സന്തോഷ് ട്രോഫി: തമിഴ്നാട് എക്സ്ട്രാടൈമില്‍ വീണു; ഷൂട്ടൗട്ടില്‍ മഹാരാഷ്ട്രയും

തമിഴ് തന്ത്രങ്ങൾക്കും മിസോ വീര്യത്തെ പിടിച്ചുകെട്ടാനായില്ല. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം അതിവേഗ ഫുട്ബാളിൻെറ ആക്രമണ പരമ്പരകൾ തീ൪ത്ത മിസോറം, തമിഴ്നാടിനെ കീഴടക്കി 68ാമത് സന്തോഷ് ട്രോഫി ഫുട്ബാളിൻെറ കലാശക്കളിയിലേക്കു മുന്നേറി. കാഞ്ചൻജംഗ സ്റ്റേഡിയത്തിൽ അധികസമയത്തേക്കു നീണ്ട വാശിയേറിയ ആദ്യ സെമിയിൽ 3-1 നായിരുന്നു മിസോറമിൻെറ ജയം. നിശ്ചിത സമയത്ത് ഇരുനിരയും 1-1ന് സമനില പാലിച്ച കളിയിൽ എക്സ്ട്രാടൈമിൽ മിസോറം രണ്ടുതവണ എതി൪വലയിലേക്ക് പന്തടിച്ചുകയറ്റി. ഇതാദ്യമായി സന്തോഷ് ട്രോഫി ഫൈനലിലെത്തിയ അവ൪ ഞായറാഴ്ചത്തെ കലാശക്കളിയിൽ റെയിൽവേസുമായി മാറ്റുരക്കും. ഷൂട്ടൗട്ടിൽ മഹാരാഷ്ട്രയെ 4-2ന് തോൽപിച്ചാണ് റെയിൽവേയുടെ ഫൈനൽ പ്രവേശം.
രണ്ടാം സെമിയിൽ നിശ്ചിത സമയത്തും എക്സ്ട്രാടൈമിലും ഇരുടീമും 1-1ന് തുല്യത പാലിച്ചതോടെയാണ് വിധിനി൪ണയം ഷൂട്ടൗട്ടിലെത്തിയത്.  24ാം മിനിറ്റിൽ മുഹമ്മദ് ഷഫീഖിലൂടെ മുന്നിലെത്തിയ മറാത്തക്കാ൪ക്കെതിരെ 72ാം മിനിറ്റിൽ സുശീൽ കിസ്കുവാണ് റെയിൽവേസിനെ ഒപ്പമെത്തിച്ചത്. ഷൂട്ടൗട്ടിൽ മഹാരാഷ്ട്രയുടെ പ്രണീൽ മെൻഡൻ, വിജിത് ഷെട്ടി എന്നിവരുടെ കിക്കുകൾ തട്ടിയകറ്റിയ ഗോളി ഇഹ്തിഷാം അഹ്മദ് തീവണ്ടിപ്പടയുടെ ഹീറോയായി. റെയിൽവേക്കുവേണ്ടി മലയാളി ക്യാപ്റ്റൻ പി.സി. റിജു, രാജു സിങ്, ദീപാങ്ക൪ ദാസ്, സുശീൽ കിസ്കു എന്നിവ൪ ലക്ഷ്യം കണ്ടപ്പോൾ മറാത്താ നിരയിൽ പരേഷ് ശിവാൽകറും ലിനേക്ക൪ മചാഡോയും വല കുലുക്കി.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ റീഗൻെറ ഗോളിൽ മുന്നിലെത്തിയ തമിഴ്നാടിനെതിരെ 61ാം മിനിറ്റിൽ പകരക്കാരൻ ഡേവിഡ് ലാൽറിൻമുവാനയാണ് മിസോറമിനെ ഒപ്പമെത്തിച്ചത്. 94ാം മിനിറ്റിൽ ക്യാപ്റ്റൻ സീക്കോ സോറെംസംഗയിലൂടെ ലീഡു നേടിയ അവ൪ 119ാം മിനിറ്റിൽ ലാൽറിൻപുയിയിലൂടെ മൂന്നാം ഗോളും നേടിയതോടെ തമിഴ്നാടിൻെറ തിരിച്ചുവരവു മോഹങ്ങൾ അസ്തമിച്ചു.
പ്രതിരോധം, പ്രത്യാക്രമണം
മിസോറമിൻെറ അതിവേഗ ഗെയിമിനെ തടയാൻ കൃത്യമായി ഹോംവ൪ക്ക് ചെയ്തതു പോലെയായിരുന്നു ആദ്യപകുതിയിൽ തമിഴ്നാടിൻെറ നീക്കങ്ങൾ. വടക്കു കിഴക്കിൻെറ മുന്നേറ്റം തങ്ങളുടെ ഹാഫിലെത്തുമ്പോഴേക്ക് സ്ട്രൈക്ക൪മാരടക്കം പിന്നിലേക്കിറങ്ങി പ്രതിരോധം ചമക്കുന്നതായിരുന്നു കാഴ്ച. അതിനാൽ, ആദ്യപകുതിയിൽ തമിഴ്നാട് ഗോളി അരുൺ പ്രദീപിനെ പരീക്ഷിക്കാനുതകുന്ന ഒരുഷോട്ടുപോലും പായിക്കാൻ മിസോറമിന് കഴിഞ്ഞില്ല.
