തൃക്കരിപ്പൂ൪: കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്ന് ട്രെയിനിൽ കുടുംബത്തോടൊപ്പം മടങ്ങുകയായിരുന്ന മലയാളിക്ക് ഏഴംഗ സംഘത്തിൻെറ ആക്രമണത്തിൽ കഴുത്തിൽ മാരകമായ മുറിവേറ്റു. തൃക്കരിപ്പൂ൪ ഒളവറയിലെ വി.അബ്ദുൽ ശുക്കൂറാ(41)ണ് ആക്രമണത്തിന് ഇരയായത്. പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബ്ദുൽ ഷുക്കൂറിൻെറ തൊണ്ടയിൽ 37 തുന്നലുകൾ ഇടേണ്ടി വന്നു. കവ൪ച്ചാ സംഘത്തിലെ ഏഴു പേരെയും കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് ശംഭുലാൽ റാവുത്തറി (36)നെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.
കോയമ്പത്തൂ൪ വഴിയുള്ള ചെന്നൈ-മംഗലാപുരം 16627 വെസ്റ്റ്കോസ്റ്റ് എക്സ്പ്രസിൽ ശനിയാഴ്ച അ൪ധരാത്രിയോടെയാണ് സംഭവം. ജനറൽ കമ്പാ൪ട്ട്മെൻറിലെ സീറ്റിലാണ് ശുക്കൂറും ഭാര്യാ സഹോദരി കെ.സി.സീനത്ത് (38), അവരുടെ ഭ൪ത്താവ് കെ.പി. ഷറഫുദ്ദീൻ (52) എന്നിവ൪ ഇരുന്നത്. 11 മണിയോടെ ഷറഫുദ്ദീൻ മുകളിൽ ലഗേജ് വെക്കാനുള്ള സ്ഥലത്ത് കയറി ഇരുന്നു.
നല്ല തിരക്കുണ്ടായിരുന്ന ബോഗിയിൽ കുടുംബം ഇരുന്നതിൻെറ എതിരെയുള്ള സീറ്റിലാണ് അക്രമി സംഘത്തിലെ അഞ്ചു പേ൪ ഇരുന്നത്. മറ്റു രണ്ടു പേ൪ ഷുക്കൂറിനടുത്തുമാണ് ഇരുന്നത്. സീറ്റിൽ തലചായ്ച്ച് ഇരിക്കുകയായിരുന്ന ഷുക്കൂറിനെ തൊട്ടടുത്ത് ഇരുന്ന അന്യസംസ്ഥാനക്കാരനായ യുവാവ് പൊടുന്നനെ ആക്രമിക്കുകയായിരുന്നു. ഷുക്കൂറിൻെറ കഴുത്തിൽ നിന്ന് ചോരയൊഴുകുന്നത് കണ്ട സീനത്ത് നിലവിളിച്ചു കൊണ്ടോടി. ഇതിനിടയിൽ അവരെയും ആക്രമിച്ചു.
വാതിലിൽ നിന്ന് പുറത്തേക്ക് തള്ളാനായി ശ്രമം. വാതിൽ അടഞ്ഞിരുന്നത് കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇവ൪ പറയുന്നു. ഇതിനിടയിൽ താഴെയിറങ്ങിയ ഷറഫുദ്ദീനും മറ്റു യാത്രക്കാരും ചേ൪ന്ന് അക്രമി സംഘത്തിലെ ഏഴുപേരെയും പിടികൂടി. ഇവരെ യാത്രക്കാ൪ കോഴിക്കോട് റെയിൽവേ പൊലീസിനു കൈമാറി. ഇതിനിടയിൽ സഹയാത്രികനായ യുവാവ് ടവൽ ഉപയോഗിച്ച് ഷുക്കൂറിൻെറ കഴുത്തിലെ മുറിവിൽ പിടിച്ചിരുന്നു.
അര മണിക്കൂറിനുള്ളിൽ കോഴിക്കോട്ടെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവ൪ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫ൪ ചെയ്തു. അവിടെ വെച്ചാണ് തുന്നലിട്ടത്. ഞായറാഴ്ച ഉച്ചയോടെ നാട്ടിലേക്ക് തിരിച്ചാണ് പയ്യന്നൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കവ൪ച്ചയാണ് അക്രമികളുടെ ലക്ഷ്യമെന്ന് സംശയിക്കുന്നു. സീറ്റുമായി ബന്ധപ്പെട്ട ത൪ക്കമാണ് അക്രമ കാരണമെന്നാണ് അറസ്റ്റിലായ ശംഭുലാൽ റാവുത്ത൪ പൊലീസിൽ പറഞ്ഞതെന്ന് അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.