മാവോവാദിയെന്ന് കരുതി പിടികൂടിയ നിരപരാധിയെ വിട്ടയച്ച് പൊലീസ് തടിയൂരി

മാനന്തവാടി: മാവോവാദിയെന്ന് കരുതി തണ്ട൪ബോൾട്ട് സംഘത്തിൻെറ സഹായത്തോടെ കസ്റ്റഡിയിലെടുത്ത നിരപരാധിയായ യുവാവിനെ ഒടുവിൽ പൊലീസ് വിട്ടയച്ചു. വയനാട്ടിലെ കോറോം പെ൪ളോത്താണ് നാട്ടുകാരെ മുൾമുനയിൽ നി൪ത്തിയ സംഭവങ്ങൾ അരങ്ങേറിയത്. ഇവിടെ വാടകക്ക് താമസിക്കുന്ന ജൈവക൪ഷകനായ ശ്യാം ബാലകൃഷ്ണനെ (38) യാണ് ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെ കോറോം അങ്ങാടിയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. സായുധരായ തണ്ട൪ബോൾട്ട് സംഘം ഇയാളെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ജനങ്ങൾ നോക്കിനിൽക്കെയായിരുന്നു പൊലീസിൻെറ നടപടി.
എറണാകുളം സ്വദേശിയായ ഇദ്ദേഹം കഴിഞ്ഞ ആറു വ൪ഷമായി പ്രദേശത്ത് ജൈവ നെൽകൃഷി നടത്തിവരുകയാണ്. ശ്യാം ബാലകൃഷ്ണനെ  പിടികൂടിയശേഷം അ൪ധരാത്രി വരെ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തെങ്കിലും ഒന്നും കണ്ടത്തൊനായില്ല.  തുട൪ന്നാണ് യുവാവിനെ വിട്ടയച്ചത്. നക്സൽ അനുഭാവിയും നടവയലിൽ ആദിവാസികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് സ്ഥാപിച്ച ‘കനവി’ൻെറ ഉടമയുമായ ബേബിയുടെ മകളാണ് ശ്യാം ബാലകൃഷ്ണൻെറ ഭാര്യ ഗീഥി.
അന്യഭാഷാ പുസ്തകങ്ങൾ വിവ൪ത്തനം ചെയ്തിരുന്ന ശ്യാമിനെ കാണാൻ ജില്ലക്കകത്തും പുറത്തും നിന്ന് നിരവധിപേ൪ വന്നുപോയിരുന്നു. ഇതൊക്കെയാണത്രെ പൊലീസിൻെറ സംശയം ശ്യാമിന് നേരെ നീളാൻ കാരണം.
സ്വന്തമായി വാങ്ങിയ രണ്ടേക്ക൪ സ്ഥലത്ത് വ൪ഷങ്ങളായി ജൈവ നെൽകൃഷി ചെയ്ത് ജീവിക്കുന്ന തന്നെ  ജനങ്ങളുടെ മുന്നിൽ അപമാനിക്കുകയും മാവോവാദിയായി ചിത്രീകരിക്കാൻ ശ്രമിക്കുകയും ചെയ്ത പൊലീസിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശ്യാം ബാലകൃഷ്ണൻ.
അതേസമയം, സംശയം തോന്നുന്ന ആരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ തങ്ങൾക്ക് അധികാരമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.