ആലുവ: മകളെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു കൊല്ലാൻ ശ്രമിച്ചതായി ആരോപിച്ച് മരുമകനെതിരെ വൃദ്ധയായ അമ്മ എസ്.പിക്ക് പരാതി നൽകി.
മുളങ്കുന്നത്തുകാവ് എടക്കാട്ടുവയൽ കക്കാട്ടുകുന്നേൽ വീട്ടിൽ ചിന്നമ്മയാണ് മരുമകൻെറ ക്രൂരകൃത്യത്തിനെതിരെ എസ്.പിക്ക് പരാതി നൽകിയത്. മകളെ കത്തിച്ചു കൊല്ലാൻ ശ്രമിച്ച മദ്യപാനിയും ദു൪നടപ്പുകാരനുമായ മരുമകൻ ശശിയിൽനിന്ന് തന്നെയും മകളെയും കുഞ്ഞുങ്ങളെയും രക്ഷിക്കണമെന്നാണ് 70കാരിയും വിധവയുമായ ഈ അമ്മയുടെ ആവശ്യം. നാട്ടുകാരനായ ശശി വിവാഹാഭ്യ൪ഥനയുമായി സമീപിച്ചപ്പോൾ വിവാഹം നടത്തിക്കൊടുത്തു. വിവാഹശേഷം മൂന്നുവ൪ഷം ചിന്നമ്മയോടൊപ്പമായിരുന്നു എംസിയും ശശിയും താമസിച്ചിരുന്നത്. മദ്യപാനിയും വഴക്കാളിയുമായ ശശിയുടെ ഉപദ്രവങ്ങൾ അന്നുമുതൽ തങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് അവ൪ പറഞ്ഞു. ഒരിക്കൽ വീടിന് തീവെക്കുകയുമുണ്ടായി. പിന്നീട് മകളും ഭ൪ത്താവും താമസം ഭ൪തൃവീട്ടിലേക്ക് മാറി. വഴക്കും അടിപിടിയും അവിടെയും തുട൪ന്നു. സ്റ്റിനിയ (17), സിനിയ (13), സ്റ്റിനിൻ (അഞ്ച്) എന്നീ മൂന്നുമക്കളാണ് എംസിക്ക്. ആരക്കുന്നം ഇംഗ്ളീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന ഇവരുടെ വിദ്യാഭ്യാസ ചെലവും മറ്റും ചിന്നമ്മയാണ് വഹിക്കുന്നത്. ശശി കൂലിപ്പണി ചെയ്തുകിട്ടുന്ന പണം മുഴുവൻ മദ്യപാനത്തിന് ഉപയോഗിക്കുമത്രേ. രാത്രി വീട്ടിൽ കയറിവന്ന് എന്തെങ്കിലും കാരണങ്ങൾ പറഞ്ഞ് ഭാര്യയെയും മക്കളെയും ഉപദ്രവിക്കും.
മൂത്തമകളായ സ്റ്റിനിയെ കൊല്ലുമെന്ന് ശശി പലവട്ടം ഭീഷണിമുഴക്കിയിട്ടുണ്ടെന്ന് ചിന്നമ്മ പറയുന്നു.
ജനസേവ സ്ത്രീ രക്ഷാസമിതിയുടെ ജില്ലാ ഭാരവാഹികളായ എ.ബി. ദേവസി, സീനത്ത് മജീദ് എന്നിവരുടെ നേതൃത്വത്തിൽ എംസിയെ വിദഗ്ധ ചികിത്സക്ക് എറണാകുളം സ്പെഷ്യലിസ്റ്റ്സ് ആശുപത്രിയിലേക്ക് മാറ്റുന്നതിനുവേണ്ട നടപടി കൈക്കൊണ്ടു.
എംസിയുടെ ആശുപത്രിയിലെ ചികിത്സ ചെലവ് ജനസേവ ശിശുഭവൻ വഹിക്കുമെന്നും മൂന്നുമക്കളുടെയും ഭാവിജീവിതം സുരക്ഷിതമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും ചെയ൪മാൻ ജോസ് മാവേലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.