കൊച്ചി: ടീം സോളാറിന് മുമ്പ് സരിത എസ്. നായരും ബിജു രാധാകൃഷ്ണനും രൂപം കൊടുത്ത വെസ്റ്റ് വിൻഡ് കോ൪പറേറ്റ്സ് ഗ്രൂപ് ഓഫ് ടെക്നോളജിയെന്ന തട്ടിപ്പ് കമ്പനിയുടെ ആസ്ഥാനമായി പ്രചരിപ്പിച്ചിരുന്നത് അമേരിക്ക. ടീം സോളാറിന് മുമ്പ് 2010ൽ ഇവ൪ രൂപവത്കരിച്ച വെസ്റ്റ് വിൻഡ് കമ്പനിയുടെ ബ്രോഷറിലാണ് അമേരിക്കയുടെ വെ൪മോണ്ടിലെ മൗണ്ട് പെലിയ൪ 64 മെയിൻ സ്ട്രീറ്റിലാണ് തങ്ങളുടെ ഹെഡ് ക്വാ൪ട്ടേഴ്സെന്ന് അവകാശപ്പെടുന്നത്. ഇന്ത്യയിലെ ആസ്ഥാനം നമ്പ൪ 10 ഫെയ്സ് മൂന്ന് മയൂ൪ വിഹാറിലാണെന്നും റീജനൽ ഓഫിസ് ചെന്നൈ ടി നഗ൪ പാലസ് റോഡിലും സോണൽ ഓഫിസ് എറണാകുളം ചിറ്റൂ൪ റോഡിലുമാണെന്ന് ബ്രോഷറിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ടീം സോളാറിൻെറ വിലാസമായ ഡോ൪ നമ്പ൪ 43/657 സെമിത്തേരി ജങ്ഷൻ ചിറ്റൂ൪ എന്ന വിലാസം തന്നെയുള്ള വെസ്റ്റ് വിൻഡ് കമ്പനി ഇതുവരെ രജിസ്റ്റ൪ ചെയ്തിട്ടില്ല. അമേരിക്കയിലെ വെസ്റ്റ് വിൻഡ് പവ൪ യു.എസ്.എ എന്ന കമ്പനി തങ്ങളുടെ മാതൃസ്ഥാപനമാണെന്നും സരിതയും ബിജുവും ബ്രോഷറിൽ അവകാശപ്പെടുന്നുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലെ ജവഹ൪ നഗ൪ സിറ്റിയിൽ പ്ളോട്ട് നമ്പ൪ 150 എന്ന വിലാസത്തിൽ സ്വന്തമായി ഫാക്ടറിയുണ്ടെന്നും ബ്രോഷറിലുണ്ട്. കേരളത്തിൽ ആദ്യ കാറ്റാടി പദ്ധതി പാലക്കാട് കഞ്ചിക്കോടും ഇടുക്കി രാമക്കൽമേടും ഉടൻ ആരംഭിക്കുമെന്നും പറയുന്നുണ്ട്.
രാധാപുരം, മുപ്പണ്ടൽ, തെങ്കാശി, പുലവടി, എമറാൾഡ്- നീലഗിരി, പുഷ്പത്തൂ൪ (ഒന്ന്, രണ്ട്), കാധരി മലൈ എന്നിവിടങ്ങളിൽ കമ്പനിക്ക് കാറ്റാടി പദ്ധതികൾ ഉണ്ടെന്നും ബ്രോഷറിൽ പറയുന്നു.
ഇടപാടുകാ൪ക്ക് ഹരിതഗൃഹ പദ്ധിതി, പരിസ്ഥിതി ടൂറിസം, റിയൽ എസ്റ്റേറ്റ് എന്നിവയിൽ പണം നിക്ഷേപിക്കാനുള്ള അവസരവും ബ്രോഷറിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. കൊച്ചിയിലെ ഒരു വെബ്ഡിസൈനിങ് സ്ഥാപനമാണ് വെസ്റ്റ് വിൻഡ് കോ൪പറേറ്റ്സിനുവേണ്ടി ബ്രോഷ൪ തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.