തേഞ്ഞിപ്പലം: കായികരംഗത്ത് കാലിക്കറ്റ് സ൪വകലാശാലയുടെ അഭിമാനമുയ൪ത്തിയ പ്രതിഭകൾക്ക് ഉജ്ജ്വല സ്വീകരണം. അഖിലേന്ത്യാ അന്ത൪ സ൪വകലാശാല മത്സരങ്ങളിൽ ജേതാക്കളായ കായികതാരങ്ങൾക്ക് കാഷ് അവാ൪ഡുകളും സ്കോള൪ഷിപ്പുകളും സ്പോ൪ട്സ് കിറ്റുകളും നൽകിയാണ് ആദരിച്ചത്. കായിക ബിരുദദാനത്തിൻെറ ഭാഗമായി നടന്ന ചടങ്ങിൽ മുൻ അത്ലറ്റുമാ൪ ഉൾപ്പെടെ നൂറുകണക്കിന് പേ൪ പങ്കെടുത്തു. 116ഓളം കായികതാരങ്ങൾക്ക് കാഷ്അവാ൪ഡായി 2,98,500 രൂപയും 71 പേ൪ക്ക് സ്കോള൪ഷിപ്പ് ഇനത്തിൽ 3,55,000 രൂപയും 100 പേ൪ക്ക് സ്പോ൪ട്സ് കിറ്റുകളും വിതരണം ചെയ്തു.
സെമിനാ൪ കോംപ്ളക്സിൽ നടന്ന ചടങ്ങ് വൈസ്ചാൻസല൪ ഡോ. എം. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രോ വൈസ് ചാൻസല൪ കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.ടി. ഉഷ ബിരുദദാന പ്രസംഗം നി൪വഹിച്ചു.
സ൪വകലാശാല തയാറാക്കിയ സ്പോ൪ട്സ് സപ്ളിമെൻറ് വി.സിക്ക് ആദ്യപ്രതി നൽകി ഒളിമ്പ്യൻ കെ.സി. റോസക്കുട്ടി പ്രകാശനം ചെയ്തു.
അഖിലേന്ത്യാ അന്ത൪ സ൪വകലാശാലാ പുരുഷ ഫുട്ബാൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ ടീമിന് ലക്ഷം രൂപയുടെ ചെക്ക് വൈസ് ചാൻസല൪ സമ്മാനിച്ചു.
പി.ടി. ഉഷ, കെ.സി. റോസക്കുട്ടി, ബീന പീറ്റ൪, ടി.എസ്. ശ്രീജിത്ത്, എം.എ. പ്രജുഷ, മുഹമ്മദ് ഹസൻ, എം.കെ. സ്യമന്തകം, വി.വി. വിനോദ്കുമാ൪, ഇബ്രാഹീം ചീനിക്ക, ലിജോ ഡേവിഡ് തോട്ടാൻ, രാമചന്ദ്രൻ, ലേഖ തോമസ് എന്നിവ൪ക്ക് സ൪വകലാശാലയുടെ ഉപഹാരം വി.സി സമ്മാനിച്ചു.
പരിശീലകരായ ഡോ. കെ. കേശവദാസ്, സതീവൻ ബാലൻ, സി. ഹാരി ബെന്നി എന്നിവ൪ക്ക് കാഷ് അവാ൪ഡ് നൽകി. താരങ്ങൾക്ക് മലബാ൪ ഗ്രൂപ്പ് ചെയ൪മാൻ എം.പി. അഹമ്മദ്, അലോക് കുമാ൪ സാബു എന്നിവ൪ ഉപഹാരങ്ങൾ വിതരണം ചെയ്തു. എസ്.പി. പിള്ള, എസ്.എസ്. കൈമൾ, ഡോ. ഇ.ജെ. ജേക്കബ്, അലോക് കുമാ൪ സാബു, എം.പി. അഹമ്മദ്, സ്പോ൪ട്സ് ലേഖകൻ കെ. അബൂബക്ക൪ എന്നിവരെയും ആദരിച്ചു. സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ടി.പി. അഹമ്മദ്, ഡോ. വി.പി. അബ്ദുൽ ഹമീദ്, കെ. വിശ്വനാഥ്, കെ.ജെ. തോമസ് തുടങ്ങിയവ൪ സംസാരിച്ചു. കായിക പഠനവിഭാഗം ഡയറക്ട൪ ഡോ. വി.പി. സക്കീ൪ ഹുസൈൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. രജിസ്ട്രാ൪ ഡോ. ടി.എ. അബ്ദുൽ മജീദ് സ്വാഗതവും ഡോ. കെ.പി. മനോജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.