മാനന്തവാടി: അധികൃതർ ഒന്നും കണ്ടില്ലെന്ന് നടിച്ചപ്പോൾ തകർന്ന പാലം നാട്ടുകാർ തന്നെ പുനർനിർമിച്ചു. എടവക തവിഞ്ഞാൽ പഞ്ചായത്തുകളെയും മാനന്തവാടി നഗരസഭയെയും തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളരിപ്പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. 2006ലാണ് തൂക്ക് പാലം ഇവിടെ സ്ഥാപിച്ചത്. പാലം തകർന്നതോടെ കാക്കഞ്ചേരിയിൽ 50 ഓളം കുടുംബങ്ങളാണ് യാത്രക്കും മറ്റുമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നത്.
പൊതുഗതാഗതമുള്ള കാക്കഞ്ചേരി പുഴക്ക് അക്കരെയെത്താൻ 100 മീറ്റർ ദൂരം മാത്രമെ ഉള്ളൂവെങ്കിലും പാലമില്ലാത്തതിനാൽ തന്നെ നാല് കിലോമീറ്ററോളം സഞ്ചരിച്ച് വേണം പൊതുനിരത്തിലെത്താൻ. ഇതിന് 300 രൂപ ചിലവിടേണ്ട അവസ്ഥയിലായിരുന്നു ഇവിടെയുള്ള കുടുംബങ്ങൾ. ഇതിനാൽ ആശുപത്രിയിലേക്കടക്കം എത്തേണ്ടവർ ഏറെ ബുദ്ധിമുട്ടിലായിരുന്നു.
മീൻമുട്ടി മുതൽ കൂടൽ കടവ് വരെയുള്ള 24 കിലോമീറ്റർ ദൂരത്തിൽ 23 പാലങ്ങളുണ്ടെങ്കിലും ഈ പ്രദേശത്ത് 12 കിലോമീറ്റർ ദുരമുള്ള പുഴയിൽ ഒരിടത്തും പാലമില്ലെന്നതാണ് വസ്തുത. ഈ സാഹചര്യത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള പ്രദേശവാസികൾ സാഹസികമായി പുഴയിൽ തൂക്കു പാലം നിർമിക്കുന്നത്. സമീപത്ത് നിന്നുള്ള കവുങ്ങുകളും പാഴ് മരങ്ങളുമാണ് ഇതിനായുപയോഗിച്ചത്. അഗസ്റ്റിൻ, വർഗീസ് വലിയപറമ്പിൽ, ഷിനോജ്, ലീല പൗലോസ്, ജോളി ജോൺ എന്നിവരാണ് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.