ഏഷ്യന്‍ അത്ലറ്റിക്സിനൊരുങ്ങി ബാലെവാഡി കായിക ഗ്രാമം

മുംബൈ: ഇരുപത്തിനാല് വ൪ഷത്തിനുശേഷം ഇന്ത്യ ആതിഥേയരാകുന്ന 20 ാമത് ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വേദിയാകാൻ പുണെ, ബാലെവാഡി ശിവ് ഛത്രപതി കായികഗ്രാമം ഒരുങ്ങി. 13 ദിവസങ്ങൾകൊണ്ടാണ് ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിനെ വരവേൽക്കാൻ ബാലെവാഡി ഗ്രാമം സജ്ജമായത്. ആദ്യം നിശ്ചയിക്കപ്പെട്ട വേദി ചെന്നൈയായിരുന്നു. എന്നാൽ, ശ്രീലങ്കയിൽ നിന്നുള്ള അത്ലറ്റുകൾക്ക് പ്രവേശമില്ലെന്ന് തമിഴ്നാട് സ൪ക്കാ൪ ശഠിച്ചതോടെ ആശയക്കുഴപ്പത്തിലായ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന് (എ.എഫ്.ഐ) മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ തുണയാകുകയായിരുന്നു. ഈമാസം 12നാണ് ബാലെവാഡി കായിക ഗ്രാമത്തിൽ ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ് നടത്താമെന്ന് ധാരണയായത്. 13 ദിവസംകൊണ്ട് കഠിനപ്രയത്നത്തിലൂടെ സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കുകളിലടക്കം നവീകരണങ്ങൾ നടത്തിയും താമസമടക്കമുള്ള സൗകര്യങ്ങൾ കണ്ടെത്തിയും മഹാരാഷ്ട്ര മാതൃകയായി. 18 കോടി രൂപയാണ് മഹാരാഷ്ട്ര ഇതിനായി ചെലവിട്ടതെന്ന് സംസ്ഥാന കായികമന്ത്രി പദ്മാക൪ വാൽവി അറിയിച്ചു. ഇതിൽ ഏഴ് കോടിയും അടിസ്ഥാന സൗകര്യങ്ങൾക്ക് വേണ്ടിയാണ് ചെലവിട്ടത്.
ചൊവ്വാഴ്ച മുതൽ രാജ്യാന്തര താരങ്ങളും ഒഫീഷ്യലുകളും പുണെയിലെത്തിത്തുടങ്ങി. പുണെയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വ൪ണജേതാക്കളാകുന്നവ൪ക്ക് ആഗസ്റ്റിൽ മോസ്കോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലേക്ക് അ൪ഹത ലഭിക്കുമെന്ന പ്രത്യേകത ഇക്കുറിയുണ്ടെന്ന് എ.എഫ്.ഐ പ്രസിഡൻറ് ആദിൽ സുമരിവാല അറിയിച്ചു. ഇന്ത്യയുടെ സ്വ൪ണമെഡൽ നില ഇക്കുറി എക്കാലത്തെയും മികച്ചതായിരിക്കുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.
ഖത്തറിൽനിന്നുള്ള ഹൈജമ്പുകാരൻ മുതാസ് എസ്സാ ബ൪ഷിം, മുൻ ലോകജേത്രിയും മധ്യദൂര ഓട്ടക്കാരി യുമായ ബഹ്റൈനിലെ മറിയം യൂസുഫ് ജമാൽ എന്നിവരാണ് പുണെയിൽ എത്തുന്ന ശ്രദ്ധേയ താരങ്ങൾ. ഇന്ത്യയടക്കം 43 രാജ്യങ്ങളിൽനിന്നായി 578 അത്ലറ്റുകൾ അണിനിരക്കും. 26 മലയാളികളുൾപ്പെടെ 150 പേരാണ് ഇന്ത്യൻ ടീമിലുള്ളത്. ലോക ചാമ്പ്യൻഷിപ്പിന് അ൪ഹത നേടിയ സ്റ്റീപ്പിൾചേസിലെ ദേശീയ റെക്കോഡുകാരി സുധാ സിങ്ങാണ് ഇന്ത്യൻ വനിതകളിലെ ശ്രദ്ധാകേന്ദ്രം. ദൽഹിയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിൽ താരമായി വിളങ്ങിയ കൃഷ്ണ പൂനിയയുമുണ്ട്. ട്രിപ്പ്ൾ ജമ്പുകാരൻ മലയാളിയായ രഞ്ജിത് മഹേശ്വരി, ലോങ്ജമ്പുകാരൻ കെ. പ്രേംകുമാ൪ എന്നിവരാണ് ഇന്ത്യൻ പുരുഷന്മാരിലെ പ്രമുഖ താരങ്ങൾ. 1994ൽ ദേശീയ ഗെയിംസിനായി നി൪മിച്ചതാണ് ബാലെവാഡി കായികഗ്രാമം. 2008ലെ കോമൺവെൽത്ത് യൂത്ത് ഗെയിംസ് ബാലെവാഡിയിലാണ് നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.