രാമന്തളിയിൽ ഗാന്ധി പ്രതിമയുടെ മൂക്ക് തകർത്ത നിലയിൽ, പയ്യന്നൂർ പുഞ്ചക്കാട് ബി.ജെ.പി പ്രവർത്തകന്റെ വീട്ടുവരാന്തയിൽ റീത്ത് വെച്ച നിലയിൽ
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെത്തുടർന്നുണ്ടായ അക്രമങ്ങളിൽ സമാധാനം നഷ്ടപ്പെട്ട് കണ്ണൂർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അക്രമങ്ങൾ അരങ്ങേറി.
സി.പി.എം-യു.ഡി.എഫ്, സി.പി.എം-ബി.ജെ.പി, എസ്.ഡി.പി.ഐ-ലീഗ് പ്രവർത്തകർ തമ്മിലാണ് വ്യാപകമായ സംഘർഷമുണ്ടായത്.പയ്യന്നൂർ, പാനൂർ, മട്ടന്നൂർ, കണ്ണൂർ മേഖലകളിലാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശനിയാഴ്ചയും ഞായറാഴ്ച രാവിലെയുമായി ആക്രമണം നടന്നത്. ആഹ്ലാദ പ്രകടനത്തിനിടയിൽ വ്യാപക ആക്രമണമുണ്ടായി. അനിഷ്ട സംഭവങ്ങൾ തടയാനായി പൊലീസ് സംഘർഷ ബാധിത പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പയ്യന്നൂർ മേഖലയിൽ സ്ഥാനാർഥിയുടെ വീടിന് നേരെ ബോബേറും ഗാന്ധി പ്രതിമക്ക് നേരെയും ആക്രമണമുണ്ടായി. ജില്ലയിൽ പലയിടത്തും സ്ഥാനാർഥികളുടെ വീട് ആക്രമിക്കുകയും റീത്ത് വെക്കുകയും ചെയ്തു.
ശിവപുരത്ത് കഴിഞ്ഞദിവസം എസ്.ഡി.പി.ഐ-മുസ് ലിം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സമൂഹമാധ്യമങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ പോർവിളി നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് പിന്നാലെ സംഘർഷത്തിലേക്ക് പോവാതിരിക്കാൻ പൊലീസ് കനത്ത ജാഗ്രതയിലാണ്. കഴിഞ്ഞദിവസം പാനൂർ, പാറാട് മേഖലയിലുണ്ടായ സംഘർഷത്തിൽ നൂറോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആഹ്ലാദ പ്രകടനങ്ങളിലടക്കം പൊലീസ് നിരീക്ഷണംശക്തമാക്കി.
പയ്യന്നൂർ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പയ്യന്നൂരും പരിസരങ്ങളിലും ആക്രമണങ്ങൾ തുടരുന്നു. രാമന്തളിയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമക്ക് നേരെ നടന്ന അക്രമത്തിൽ വ്യാപക പ്രതിഷേധമുയുരുന്നുണ്ട്.
കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മ സ്മാരക കൾച്ചറൽ സെന്റർ കെട്ടിടമായ മഹാത്മ മന്ദിരത്തിന്റെ മുന്നിൽ സ്ഥാപിച്ച ഗാന്ധി പ്രതിമയാണ് തകർന്നത്. മഹാത്മ കൾചറൽ സെന്റർ പ്രസിഡന്റ് കെ.എം. തമ്പാൻ പയ്യന്നൂർ പൊലീസിൽ പരാതി നൽകി.
പയ്യന്നൂർ നഗരസഭയിലെ ബി.ജെ.പി പുഞ്ചക്കാട് ഏരിയ ജനറൽ സെക്രട്ടറി ഒ.വി. വിജേഷിന്റെ വീട്ടു വരാന്തയിലാണ് റീത്തുവെച്ചത്. ഞായറാഴ്ച രാവിലെയാണ് റീത്ത് കണ്ടത്. വിജേഷ് പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പാണപ്പുഴയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട് ആക്രമിക്കുകയും മകനെ മര്‍ദിക്കുകയും ചെയ്തതായി പരാതി. പാണപ്പുഴ ചാലിലെ ബി.ജെ.പി പ്രവര്ത്തകന് കെ.സി. ശിവാനന്ദന്റെ വീട്ടിനുനേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം നടന്നത്. മകന് ഋഷികേഷിന്മര്ദനമേറ്റു.
