ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ആനന്ദിന് വീണ്ടും സമനില

ചെന്നൈ: വിജയം ആനന്ദിന് ഇനിയും അകലത്തെന്നെ. തുട൪ച്ചയായ രണ്ടാം മത്സരത്തിൽ വെള്ളക്കരുക്കളുമായി ഇറങ്ങിയ ആനന്ദിന് ഏഴാം ഗെയിമിലും സമനില. രണ്ടുമണിക്കൂറും പത്ത് മിനിറ്റും നീണ്ട മത്സരത്തിൽ 32 നീക്കങ്ങൾക്കൊടുവിലായിരുന്നു സമനില. ഇതോടെ 12 മത്സരങ്ങളടങ്ങിയ ചാമ്പ്യൻഷിപ്പിൽ ഏഴ് മത്സരങ്ങൾ പൂ൪ത്തിയായപ്പോൾ കാൾസന് 4.5 പോയൻറും ആനന്ദിന് 2.5 പോയൻറും ആയി. 6.5 പോയൻറ് ലഭിക്കുന്നവ൪ക്ക് ജേതാവാകാം.
തിങ്കളാഴ്ച നടന്ന ഏഴാം ഗെയിമിൽ രാജാവിന് മുന്നിലെ കാലാളെ രണ്ട് കളം നീക്കിയാണ് ആനന്ദ് ആരംഭിച്ചത്. ഓപണിങ് ലഭിച്ച എല്ലാ ഗെയിമുകളിലും ഇതേ രീതി തന്നെയായിരുന്നു ആനന്ദ് അവലംബിച്ചത്. റൂയിലോപസ് എന്ന പ്രതിരോധ രീതിയിൽ രാജാവിന് മുന്നിലെ കാലാളെ രണ്ട് കളം നീക്കി കാൾസൻ പ്രതിരോധവും തുടങ്ങി. നീക്കങ്ങൾക്ക് അധികം സമയമെടുക്കാതെ നീങ്ങിയ മത്സരം അവസാനിക്കുമ്പോൾ രാജ്ഞിയും അഞ്ചുവീതം കാലാളും ആണ് ഇരുപക്ഷത്തും രാജാവിനൊപ്പം ബാക്കിയുണ്ടായിരുന്നത്. 30ാം നീക്കത്തിൽ രാജ്ഞിയെ f2 ലേക്ക് നീക്കി സമനില ചോദിച്ച ആനന്ദിന് കുതിരയെ e6 ലേക്ക് നീക്കി കാൾസൻ വഴങ്ങി. അടുത്ത രണ്ട് നീക്കത്തിലും ഇത് ആവ൪ത്തിച്ചതോടെ സമനിലയിൽ പിരിയുകയായിരുന്നു.
അഞ്ച് മത്സരങ്ങൾ ശേഷിക്കെ കിരീടത്തിലേക്ക് കാൾസന് രണ്ട് പോയൻറ് കൂടിയാണ് വേണ്ടത്. മൂന്ന് മത്സരങ്ങളിൽ വെള്ളക്കരുക്കളുമായി കാൾസൻ കരുക്കൾ നീക്കും. എട്ട്, 10, 12 ഗെയിമുകളിൽ ആനന്ദിന് കറുത്ത കരുക്കളായിരിക്കും. എട്ടാം മത്സരം ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന്. ശേഷിക്കുന്ന മുഴുവൻ മത്സരങ്ങളും സമനിലയിലായാൽപോലും കിരീടം കാൾസന് സ്വന്തമാകും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.