പാനൂര്‍: ബി.ജെ.പി നേതാവ് പത്മരാജന്റെ പീഡനത്തിനിരയായ അതിജീവിതയുടെ വീട് ഉള്‍ക്കൊള്ളുന്ന പാനൂര്‍ നഗരസഭയിലെ പാലത്തായി വാര്‍ഡിൽ സി.പിമ്മിന് വൻ വിജയം. രണ്ട് പതിറ്റാണ്ടിലേറെയായി യുഡിഎഫ് സ്വന്തമാക്കിവെച്ച സീറ്റിലാണ് സി.പി.എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗവും പാലത്തായി ആക്ഷൻ കമ്മിറ്റി കൺവീനറും കൂടിയായ എം.പി. ബൈജു വിജയിച്ചത്.
117 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥി ടി.കെ. അശോകനെ തോൽപിച്ചത്. ബൈജു 515 വോട്ടുകൾ നേടിയപ്പോൾ അശോകൻ 396 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തി. വെൽഫെയർ പാർട്ടി സ്ഥാനാർഥി മഹമ്മൂദ് മഞ്ചാന്‍ 119 വോട്ടുകള്‍ നേടി. നാലാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 72 വോട്ടാണ് ലഭിച്ചത്.
അതേസമയം, 23 സീറ്റുകളുമായി യുഡിഎഫ് പാനൂര്‍ നഗരസഭാ ഭരണം പിടിച്ചു. എല്‍ഡിഎഫ് 15 സീറ്റ് നേടിയപ്പോള്‍ എന്‍ഡിഎക്ക് മൂന്ന് സീറ്റ് മാത്രമാണ് നേടാനായത്. പാലത്തായി പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതി പത്മരാജന്‍ ജയിലില്‍ കഴിയുകയാണ്. നവംബര്‍ 15ന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ബിജെപി നേതാവും അധ്യാപകനുമായിരുന്ന പത്മരാജന് മരണം വരെ ജീവപര്യന്തം ശിക്ഷയും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. രണ്ട് പോക്‌സോ കേസുകളിലായി 20 വര്‍ഷം വീതമാണ് പത്മരാജന് ശിക്ഷ വിധിച്ചത്.
നുണപ്രചരണങ്ങള്‍ക്കുള്ള മറുപടിയാണ് ഈ വിജയമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. ഹരീന്ദ്രന്‍ പ്രതികരിച്ചു. ‘പതിറ്റാണ്ടുകളോളമായി വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് കയ്യടക്കി വെച്ചിരുന്ന പാനൂർ നഗരസഭയിലെ ഏഴാം വാർഡ് ( പാലത്തായി ) 117 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ഇത്തവണ സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സഖാവ് എംപി ബൈജു വിജയിച്ചിരിക്കുകയാണ്. എൽഡിഎഫിനെക്കാൾ യുഡിഎഫിന് 300 ഓളം വോട്ടിന്റെ ലീഡുള്ള ഒരു വാർഡിലാണ് സഖാവ് ബൈജു തിളക്കമാർന്ന ഈ വിജയം കൈവരിച്ചത്.
ബിജെപി നേതാവ് പത്മരാജൻ പീഡിപ്പിച്ച കുട്ടിയുടെ വീട് ഉൾക്കൊള്ളുന്ന വാർഡ് കൂടിയാണിത്. ആ പീഡനത്തെ മുൻനിർത്തി അന്ന് മുതൽ ഇതേവരെയും സിപിഐഎമ്മിനെതിരെ എത്രമാത്രം നുണകളാണ് വർഗീയ ഭ്രാന്തന്മാരായ വ്യക്തികളും മാധ്യമങ്ങളും പ്രചരിപ്പിച്ചു കൊണ്ടിരുന്നത് എന്ന കാര്യം ഈ ഘട്ടത്തിൽ എല്ലാവരും ഓർക്കുന്നത് നല്ലതാണ്.
ബിജെപി നേതാവിന്റെ ആ പീഡനത്തെ മുൻനിർത്തി സിപിഎമ്മിന് എതിരായ ദുരാരോപണങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി നുണപ്രചാരവേലകൾ നടത്തുമ്പോഴും, കേസിന്റെ തുടക്കം മുതൽ വിധി പറയുന്ന ഘട്ടം വരെയും ഇരയാക്കപ്പെട്ട കുട്ടിക്ക് നീതി ഉറപ്പാക്കാൻ സിപിഎം നേതാക്കന്മാരും , എൽഡിഎഫ് സർക്കാരും, ആത്മാർത്ഥമായി കൂടെയുണ്ടായിരുന്നു എന്ന കാര്യം കുട്ടിയുടെ കുടുംബത്തിനും പ്രദേശത്തെ ജനങ്ങൾക്കും ബോധ്യമുണ്ടായിരുന്നു. ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്ന നിലയിലും, ആക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിലും ബൈജു അതിന്റെയെല്ലാം മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. മുസ്‍ലിംലീഗുകാരടക്കമുള്ള യുഡിഎഫുകാരും മറ്റുള്ളവരും കൂട്ടത്തോടെ വോട്ട് ചെയ്ത് ബൈജുവിനെ വലിയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയായിരുന്നു. ഇരയാക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിനും പ്രദേശവാസികൾക്കും അറിയാവുന്ന ഒരു സത്യത്തെ വളച്ചൊടിച്ച് സംസ്ഥാന വ്യാപകമായി സിപിഎം വിരുദ്ധ പ്രചാരണമാക്കി മാറ്റിയപ്പോൾ അത് വിശ്വസിച്ചു പോയ ലക്ഷക്കണക്കിന് ആളുകൾ പാലത്തായിക്കാരുടെ ഈ ജനവിധിയിലൂടെയെങ്കിലും സത്യം തിരിച്ചറിയണം’ -ഹരീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.