മറുതലക്കൽ പൊള്ളുന്ന പ്രത്യാക്രമണങ്ങളുമായി തമിഴ്നാട് ഇടക്കിടെ ഇരച്ചെത്തിയപ്പോൾ ഗ്രൂപ് ഘട്ടത്തിൽ കാര്യമായി ഇളകാത്ത മിസോറം പ്രതിരോധം മുൾമുനയിലായി. എന്നാൽ, താളവും മേളവുമായി ടീമിന് പിന്തുണ നൽകിയ കാണികളെ ഞെട്ടിച്ച് മിസോറമിൻെറ വല കുലുങ്ങി. സുധാ  കറിലൂടെ പിറന്ന അവസരം  റീഗൻ പ്ളേസിങ് ഷോട്ടിലൂടെ മിസോറം വലക്കകത്താക്കി. ടൂ൪ണമെൻറിൽ റീഗൻെറ അഞ്ചാം ഗോളായിരുന്നു അത്.
തിരിച്ചടിച്ച് മിസോറം
രണ്ടാം പകുതിയിൽ തമിഴ്നാടിൻെറ ഹാഫിലൊതുങ്ങി കളി. മിസോറമിൻെറ സ്റ്റോപ്പ൪മാരടക്കം സമനില ഗോൾ തേടി കയറിക്കളിച്ചപ്പോൾ റീഗനൊഴികെ തമിഴ്നാടിൻെറ മുഴുവൻ താരങ്ങളും തടയാനിറങ്ങി. എന്നാൽ, ഉയരംകൂടിയ എതി൪പ്രതിരോധം കടന്നുകയറാൻ മിസോകൾക്ക് കഴിഞ്ഞില്ല. അടുത്ത നീക്കത്തിൽനിന്ന് മിസോറം അ൪ഹിച്ച സമനിലഗോളിലേക്ക് നിറയൊഴിച്ചു. തമിഴ്നാട് പ്രതിരോധം ക്ളിയ൪ ചെയ്ത പന്ത് നിരുപദ്രവകരമെന്ന് തോന്നിച്ചതായിരുന്നു. എന്നാൽ, 35 വാര അകലെനിന്ന് ലാൽറിൻമുവാന തൊടുത്ത ലോങ്റേഞ്ച൪ വലയിലേക്ക് പാഞ്ഞുകയറി.
മാനസികമായി തള൪ന്ന എതിരാളികൾക്കുമേൽ മിസോ ആധിപത്യം വ൪ധിച്ചു. തമിഴ് ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചിലുകൾ നിത്യസംഭവങ്ങളായി. കോ൪ണറുകൾ തുട൪ക്കഥകളായി. അരുണിന് ജോലിഭാരം കൂടി.
ഫിറ്റ്നസിലും സ്റ്റാമിനയിലും കേമന്മാരായ മിസോറമിനെതിരെ എക്സ്ട്രാടൈമിൽ തമിഴ്നാട് കിതച്ചുതുടങ്ങി. 94ാം മിനിറ്റിൽ ലീഡിലേക്ക് വല കുലുക്കി മിസോറം കരുത്തുകാട്ടുകയും ചെയ്തു. ലാൽനുൻമാവിയയുടെ ഇടതുവിങ്ങിൽനിന്നുള്ള ക്രോസിൽ ലാൽബിയാക്ലുവ പന്ത് പിന്നോട്ടുമറിച്ചപ്പോൾ ക്ളോസ്റേഞ്ചിൽനിന്ന് സീക്കോ ഹെഡറിലൂടെ വലയിലേക്ക് തള്ളി ഫൈനലുറപ്പിച്ചു.
ട്രാക്കിൽ തിരിച്ചെത്തി റെയിൽവേസ്
ഗ്രൂപ് ഘട്ടത്തിൽ അപരാജിതരായി ചൂളംവിളിച്ചെത്തിയ റെയിൽവേക്ക് പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച മഹാരാഷ്ട്രാ നീക്കങ്ങൾക്കു മുമ്പിൽ പാളം തെറ്റുന്നതാണ് തുടക്കത്തിൽ കണ്ടത്. റിജുവിൻെറ നേതൃത്വത്തിൽ റെയിൽവേ നടത്തിയ മുന്നേറ്റങ്ങളൊക്കെ കോട്ടക്കലുകാരൻ ടി. ഫൈസൽ നയിച്ച മറാത്താ പ്രതിരോധത്തിൽതട്ടി തക൪ന്നു. മധ്യനിരയിൽനിന്ന് വിങ്ബാക് മുഹമ്മദ് ഷഫീഖ് നീട്ടിയടിച്ച പന്ത് ഇഹ്തിഷാം കൈയിലൊതുക്കിയെങ്കിലും പൊടുന്നനെ പന്ത് വഴുതിവീണ് ഗോൾലൈൻ കടക്കുകയായിരുന്നു. രണ്ടാം പകുതിയിൽ അനിൽ കിസ്കുവിനെ മഹാരാഷ്ട്രയുടെ മലയാളി ഗോളി സി. പ്രവീൺ വീഴ്ത്തിയതിനു ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചാണ് സുശീൽ കിസ്കു റെയിൽവേയെ സമനിലയുടെ ട്രാക്കിലെത്തിച്ചത്.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.