ചെങ്ങന്നൂ൪: വ്യാജമദ്യ-സ്പിരിറ്റ് വിൽപനകേന്ദ്രം റെയ്ഡുചെയ്യാൻ എത്തിയ എസ്.ഐ അടക്കമുള്ള പൊലീസ് സംഘത്തെ ആക്രമിച്ച് വെട്ടിയത് എട്ടംഗ ക്വട്ടേഷൻ സംഘമാണെന്ന് തിരിച്ചറിഞ്ഞു.
പ്രതികളെക്കുറിച്ചും വ്യക്തമായ വിവരം പൊലീസിന് ലഭിച്ചു. ഇവ൪ക്കായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ തിരച്ചിൽ ഊ൪ജിതമാക്കി. ചൊവ്വാഴ്ച രാവിലെ 7.45ഓടെയാണ് മാന്നാ൪-പുലിയൂ൪ റോഡിൽ കുട്ടമ്പേരൂ൪ ആറിന് തീരത്തുള്ള വ്യാജമദ്യ കേന്ദ്രത്തിൽ പൊലീസ് റെയ്ഡ് നടത്തുന്നതിനിടെ ആക്രമണമുണ്ടായത്. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ മാന്നാ൪ എസ്.ഐ ശ്രീകുമാറും സിവിൽ പൊലീസ് ഓഫിസ൪ പ്രതാപചന്ദ്ര മേനോനും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാരകായുധങ്ങളുമായാണ് പൊലീസിനെ നേരിടാൻ ക്വട്ടേഷൻ സംഘം നിലയുറപ്പിച്ചിരുന്നത്. രണ്ട് പൊലീസുകാ൪ക്ക് മ൪ദനത്തിൽ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബുധനൂ൪ പടിഞ്ഞാറ്റുംമുറിയിൽ തെരുവിൽ വടക്കതിൽ രവീന്ദ്രനെ (60) ഹരിപ്പാട് കോടതി റിമാൻഡ് ചെയ്തു. ഇയാളിൽനിന്ന് എട്ടുലിറ്റ൪ സ്പിരിറ്റും കന്നാസുകളും മാരകായുധങ്ങളും പിടിച്ചെടുത്തു. മുഖ്യപ്രതിയായ രാജൻ നായരുടെ മൂന്ന് മൊബൈൽ ഫോൺ നമ്പറുകൾ പൊലീസ് പിന്തുടരുന്നുണ്ട്. ആലപ്പുഴയിൽനിന്ന് എത്തിയ സയൻറിഫിക് അസിസ്റ്റൻറ് പി.എൻ. മേരി ഷെറിനും മാന്നാ൪ സി.ഐ ആ൪. ബിനുവും സ്ഥലത്തത്തെി തെളിവുകൾ ശേഖരിച്ചു.
നിരവധി അബ്കാരിക്കേസുകളിലെ പ്രതിയാണ് രാജൻ. ഗുണ്ടാലിസ്റ്റിൽ ജയിലിൽ കഴിഞ്ഞ ഇയാൾ രണ്ടുമാസം മുമ്പാണ് പുറത്തിറങ്ങിയത്. രാഷ്ട്രീയ പാ൪ട്ടികളിലും ഇയാൾക്ക് സ്വാധീനമുണ്ടെന്ന് പറയുന്നു. ’95ൽ റെയ്ഡ് സംഘത്തെ വീട്ടിൽവെച്ച് വെട്ടിയ കേസിലും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. പൊലീസ് സംഘം റെയ്ഡിന് എത്തുന്ന വിവരം പൊലീസിൽനിന്നുതന്നെ ചോ൪ന്നതായി സംശയിക്കുന്നു. അതുകൊണ്ടാണ് പൊലീസ് സംഘത്തെ നേരിടാൻ ക്വട്ടേഷൻ സംഘം ആയുധങ്ങളുമായി സജ്ജമായി നിന്നതെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.