‘സചീ..ന്‍, സചിന്‍’ ഈണവും ഇനിയില്ല

മുംബൈ: ‘സചീ..ൻ, സചിൻ. സചീൻ... സചിൻ...’ ഈണത്തോടുള്ള ആ ആരവം ഇനിയുണ്ടാകില്ല. തന്നെ നെഞ്ചേറ്റിയ ആരാധകരിൽനിന്ന് സചിൻ അത് അവസാനമായി ഒന്നുകൂടെ കേട്ടു. ക്രീസിൽ ബാറ്റുമായി എതിരാളിയുടെ പന്തിലേക്ക് കണ്ണും മനസ്സുമെറിഞ്ഞുനിൽക്കെ ആവേശമേറ്റിയ ആ ഈണം, വാംഖഡെയിലെ വിടവാങ്ങൽ പ്രസംഗത്തിനിടെ സചിൻ ആരാധകരിൽനിന്ന് ഒരിക്കൽകൂടെ കേട്ടു. സചിൻ ആവശ്യപ്പെടുകയായിരുന്നു. തൊണ്ട ഇടറിയിട്ടും കണ്ണു നിറഞ്ഞിട്ടും പിടക്കുന്ന ചങ്കുമായി ആരാധക൪ ആ ആരവം സചിനുവേണ്ടി ഒന്നുകൂടി ആവ൪ത്തിച്ചു.
ആദ്യമായി കണ്ണുനിറഞ്ഞും വികാരാധീനനായും സചിനെ ആരാധക൪ കണ്ടു. മുമ്പ് സചിൻ കരഞ്ഞിട്ടുണ്ട്. തൻെറ ജീവിതയാത്രയിൽ ശക്തി പകരുകയും നല്ല മനുഷ്യനായി തന്നെ രൂപപ്പെടുത്തുകയും ചെയ്ത അച്ഛൻ രമേശ് ടെണ്ടുൽക൪ മരിച്ചപ്പോഴും താൻ റണ്ണുകൾ വാരിക്കൂട്ടിയിട്ടും ശ്രീലങ്കക്കെതിരെ ഇന്ത്യ തോറ്റപ്പോഴുമായിരുന്നു അത്. ആ കണ്ണീ൪ പക്ഷേ ആരാധക൪ കണ്ടിരുന്നില്ല. കൊച്ചു കൊച്ചു കാര്യങ്ങൾ പോലും തനിക്ക് പ്രധാനപ്പെട്ടതെന്ന് ക്രിക്കറ്റ് ചരിത്രത്തിലെ ആ ഇതിഹാസതാരത്തിൻെറ വിടവാങ്ങൽ പ്രസംഗത്തിലൂടെ ലോകം കേട്ടറിഞ്ഞു. തൻെറ സ്കൂൾ കാലംമുതലുള്ള സുഹൃത്തുക്കളടക്കം ക്രിക്കറ്റ് ജീവിതത്തിലേക്ക് കൂട്ടായിനിന്നവരെ ആ വലിയ മനുഷ്യൻ ഓ൪ത്തു.
ക്രിക്കറ്റ് ജീവിതത്തിൻെറ തുടക്ക കാലത്ത് ഒപ്പമുണ്ടായിരുന്ന ആ പഴയ ആത്മമിത്രം വിനോദ് കാംബ്ളിയുടെ പേരുമാത്രം സചിനിൽ നിന്നു കേട്ടില്ല. തൻെറ വിരമിക്കലിന് സമ്മ൪ദമേറ്റിയ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസനെക്കുറിച്ച് എന്തു പറയുമെന്നും ആരാധക൪ കാതോ൪ത്തിരുന്നു. അതുമുണ്ടായില്ല.






 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.