കൽപറ്റ: കേരളം ആതിഥേയത്വം വഹിക്കുന്ന ദേശീയ ഗെയിംസ് അടുത്ത വ൪ഷം നടക്കാനിരിക്കെ ഗെയിംസിൻെറ അമ്പെയ്ത്ത് (ആ൪ച്ചറി) മത്സരങ്ങൾ നടത്താൻ നിശ്ചയിച്ച വയനാട്ടിലെ കേന്ദ്രത്തിൻെറ പണി ശരശയ്യയിൽ. അന്താരാഷ്ട്ര നിലവാരമുള്ള ആ൪ച്ചറി അക്കാദമി തുടങ്ങാൻ പദ്ധതിയിട്ട പുൽപള്ളിയിലെ എട്ട് ഏക്കറിൽ താൽക്കാലിക മൈതാനമല്ലാതെ മറ്റൊന്നുമില്ല. ഇതിനടുത്ത് വാടകക്കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന സ്പോ൪ട്സ് ഹോസ്റ്റലിലെ താരങ്ങൾക്ക് പരിശീലനത്തിന് ഉന്നം പിടിക്കാനുള്ള നാല് സ്റ്റാൻഡുകളുമുണ്ട്.
പുൽപള്ളി പഞ്ചായത്തിൻെറ ഉടമസ്ഥതയിലുണ്ടായിരുന്ന കോളറാട്ടുകുന്ന് താഴെയങ്ങാടിയിലെ എട്ട് ഏക്ക൪ 2009ലാണ് സംസ്ഥാന സ്പോ൪ട്സ് കൗൺസിലിന് കൈമാറിയത്. സ്റ്റേഡിയം, താരങ്ങൾക്കും ഒഫീഷ്യലുകൾക്കുമുള്ള ഭക്ഷണ-താമസസൗകര്യം, പരിശീലന കേന്ദ്രം തുടങ്ങിയവയുള്ള അന്താരാഷ്ട്രനിലവാരമുള്ള ആ൪ച്ചറി അക്കാദമി തുടങ്ങുമെന്ന ധാരണയിലാണ് പഞ്ചായത്ത് സ്ഥലം കൈമാറിയത്. സ്പോ൪ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായി) സഹായത്തോടെ 150 കോടി രൂപ ചെലവിൽ സ്പോ൪ട്സ് കൗൺസിൽ അക്കാദമി നി൪മിക്കുമെന്നായിരുന്നു കരാ൪. മൂന്ന് വ൪ഷത്തിനകം നി൪മാണം തുടങ്ങിയിട്ടില്ലെങ്കിൽ സ്ഥലം പഞ്ചായത്ത് തന്നെ തിരിച്ചെടുക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
എന്നാൽ, വ൪ഷങ്ങൾ ിന്നിട്ടിട്ടും നി൪മാണം തുടങ്ങാത്തതിനാൽ ഭൂമി തിരിച്ചുപിടിക്കാൻ കഴിഞ്ഞ ജൂണിൽ പഞ്ചായത്ത് തീരുമാനിച്ചിരുന്നു.നിശ്ചിത സമയത്ത് പണി പൂ൪ത്തിയാകുമെന്ന പ്രതീക്ഷയിൽ ദേശീയ ഗെയിംസിൻെറ അമ്പെയ്ത്ത് മത്സരങ്ങൾ വയനാട്ടിൽ നടത്താൻ നിശ്ചയിച്ചത് കൂനിന്മേൽ കുരുവുമായി.
നി൪മാണപ്രവൃത്തിക്കുള്ള ടെൻഡ൪ കരാറുകാ൪ ഏറ്റെടുക്കാത്തതിനാലാണ് നി൪മാണം വൈകുന്നതെന്നാണ് സ്പോ൪ട്സ് കൗൺസിലിൻെറ വിശദീകരണം. അന്ത൪ദേശീയ നിലവാരമുള്ള നി൪മാണമായതിനാൽ പ്രത്യേക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കേണ്ടത്. ഇത്തരം സംവിധാനം കേരളത്തിലെ കരാറുകാ൪ക്കില്ല. ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിൻെറ മേൽനോട്ടത്തിൽ കായിക യുവജനകാര്യവകുപ്പ് കഴിഞ്ഞ ഏപ്രിൽ ഒമ്പതിനും 62 ലക്ഷം രൂപയുടെ ടെൻഡ൪ ക്ഷണിച്ചിരുന്നു. കുറഞ്ഞ തുകയുടെ പണി ആയതിനാൽ കേരളത്തിന് പുറത്തുള്ള കരാറുകാരും പണി ഏറ്റെടുത്തില്ല.
കഴിഞ്ഞ ജൂൺ 25ന് തിരുവനന്തപുരത്ത് നടന്ന ടെൻഡറിൽ ഒരു കമ്പനി കരാ൪ ഏറ്റെടുത്തെന്നും പണി ഉടൻ തുടങ്ങുമെന്നും സ്പോ൪ട്സ് കൗൺസിൽ അധികൃത൪ പറയുന്നു. ദേശീയ ഗെയിംസിൻെറ എൻജിനീയറിങ് വിഭാഗം കഴിഞ്ഞദിവസം പുൽപള്ളിയിലെ പദ്ധതി പ്രദേശം സന്ദ൪ശിച്ചിരുന്നു. അക്കാദമി നിശ്ചിത സമയത്തിനുള്ളിൽ പ്രവ൪ത്തനസജ്ജമായാൽ മാത്രം അമ്പെയ്ത്ത് മത്സരം ഇവിടെ നടത്താമെന്ന നേരിയ പ്രതീക്ഷ മാത്രമാണുള്ളത്. ഇല്ലെങ്കിൽ എറണാകുളത്ത് മത്സരങ്ങൾ നടത്താനാണ് ആലോചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.