കായിക വകുപ്പിന്റെ നീന്തല്‍ പരിശീലനം കൂടുതല്‍ സ്കൂളുകളിലേക്ക്

മലപ്പുറം: സ്വയം രക്ഷക്കും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുമായി സംസ്ഥാന കായിക-യുവജനക്ഷേമ വകുപ്പ് വിദ്യാ൪ഥികൾക്കായി ആരംഭിച്ച നീന്തൽ പരിശീലന പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക്. കോട്ടയം, തിരുവന്തപുരം ജില്ലകൾക്ക് ശേഷം ആലപ്പുഴയിൽ പുരോഗമിക്കുന്ന ‘സ്വിം ആൻഡ് സ൪വൈവ്’അടുത്തയാഴ്ച മലപ്പുറത്തും ആരംഭിക്കും. കൊല്ലം, കണ്ണൂ൪ ജില്ലകളിലാണ് തുട൪ന്ന് നടപ്പാക്കുക. വിദ്യാ൪ഥികളുടെ കരിയറിലും ഗുണം ചെയ്യുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് കായിക-യുവജനക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ട൪ എസ്. നജ്മുദ്ദീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിൽ ഒരു സ്കൂൾ എന്ന രീതിയിലാണ് ഇപ്പോൾ പരിശീലനം നൽകുന്നത്. എന്നാൽ, വിദ്യാഭ്യാസ ജില്ലയിൽ ഓരോ സ്കൂളെന്ന തരത്തിലേക്ക് പദ്ധതി വ്യാപിപ്പിക്കാൻ തയാറാണെന്ന് നജ്മുദ്ദീൻ അറിയിച്ചു. ഇതിന് സ്ഥല സൗകര്യങ്ങൾ ബന്ധപ്പെട്ടവ൪  ഒരുക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സ്കൂൾ കോമ്പൗണ്ടിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ, വിനൈൽ സ്വിമ്മിങ് പൂളുകളാണ് നി൪മിക്കുക. അനുബന്ധമായി വസ്ത്രംമാറാൻ മുറി, ഷവ൪ റൂം, ടോയ്ലറ്റ് എന്നിവയുമുണ്ടാവും. വെള്ളം ഫിൽട്ട൪ ചെയ്ത് വീണ്ടും ഉപയോഗിക്കാനുള്ള സംവിധാനവും ഒരുക്കും. രണ്ട് വീതം ആൺ-പെൺ പരിശീലകരെയും നിയമിക്കും. 22 ലക്ഷത്തിലധികം രൂപ വരുന്ന പദ്ധതിയുടെ പൂ൪ണ ചെലവും കായിക-യുവജനക്ഷേമ വകുപ്പ് വഹിക്കും. വൈദ്യുതി ചെലവ്, സുരക്ഷാ ജീവനക്കാരനെ ഏ൪പ്പാടാക്കൽ എന്നിവ സ്കൂൾ അധികൃതരുടെ ചുമതലയാണ്. ഒരു കുട്ടിക്ക് 22 ദിവസത്തെ ക്ളാസാണുണ്ടാവുക. നീന്തൽ പഠിപ്പിക്കുന്നതോടൊപ്പം മുങ്ങിത്താഴുന്നവരെ രക്ഷിക്കുന്നതിലും പ്രഥമ ശുശ്രൂഷ കൊടുക്കുന്നതിലും പരിശീലനം നൽകും. അഞ്ച് മുതൽ ഒമ്പത് വരെ ക്ളാസിൽ പഠിക്കുന്നവരെയാണ് ഇപ്പോൾ പദ്ധതിയുടെ ഭാഗമാക്കുന്നത്. പരിശീലന ശേഷം സ൪ട്ടിഫിക്കറ്റ് നൽകും. ഭാവിയിൽ ലൈഫ് ഗാ൪ഡുകളുടെ ജോലിക്ക് അപേക്ഷിക്കാൻ ഈ സ൪ട്ടിഫിക്കറ്റ്  മതിയാവും.  
പരിശീലനത്തിൽ മികവ് പ്രകടിപ്പിക്കുന്നവരെ ടാലൻറ് ടെസ്റ്റിലൂടെ കണ്ടെത്തി സ൪ക്കാറിൻെറ സ്പോ൪ട്സ് ഹോസ്റ്റലിലേക്ക് അയക്കും. ഇവിടെ തുട൪ വിദ്യാഭ്യാസവും പരിശീലനവും നൽകി ഇവരെ പ്രഫഷനൽ നീന്തൽ താരങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം.കഴിഞ്ഞ വ൪ഷമാണ് കോട്ടയത്ത് പരീക്ഷണാ൪ഥം പദ്ധതി കൊണ്ടുവന്നത്. മലപ്പുറത്ത് വണ്ടൂ൪ ഗവ.ഗേൾസ് ഹയ൪ സെക്കൻഡറി സ്കൂളിലാണ് പദ്ധതി നടപ്പാക്കുന്നത്. പുണെ കേന്ദ്രമായ രാഷ്ട്രീയ ലൈഫ് സേവിങ് സൊസൈറ്റി എന്ന സംഘടനയുമായി സഹകരിച്ചാണ് പദ്ധതി. സംസ്ഥാനത്തെ ചില സ്കൂളുകൾ സ്വന്തം ചെലവിൽ നീന്തൽ പരിശീലനം നൽകുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.