സഹനയാത്ര...
കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ ബസിൽ കയറ്റിയ പച്ചക്കറി ചാക്കുകൾക്കിടയിൽ ഇരിക്കുന്ന യാത്രക്കാർ. തിരക്കേറിയ ബസുകളിൽ പകുതിഭാഗത്തിലേറെ പച്ചക്കറി കയറ്റിയാണ് പതിവായി ബസുകൾ നഗരത്തിൽ പലയിടങ്ങളിലേക്കും പോകുന്നത് -ബിമൽ തമ്പി
കണ്ണൂർ: നഗരത്തിൽ സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് നിൽക്കാനിടമില്ലാതെ പച്ചക്കറിക്കെട്ടുകൾ. എല്ലാ ദിവസവും രാവിലെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബസുകളിലാണ് പച്ചക്കറികൾ നിറച്ച വിവിധ കെട്ടുകൾ കയറ്റുന്നത്. ഓരോ പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങളിൽ വിൽപനക്കെത്തിക്കേണ്ട പച്ചക്കറികളും മറ്റ് സാധനങ്ങളുമാണ് സ്വകാര്യ ബസുകളിൽ മൊത്തവ്യാപാര കടകളിൽനിന്ന് കയറ്റിവിടുന്നത്. ഇതിന് ബസുകാർക്ക് നിശ്ചിത തുക നൽകുകയും ചെയ്യും.
അതേസമയം വിദ്യാർഥികളും മറ്റു യാത്രികരും ബസിന്റെ പിൻവാതിൽ വഴി കയറിയാൽ നിൽക്കാൻ പോലുമാവാതെ ദുരിതമനുഭവിക്കുന്നത് പതിവാണ്. കയറാനും ഇറങ്ങാനുമുള്ള ദുരിതം വേറെയും. തക്കാളിയടക്കം നിറച്ച പെട്ടിയുടെ ആണിയും മറ്റും യാത്രികരുടെ കാലുകളിൽ തറക്കുകയും ചെയ്യുന്നുണ്ട്.
ഇതേ ചൊല്ലി യാത്രക്കാർ ബസുകാരുമായി തർക്കിക്കുന്നുണ്ടെങ്കിലും വേണമെങ്കിൽ കയറിയാൽ മതിയെന്ന നിലപാടാണ് ചില ബസുകാർക്ക്. പ്രത്യേകം ചരക്കുവാഹനങ്ങളിൽ കൊണ്ടുപോകേണ്ടുന്ന പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾ ബസുകളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്നത് പതിവായിട്ടും യാത്രക്കാരുടെ പ്രശ്നങ്ങൾ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.