കണ്ണൂർ: കണക്കിൽ വലിയ മാറ്റമില്ലെങ്കിലും തദ്ദേശത്തിൽ കണ്ണൂരിലും സി.പി.എമ്മിനേറ്റത് കനത്ത പ്രഹരം. പാർട്ടിയുടെ അടിത്തറ ഭദ്രമെന്നും വോട്ടു വിഹിതത്തിൽ മാറ്റമില്ലെന്നുമുള്ള പതിവ് പ്രസ്താവനകൾക്കപ്പുറത്താണ് കാര്യം. സംസ്ഥാന ഭരണം മാറിയാലും പാർട്ടി ആസ്ഥാനം പോലെ നിലകൊണ്ട ചില തദ്ദേശ സ്ഥാപനങ്ങളിലെ ബി.ജെ.പി സാന്നിധ്യത്തിൽ ആശങ്കയുണ്ട്.
പയ്യന്നൂർ നഗരസഭ കാര വാർഡിൽ വിമതനായി മത്സരിച്ച മുൻ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖിന്റെ വൻവിജയം പാർട്ടിയെ ഞെട്ടിച്ചു. പാർട്ടി ഗ്രാമമായ ഇവിടെ വിഭാഗീയത ശക്തമായെന്നാണ് ഫലം വ്യക്തമാക്കുന്നത്. തദ്ദേശ ഫലത്തോടെ, നിയമസഭ മണ്ഡലങ്ങളിൽ ഇരിക്കൂറിനും പേരാവൂറിനും പുറമെ, കണ്ണൂർ മണ്ഡലവും യു.ഡി.എഫ് കോട്ടയായി. അഴീക്കോട് മണ്ഡലം ഏറക്കുറെ ഒപ്പത്തിനൊപ്പമാണ്.
ജില്ല-ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും ഇടത് മേധാവിത്വം തുടർന്നെന്ന് ആശ്വസിക്കാമെങ്കിലും ശക്തമായ അടിയൊഴുക്കുണ്ടായി. ഇടതു കോട്ടയായ തളിപ്പറമ്പ് ബ്ലോക്ക് യു.ഡി.എഫ് പിടിച്ചെടുത്തതും എടക്കാട് ബ്ലോക്ക് സമനിലയായതും തിരിച്ചടിയാണ്. കണ്ണൂർ കോർപറേഷൻ തിരിച്ചുപിടിക്കുകയെന്ന നിലക്ക് മേയർക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ച് ശക്തമായി സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷ് രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രി വരെ പ്രചാരണം നടത്തിയിട്ടും ഇടതിന് നാല് സീറ്റ് കുറഞ്ഞു. യു.ഡി.എഫ് സീറ്റ് കൂടുകയും ചെയ്തു. ഒരു സീറ്റുണ്ടായിരുന്ന ബി.ജെ.പി നാലാക്കി ഉയർത്തി. ബി.ജെ.പി അധികം പിടിച്ച മൂന്ന് സീറ്റുകളിൽ രണ്ടെണ്ണം കോൺഗ്രസിന്റേയും ഒരെണ്ണം സി.പി.എമ്മിന്റേയും സിറ്റിങ് സീറ്റാണ്. ബി.ജെ.പി ജയിച്ച ടെമ്പിൾ ഡിവിഷനിൽ സി.പി.എം വോട്ട് രണ്ടക്കമായത് വോട്ട് മറിച്ചതിന് തെളിവായി. സി.പി.എം സിറ്റിങ് സീറ്റായ കൊക്കൻപാറ ബി.ജെ.പി നേടിയപ്പോൾ സി.പി.എം മൂന്നാമതായി.
സി.പി.എം കുത്തകയായ തലശ്ശേരി നഗരസഭയിൽ സീറ്റ് നില 37ൽനിന്ന് 32 ആയി. സി.പി.എം കോട്ടകളായ പാപ്പിനിശ്ശേരി, ചിറ്റാരിപ്പറമ്പ് എന്നിവിടങ്ങളില്‍ ചരിത്രത്തിലാദ്യമായി ബി.ജെ.പി ഓരോ വാര്‍ഡ് പിടിച്ചെടുത്തു. ഇടതുകോട്ടയായ കല്യാശ്ശേരിയില്‍ എട്ട് വാര്‍ഡുകളില്‍ ബി.ജെ.പി രണ്ടാമതാണ്. കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലും ബി.ജെ.പി ശക്തമായ സാന്നിധ്യമറിയിച്ചു. കുഞ്ഞിമംഗലത്ത് ആറു പതിറ്റാണ്ടിനുശേഷം രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ജയിച്ചു.
സി.പി.എം ജില്ല സെക്രട്ടറിയായി കെ.കെ. രാഗേഷ് എത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണിത്. കെ.കെ. രാഗേഷിന്റെ സ്വന്തം വാർഡിൽ സ്ഥാനാർഥിയായ സഹോദര ഭാര്യ പരാജയപ്പെട്ടതും നാണക്കേടായി. സ്വന്തം മണ്ഡലത്തിലെ സി.പി.ഐ-സി.പി.എം പോര് പോലും പരിഹരിക്കാൻ കഴിയാത്തയാളാണ് എം.വി. ഗോവിന്ദനെന്ന പരാതി ഇതിനുപുറമെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.