ഈ സൗകര്യം 30 ലൈനുകളിൽ ലഭ്യമാക്കുമെന്ന് അന്ന് പ്രഖ്യാപിച്ചിരുന്നു.

 ജീവനക്കാരുടെ കുറവ് മൂലമാണ് കൂടുതൽ സൗകര്യങ്ങൾ ഏ൪പ്പെടുത്താൻ കഴിയാത്തതെന്നും വിഷയം പുതുതായി ഭരണമേറ്റെടുത്ത സ൪ക്കാറിൻെറ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് 10 ലൈനുകൾ വരെ ഏ൪പ്പെടുത്തുകയും എട്ടോളം ജീവനക്കാരെ നിയമിക്കുകയും ചെയ്തു. പിന്നീട് അഞ്ച് ലൈനുകളിലായി ഈ സൗകര്യം പരിമിതപ്പെടുത്തി.
ഇപ്പോൾ മൂന്ന് ഷിഫ്റ്റുകളിലായി അഞ്ചുപേ൪ മാത്രമാണ് കാൾസെൻററിലുള്ളത്. ഒരു ഷിഫ്റ്റിൽ രണ്ടുപേ൪ വീതമാണ് അഞ്ച് ലൈനുകൾ കൈകാര്യം ചെയ്യുന്നത്.

ഇതുമൂലം വിവരങ്ങളന്വേഷിച്ച് വിളിക്കുന്ന ഉദ്യോഗാ൪ഥികൾക്ക് സമയനഷ്ടവും ധനനഷ്ടവും ഉണ്ടാകുന്നെന്ന് മാത്രമല്ല ഭാഗ്യമുണ്ടെങ്കിൽ മാത്രമേ മറുപടി കിട്ടുകയുള്ളൂ എന്നതാണ് സ്ഥിതി. എന്നാൽ, ‘സുതാര്യ കേരളം’ പദ്ധതി പ്രകാരം കാൾസെൻററിലെ നമ്പ൪ ടോൾഫ്രീ ആക്കാൻ നി൪ദേശം ലഭിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.