മനുഷ്യാവകാശ പ്രവര്‍ത്തകരെ മാവേവാദികളാക്കി പൊലീസിന്‍െറ ലുക്കൗട്ട് നോട്ടിസ്

കൽപറ്റ: കേരളത്തിൻെറ പൊതുരംഗത്ത് സജീവമായ മനുഷ്യാവകാശ, സാമൂഹിക പ്രവ൪ത്തകരെ മാവോവാദി പട്ടികയിലുൾപ്പെടുത്തി പൊലീസിൻെറ ലുക്കൗട്ട് നോട്ടീസ്. മാവോവാദി പ്രവ൪ത്തകരെന്ന് പൊലീസ് പറയുന്ന ചിലരുടെ ചിത്രങ്ങൾക്കൊപ്പം അഡ്വ. പി.എ. പൗരൻ ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളുള്ള ലുക്കൗട്ട് നോട്ടീസ് മാനന്തവാടി ഉൾപ്പെടെ വയനാട്ടിലെ ചില പൊലീസ് സ്റ്റേഷനുകളിലാണ് പതിച്ചത്.
പി.എ. പൗരനെ കൂടാതെ എൻഡോസൾഫാൻ വിരുദ്ധസമിതി പ്രവ൪ത്തകൻ എൻ. സുബ്രഹ്മണ്യൻ, എറണാകുളത്തെ പ്രമുഖ മനുഷ്യാവകാശ പ്രവ൪ത്തകൻ അഡ്വ. തുഷാ൪ നി൪മൽ സാരഥി, അമ്പിട്ടൻ തരിശുഭൂമി സംരക്ഷണ സമിതി പ്രവ൪ത്തകൻ സി.എ. അജിതൻ, സാംസ്കാരിക പ്രവ൪ത്തകനും എഴുത്തുകാരനുമായ ജയ്സൺ സി. കൂപ്പ൪, പ്ളാച്ചിമട സമരസമിതിയിലെ ആദ്യകാല പ്രവ൪ത്തകൻ വിളയോടി ശിവൻകുട്ടി, പോരാട്ടം പ്രവ൪ത്തകൻ എം.എൻ. രാവുണ്ണി തുടങ്ങിയവരടക്കം 40 പേരുടെ ചിത്രങ്ങളാണ് മാവോവാദി ബന്ധം ആരോപിച്ച് സ്റ്റേഷനുകളിൽ പതിച്ചത്.
പൊലീസ് തിരയുന്ന മാവോവാദികളായ രൂപേഷ്, ഷൈന, കന്യാകുമാരി തുടങ്ങിയവരെ കണ്ടത്തൊൻ പുറത്തിറക്കിയ ലുക്കൗട്ട് നോട്ടീസിലാണ് ജനകീയ സമരങ്ങളുടെ മുന്നണിയിൽ നിറഞ്ഞുനിൽക്കുന്നവരുടെ ചിത്രങ്ങളും ഉള്ളത്. പിടികിട്ടാപ്പുള്ളികളായ ക്രിമിനലുകളെ കണ്ടത്തൊനാണ് സാധാരണ ഗതിയിൽ ലുക്കൗട്ട് നോട്ടീസുകൾ ഇറക്കാറ്. മാവോവാദി പ്രവ൪ത്തകരെ മാത്രം ഉൾപ്പെടുത്തിയ ലുക്കൗട്ട് നോട്ടീസിന് സമീപം വലിയ പോസ്റ്റ൪ രൂപത്തിലുള്ള മറ്റൊരു നോട്ടീസിലാണ് മാവോവാദികളുടെയും മനുഷ്യാവകാശപ്രവ൪ത്തകരുടെയും ചിത്രങ്ങളുള്ളത്.
മാവോവാദി സംഘടനകളുമായി തനിക്ക് ഒരുവിധ ബന്ധവുമില്ളെന്ന് അഡ്വ. പൗരൻ വ്യക്തമാക്കി. മാവോവാദികൾ എന്ന് ചിത്രീകരിച്ച് മനുഷ്യാവകാശ പ്രവ൪ത്തകരെ അടിച്ചമ൪ത്താനാണ് സ൪ക്കാറിൻെറ നീക്കമെന്നും അദ്ദേഹം പ്രതികരിച്ചു.
പിടികിട്ടാപ്പുള്ളികളായ മാവോവാദികളുമായി അടുത്ത ബന്ധമുള്ളതിനാലാണ് മനുഷ്യാവകാശ പ്രവ൪ത്തകരുടെ ചിത്രങ്ങളുള്ള നോട്ടീസ് പതിച്ചതെന്നാണ് പൊലീസ് ഭാഷ്യം. എല്ലാ സ്റ്റേഷനുകളിലും പതിക്കാൻ ഇവ അയച്ചുകൊടുത്തിരുന്നു. മാനന്തവാടിയിലും മേഖലയിലെ മറ്റു രണ്ടു സ്റ്റേഷനുകളിലും ഇവ പതിക്കുകയും ചെയ്തു. എന്നാൽ, സംഭവം വിവാദമായതോടെ നോട്ടീസുകൾ പൊലീസ് നീക്കംചെയ്തിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.