വീടിന്റെ മുന്‍വശത്തെ ജനല്‍ ചില്ലുകള്‍ ആക്രമത്തില്‍ തകര്‍ന്നു. സംഭവത്തില്‍ ബി.ജെ.പി കണ്ണൂര്‍ ജില്ല വൈസ് പ്രസിഡന്റ് ഗംഗാധരന് കാളീശ്വരം, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഭാകരന് കടന്നപ്പള്ളി എന്നിവര്‍ പ്രതിഷേധിച്ചു. കേസ് നിഷ്പക്ഷമായി അന്വേഷിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പയ്യന്നൂരിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടിൽ റീത്ത് വെച്ച നടപടിയിൽ കോഴിക്കോട് മേഖല സെക്രട്ടറി പനക്കീൽ ബാലകൃഷ്ണൻ പ്രതിഷേധിച്ചു. പയ്യന്നൂരിലും പരിസരത്തും സംഘർഷമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് റീത്ത് വെക്കലെന്ന് ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
പാനൂർ: മൊകേരിയിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വീടിന് നേരെ ആക്രമണം. മൊകേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് സ്ഥാനാർഥിയായിരുന്ന റുക്സാന പുഴുതുന്നിയിലിന്റെ വീടിന് നേരെയാണ് ശനിയാഴ്ച അർധരാത്രിയോടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനാലുകളും മുറ്റത്ത് നിർത്തിയിരുന്ന ഇരുചക്ര വാഹനവും തകർന്നു.
പാനൂർ: തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തോടനുബന്ധിച്ച് പാറാട് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നൂറോളം സി.പി.എം -ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊളവല്ലൂർ പൊലീസ് കേസെടുത്തു. അഞ്ചു കേസുകളിലായാണ് നൂറോളം പേരെ പ്രതി ചേർത്തത്.
പൊലീസ് വാഹനം കല്ലെറിഞ്ഞ് തകർക്കൽ, വാളുകളുമായി വീടുകളിൽ കയറി ഭീഷണിപ്പെടുത്തൽ, വാഹനങ്ങൾ തകർക്കൽ, ചെടി ചട്ടികളും മറ്റും നശിപ്പിക്കൽ, പൊതുസ്ഥലത്ത് സ്ഥാപിച്ച സി.സി.ടി.വി കാമറ തകർക്കൽ, വീടുകൾക്കും മറ്റും കല്ലേറ്, ലീഗ് ഓഫിസിന് കല്ലേറ്, വാഹനങ്ങൾ തടയൽ തുടങ്ങിയ സംഭവത്തിലാണ് കേസെടുത്തത്. അക്രമി സംഘത്തിലെ അഞ്ചു സി.പി.എം പ്രവർത്തകരെ കൊളവല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിൻ, റനീഷ്, ശ്രീജു, അമൽ, ജീവൻ എന്നിവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കായി കൊളവല്ലൂർ പൊലീസ് തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച വൈകീട്ട് യു.ഡി.എഫ് പാറാട് ടൗണിൽ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടെ സി.പി.എം- യു.ഡി.എഫ് പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിനെ തുടർന്നാണ് സംഘർഷമുണ്ടായത്.
വാളുകളും വടികളുമായി സംഘടിച്ചെത്തിയ സി.പി.എം പ്രവർത്തകർ പാറാട് ടൗൺ പരിസരങ്ങളിലെ വീടുകളിലെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. വാഹനങ്ങളടക്കം കണ്ണിൽ കണ്ടതെല്ലാം സായുധധാരികളായ സംഘം തല്ലിത്തകർത്തു. പൊലീസിന്റെ ശക്തമായ ഇടപെടലിനെ തുടർന്നാണ് സംഘർഷം അവസാനിച്ചത്. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് പൊലീസ് തീരുമാനം.
പാനൂർ: പാനൂർ നഗരസഭ വാർഡ് അഞ്ചിൽ പാലക്കൂലിൽനിന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ശൈലജ മടപ്പുരയെ വിജയാഹ്ലാദ വാഹനത്തിൽ കയറി കൈയേറ്റം ചെയ്ത സംഭവത്തിൽ ഒരു സി.പി.എം പ്രവർത്തകനെതിരെ പാനൂർ പൊലീസ് കേസെടുത്തു. പാനൂർ രാമൻ പീടികയിലെ കുഞ്ഞി പറമ്പത്ത് രഹിത്തി (33)നെതിരെയാണ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.