കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് കോട്ടകൾ തകർന്നപ്പോൾ പാർട്ടിയുടെ ശക്തികേന്ദ്രമായ കണ്ണൂരിൽ പിടിച്ചുനിന്ന് എൽ.ഡി.എഫ് നഗരസഭകളിലും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇടത് മേൽക്കൈ തുടർന്നപ്പോൾ കണ്ണൂരിന്റെ ഹൃദയമായ കോർപറേഷൻ യു.ഡി.എഫ് നിലനിർത്തി. ഒരിക്കൽ കൂടെയുണ്ടായിരുന്ന കോർപറേഷൻ തിരിച്ചുപിടിക്കാനായി വികസന മുരടിപ്പും അഴിമതിയും പ്രചാരണ ആയുധമാക്കി പ്രമുഖരെയിറക്കി കോർപറേഷൻ പിടിക്കാനുള്ള എൽ.ഡി.എഫ് ശ്രമം നഗരത്തിൽ നടപ്പാക്കിയ ക്ഷേമ, വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് തകർത്തു. എൻ.ഡി.എ ഡിവിഷനുകൾ നാലായി വർധിപ്പിച്ചപ്പോൾ എസ്.ഡി.പി.ഐ അക്കൗണ്ട് തുറന്നു. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും നിരന്തരം തലവേദന ഉയർത്തിയ പി.കെ. രാഗേഷ് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ച് മത്സരത്തിനിറങ്ങിയെങ്കിലും നിലംതൊട്ടില്ല.
71 പഞ്ചായത്തുകളിൽ 49 ഇടങ്ങളിൽ എൽ.ഡി.എഫ് ഭരണം നേടി. 21 പഞ്ചായത്തുകൾ യു.ഡി.എഫ് നേടി. മുണ്ടേരിയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. എട്ട് പഞ്ചായത്തുകൾ ഇടതുപക്ഷത്തെ കൈവിട്ടു. ഇവിടെ യു.ഡി.എഫ് നേട്ടമുണ്ടാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലേറെയും ഇത്തവണയും എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ പേരാവൂരും തളിപ്പറമ്പും യു.ഡി.എഫ് പിടിച്ചെടുത്തു. എടക്കാട് ഏഴ് സീറ്റുകൾ വീതം നേടി എൽ.ഡി.എഫും യു.ഡി.എഫും സമനിലയിലെത്തി. ഇവിടെ ഭരണം നറുക്കെടുപ്പിലൂടെ നിർണയിക്കപ്പെടും. കഴിഞ്ഞതവണ യു.ഡി.എഫ് വിജയിച്ച ഇരിട്ടി ഇത്തവണ എൽ.ഡി.എഫ് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തു.
നഗരസഭകളിൽ നിലവിലെ സ്ഥിതി തുടരുന്നത് എൽ.ഡി.എഫിന് ആശ്വാസമായി. സി.പി.എം ശക്തികേന്ദ്രങ്ങളായ കൂത്തുപറമ്പിലും തലശ്ശേരിയിലും യു.ഡി.എഫ് നില മെച്ചപ്പെടുത്തി. എൽ.ഡി.എഫ് അഞ്ചിടത്തും യു.ഡി.എഫ് മൂന്നിടത്തുമാണ് വിജയിച്ചത്.
പയ്യന്നൂർ, ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്പ്, ആന്തൂർ നഗരസഭകൾ ഇടതും ശ്രീകണ്ഠപുരവും തളിപറമ്പും പാനൂരും വലതും നിലനിർത്തി. പതിവുപോലെ പയ്യന്നൂരിലും ആന്തൂരിലും ഇടതുപക്ഷ വൻ ഭൂരിപക്ഷം നേടി. ആന്തൂരിൽ പ്രതിപക്ഷ സ്വരമില്ലാതെ 29 സീറ്റും നേടിയാണ് ഭരണത്തുടർച്ച. പയ്യന്നൂരിൽ മത്സരിച്ച സി.പി.എം വിമതൻ വൈശാഖ് 36ാം വാർഡിൽനിന്ന് 400 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വൈശാഖിനെ സി.പി.എം പുറത്താക്കിയിരുന്നു.
തലശ്ശേരിയിലും എൽ.ഡി.എഫിന് സീറ്റുകൾ 37ൽനിന്ന് 32 ആയി ഒതുങ്ങി. എട്ടിൽനിന്ന് ബി.ജെ.പി ആറായി ചുരുങ്ങി. യു.ഡി.എഫ് ആറ് സീറ്റുകൾ വർധിപ്പിച്ച് 13ലെത്തിയത് ആശ്വാസമായി. വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ എന്നിവ ഓരോ സീറ്റിലും വിജയിച്ചു. ഇരിട്ടിയിലും സീറ്റുകൾ വർധിപ്പിച്ച് എൽ.ഡി.എഫ് ഭരണത്തുടർച്ച നേടി. ശ്രീകണ്ഠപുരത്ത് യു.ഡി.എഫിന്റെ ഹാട്രിക് വിജയം വലതുക്യാമ്പുകളിൽ ആത്മവിശ്വാസം വർധിപ്പിച്ചു. തളിപ്പറമ്പിൽ അവസാന നിമിഷംവരെ ശക്തമായ മത്സരമാണ് നടന്നത്. ഭരണം പിടിക്കാനിറങ്ങിയ എൽ.ഡി.എഫ് രണ്ട് സീറ്റിന്റെ കുറവിൽ യു.ഡി.എഫിനോട് പരാജയപ്പെട്ടു. പാനൂർ നഗരസഭയിൽ യു.ഡി.എഫ് - 23 സീറ്റുമായി തുടർഭരണം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.