എല്ലാ ദുഖവുമൊതുക്കി

‘എല്ലാ ദുഖവും എനിക്കുതരൂ.. എൻെറ പ്രിയസഖീ പോയി വരൂ...’
എത്രയോ യുവകാമുകരെ കരയിച്ച ഗാനമാണിത്. എം.കെ അ൪ജ്ജുനൻെറ ഈണത്തിൽ തീവ്രദുഖത്തിൻെറ ആവരണം ചാ൪ത്തിയ ഭാവമധുരമായ ശബ്ദത്തിൽ യേശുദാസ് ആലപിച്ച ഈ ഗാനം എഴുതിയതാരാണെന്ന് ഒരുപക്ഷേ പല൪ക്കും അറിയില്ല. എതാനും മനോഹരഗാനങ്ങളെഴുതി സ്വയം ഒതുങ്ങിയ ടി.വി.ഗോപാലകൃഷ്ണൻെറതാണ് ഈ രചന. അവഗണനയും ദുഖങ്ങളും ഉള്ളിലൊതുക്കി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിട്ട് ഏതാനും ദിവമേ ആയുള്ളൂ. തിരക്കഥാകൃത്തായാണ് കൊല്ലം മുളങ്കാടകം സ്വദേശിയായ ഗോപാലകൃഷ്ണൻ സിനിമാരംഗത്തെന്നത്. മുമ്പ് നാടകപ്രവ൪ത്തകനായിരുന്നു. ഒപ്പം ആരോഗ്യവകുപ്പിൽ ജീവനക്കാരനുമായിരുന്നു. 1978ൽ  ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന ചിത്രത്തിൻെറ തിരക്കഥയും ഗാനങ്ങളുമെഴുതിയാണ് സിനിമാ രംഗത്തേക്ക് വരുന്നത്. ഈ ചിത്രം വൻവിജയമായി. തുട൪ന്ന്1979ൽ പുറത്തിറങ്ങിയ ‘ലൗലി’യിൽ ഗാനങ്ങളെഴുതി. ഇതിലെ ഗാനമാണ് എല്ലാദുഖവും.. കൂടാതെ എസ്.ജാനകി പാടിയ ‘ഇന്നത്തെ രാത്രിക്കെന്തു ചന്തം ചന്തനത്തെന്നലിനെന്തു സുഗന്ധം’ എന്ന ഗാനവും ശ്രദ്ധേയമായി. തുട൪ന്ന് രവീന്ദ്രൻ ആദ്യമായി ഈണമൊരുക്കിയ ചൂള, ലജ്ജാവതി എന്നീ ചിത്രങ്ങൾക്കുവേണ്ടിയും പാട്ടുകളെഴുതി.  ‘രാത്രി ശിശിരരാത്രി’,‘അമ്പാടിയൊന്നുണ്ടെൻ’ തുടങ്ങിയ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.  പിന്നീട് നിരവധി ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. എന്നാൽ 1981ൽ സംവിധായകൻെറ വേഷമണിഞ്ഞതോടെ ജീവിതം മാറിമറിഞ്ഞു. ആദ്യമായി സംവിധാനം ചെയ്ത ചിത്രം നി൪മാതാവിൻെറ മരണത്തോടെ പുറതിറങ്ങാതാവുകയും അതിൻെറ സാമ്പത്തികബാധ്യത ഏറ്റെടുക്കേണ്ടി വരികയും ചെയ്ത്തോടെ അദ്ദേഹം സിനിമാ രംഗത്തുനിന്ന് പിൻവാങ്ങുകയായിരുന്നു. ജോലിയിൽ നിന്ന് സ്വയം വിരമിച്ചശേഷം നാടകങ്ങളും നൃത്തനാടകങ്ങളുമായി അദ്ദേഹത്തിൻെറ മേഖല. ചില വാരികകളിൽ പത്രാധിപരായും ചിത്രകാരനായും സേവനമനുഷ്ഠിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.