ട്രോളിങ് നിരോധം കഴിഞ്ഞു; ബോട്ടുകള്‍ വീണ്ടും കടലിലേക്ക്

പൊന്നാനി: 47 ദിവസത്തെ ട്രോളിങ് നിരോധശേഷം മത്സ്യബന്ധന ബോട്ടുകൾ മത്സ്യം തേടി വീണ്ടും കടലിലേക്കിറങ്ങി. പൊന്നാനി ഫിഷിങ് ഹാ൪ബറിലെ മുന്നൂറോളം ബോട്ടുകളിൽ ഇരുപതിൽ താഴെയാണ് കടലിലേക്ക് പോയത്. മറ്റ് ബോട്ടുകൾ വെള്ളിയാഴ്ച രാത്രിയേ മത്സ്യബന്ധനത്തിന് പോവൂ. കുളച്ചൽക്കാരുടെ ബോട്ടുകളാണ് വ്യാഴാഴ്ച രാത്രി പുറപ്പെട്ടത്.
ജൂൺ 15നാണ് ട്രോളിങ് ആരംഭിച്ചത്. ട്രോളിങ് നിരോധ കാലയളവിൽ ബോട്ടുകൾ കരക്ക് കയറ്റി അറ്റകുറ്റപണികൾ നടത്തുന്ന തിരക്കിലായിരുന്നു. പെയിൻറിങ്, എൻജിൻ വ൪ക്ക് എന്നിവയായിരുന്നു ഇക്കാലയളവിൽ നടന്നത്. മിക്ക ബോട്ടുകൾക്കും രണ്ടു ലക്ഷം മുതൽ നാലുലക്ഷം രൂപ വരെ അറ്റകുറ്റപണികൾക്ക് ചെലവായി. പലരും കടം വാങ്ങിയും ബാങ്കുകളിൽനിന്ന് വായ്പയെടുത്തുമാണ് കേടുപാടുകൾ തീ൪ത്തത്.
കഴിഞ്ഞ സീസൺ ബോട്ടുകളെ സംബന്ധിച്ചിടത്തോളം പണി കുറഞ്ഞ കാലമായിരുന്നു. മത്സ്യക്ഷാമവും വിദേശ ട്രോളറുകളുടെ കടന്നുകയറ്റവും ഇവരെ പ്രതിസന്ധിയിലാക്കി. ഇത് കൂടാതെ ഡീസൽ വിലക്കയറ്റവും ഇരുട്ടടിയായി. ഈ സീസണിൽ കടൽ കാര്യമായി കനിയുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.