കണ്ണൂ൪: സഹകരണ സ്ഥാപനങ്ങളിൽനിന്നും ഷെയറുകൾ സ്വരൂപിച്ച് റബ്കോയുടെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുമെന്ന് റബ്കോ ചെയ൪മാൻ ഇ. നാരായണൻ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു.
ഉൽപാദനം വ൪ധിപ്പിച്ച് സ്ഥാപനത്തിൻെറ നിലവിലെ പ്രയാസങ്ങൾ കുറച്ചുകൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണന. വായ്പാ ബാധ്യതകൾ വീട്ടാൻ ഷെയറുകൾ വഴി സ്വരൂപിക്കുന്ന മൂലധനം ഉപയോഗപ്പെടുത്തും. കൂടുതൽ തുക ഉൽപാദന രംഗത്ത് വിനിയോഗിക്കും. കമ്പനിയെ വീണ്ടും ലാഭത്തിലാക്കാനുള്ള വിവിധ പദ്ധതികൾക്ക് പുതിയ ഭരണസമിതി രൂപം നൽകിയിട്ടുണ്ട്.
ഉൽപന്നങ്ങൾക്ക് ആവശ്യക്കാരുണ്ടെങ്കിലും മാ൪ക്കറ്റിൽ ആവശ്യാനുസരണം എത്തിക്കാൻ കഴിയാത്തതാണ് റബ്കോ നേരിടുന്ന പ്രതിസന്ധി. ഇത് മറികടക്കാൻ ഉൽപാദനം വ൪ധിപ്പിക്കണം. 2012ൽ 91 കോടിയുടെ വിൽപനയാണ് നടന്നത്. 2013-14ൽ ഇത് 120 കോടിയായി വ൪ധിപ്പിക്കും. ആവശ്യമായ പ്രവ൪ത്തന മൂലധനത്തിൻെറ അഭാവത്തിൽ യൂനിറ്റുകളുടെ സ്ഥാപിത ശേഷി പൂ൪ണമായും ഉപയോഗിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഇങ്ങനെ സ്ഥാപിത ശേഷി പരമാവധി ഉപയോഗിച്ചാൽ നിലവിലെ ബാധ്യതകൾ തീ൪ക്കാനാകും. പലിശയിനത്തിൽ രണ്ടുമാസത്തിനിടെ എട്ടുകോടി രൂപ അടച്ചുകഴിഞ്ഞു. നിലവിൽ 300 കോടി രൂപ കടമുണ്ടെങ്കിലും റബ്കോക്ക് 400 കോടിയുടെ ആസ്തിയുണ്ട്. ഇതിനിടെ പിഴപ്പലിശ ഒഴിവായിക്കിട്ടാനുള്ള ശ്രമം നടത്തിവരുകയാണ്.റബ്കോക്കെതിരെയുണ്ടാകുന്ന ജപ്തി നടപടിയടക്കമുള്ള പ്രശ്നങ്ങൾ ഊതിവീ൪പ്പിച്ച് വലിയ വാ൪ത്തകളാക്കുകയാണ്.
അതേസമയം, 16 വ൪ഷമായി പ്രവ൪ത്തിച്ചുവരുന്ന ഈ സ്ഥാപനത്തിൽ ഇതുവരെ ശമ്പളം മുടങ്ങിയിട്ടില്ല. പ്രതിമാസം 1600 ജീവനക്കാ൪ക്ക് 1.75 കോടി രൂപയാണ് ശമ്പളമായി നൽകുന്നതെന്നും ചെയ൪മാൻ പറഞ്ഞു. വാ൪ത്താസമ്മേളനത്തിൽ വൈസ് ചെയ൪മാൻ വി.എൻ. വാസവൻ, മാനേജിങ് ഡയറക്ട൪ പി.വി. ഹരിദാസ്, ഭരണസമിതി അംഗങ്ങളായ എം.വി. കോമൻ നമ്പ്യാ൪, പി.വി. ശശികല എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.