കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ നിയമസഭ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ജില്ലയിൽ യു.ഡി.എഫിന് പ്രതീക്ഷ. മാസങ്ങൾക്കുള്ളിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ട്രയലായാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നണികൾ കാണുന്നത്.
കണ്ണൂർ കോർപറേഷനിലടക്കം യു.ഡി.എഫ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നിലവിൽ കൈയിലുണ്ടായിരുന്ന നഗരസഭകളും കോർപറേഷനും നിലനിർത്തിയതിനൊപ്പം ഇടതുപക്ഷത്തിനും ഒപ്പമുണ്ടായിരുന്ന എട്ട് പഞ്ചായത്തുകളും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് തിരിച്ചുപിടിച്ചു.
എടക്കാട് ബ്ലോക്കിലും മുണ്ടേരി പഞ്ചായത്തിലും സമനിലയാണ്. തളിപ്പറമ്പ് നഗരസഭ നിലനിർത്തിയ യു.ഡി.എഫ് ഒരു സീറ്റിന്റെ ബലത്തിൽ ബ്ലോക്ക് പഞ്ചായത്തുകൂടി പിടിച്ചെടുത്തതോടെ മണ്ഡലത്തിൽ വിജയപ്രതീക്ഷയിലാണ്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇടത് തരംഗത്തിൽ ജില്ലയിലെ ഇടതു മണ്ഡലങ്ങളിൽ എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടിയപ്പോൾ തളിപ്പറമ്പിൽ വോട്ട് കുറഞ്ഞിരുന്നു.
22,689 ഭൂരിപക്ഷത്തിനാണ് എം.വി. ഗോവിന്ദൻ ജയിച്ചത്. 2016ൽ എൽ.ഡി.എഫിന് ലഭിച്ചതിനേക്കാൾ 18,000ത്തോളം വോട്ടുകൾ കുറഞ്ഞു. ഇതാണ് യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നത്. രണ്ടായിരത്തിലേറെ വോട്ടുകൾക്ക് നിലവിൽ തളിപ്പറമ്പിൽ യു.ഡി.എഫ് മുന്നിലാണെന്ന് കണക്കുകൾ പറയുന്നു. ശക്തനായ സ്ഥാനാർഥിയെ ഇറക്കി മണ്ഡലം പിടിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
കോർപറേഷൻ ഉൾപ്പെടുന്ന കണ്ണൂർ നിയമസഭ മണ്ഡലവും നേടാനാവുമെന്ന കണക്കുകൂട്ടലിലാണ് വലതുപക്ഷം. ഇത്തവണ വൻ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് കോർപറേഷൻ നിലനിർത്തിയത്. 36 സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് 15ൽ ഒതുങ്ങി. നാല് സീറ്റുകൾ ബി.ജെ.പിയും ഒന്ന് എസ്.ഡി.പി.ഐയും നേടി. കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ടിട്ടും നിരന്തരം തലവേദന ഉയർത്തിയ പി.കെ. രാഗേഷ് ഐക്യ ജനാധിപത്യ സംരക്ഷണ സമിതി രൂപവത്കരിച്ച് മത്സരത്തിനിറങ്ങിയെങ്കിലും നിലംതൊടാതെ പരാജയപ്പെട്ടതും യു.ഡി.എഫിന് ആശ്വാസമാണ്. വലതുപക്ഷത്തിന് വേരോട്ടമുള്ളതാണെങ്കിലും ഇടതുപക്ഷം വിജയിക്കുന്ന മണ്ണിൽ ഇത്തവണ വിജയക്കൊടി പാറിക്കാനാണ് യു.ഡി.എഫ് ശ്രമം. അഴീക്കോട് മണ്ഡലം വെച്ചുമാറി കണ്ണൂർ സീറ്റിനായി മുസ് ലിം ലീഗും പിടിമുറുക്കുന്നുണ്ട്.
കണക്കുകൾ പ്രകാരം അഴീക്കോട് മണ്ഡലത്തിലും തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേട്ടമുണ്ടാക്കി. നാറാത്ത്, വളപട്ടണം പഞ്ചായത്തുകളിലും കോർപറേഷൻ പുഴാതി, പള്ളിക്കുന്ന് സോണുകളിലും യു.ഡി.എഫിന് വ്യക്തമായ ആധിപത്യമുണ്ട്. 6141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിലവിൽ ഇടതുപക്ഷത്തിന്റെ എം.എൽ.എയായ കെ.വി. സുമേഷ് വിജയിച്ചത്. മണ്ഡലം പിടിച്ചെടുക്കാനാവുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
യു.ഡി.എഫിന്റെ സിറ്റിങ് മണ്ഡലങ്ങളായ ഇരിക്കൂറിലും പേരാവൂരിലും തദ്ദേശ തെരഞ്ഞെടുപ്പിലും ശക്തി വർധിപ്പിച്ചിട്ടുണ്ട്. ജില്ലയിൽ 71 പഞ്ചായത്തുകളിൽ 49 ഇടങ്ങളിൽ എൽ.ഡി.എഫ് ഭരണം നേടിയപ്പോൾ 21 പഞ്ചായത്തുകൾ യു.ഡി.എഫാണ് നേടിയത്. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ ക്ഷീണം നിയമസഭ തെരഞ്ഞെടുപ്പിൽ മറികടക്കാനാണ് എൽ.ഡി.എഫ് ശ്രമം. ജില്ലയിൽ കൂടുതൽ മണ്ഡലങ്ങൾ പിടിക്കാനിറങ്ങുകയാണ് യു.ഡി.എഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.