കൊച്ചി: ന്യായമായ ശമ്പളം ഉറപ്പാക്കുമെന്ന സ൪ക്കാ൪ പ്രഖ്യാപനം അന്തരീക്ഷത്തിൽ മാത്രം നിൽക്കെ, പുതിയ അധ്യയന വ൪ഷത്തിലും അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക൪ക്ക് ‘കുമ്പിളിൽ തന്നെ കഞ്ഞി’. ഹൈകോടതിയും സി.ബി.എസ്.ഇ ബോ൪ഡും നൽകിയ നി൪ദേശം മാനേജുമെൻറുകൾ ജലരേഖയാക്കിയതോടെ തുച്ഛശമ്പളമെന്ന ദുരിതവും പേറി ഒരുകൂട്ടം അധ്യാപക൪ തിങ്കളാഴ്ച വീണ്ടും ക്ളാസ് മുറികളിലേക്ക്.
ഉയ൪ന്ന ശമ്പളമെന്ന നി൪ദേശം പാലിക്കുന്നുണ്ടെന്ന് വരുത്താൻ മാനേജുമെൻറുകൾ പുതിയ തന്ത്രങ്ങൾ പയറ്റുന്നതായുമുള്ള ആക്ഷേപവും ശക്തമാണ്. പരിചയ സമ്പന്നരായ അധ്യാപകരെ വ്യാപകമായി പിരിച്ചുവിട്ടെന്നാണ് പരാതി. അവധിക്കാലത്ത് ഇത്തരത്തിൽ നിരവധി അധ്യാപക൪ക്ക് ജോലി നഷ്ടപ്പെട്ടതായി അൺഎയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഓ൪ഗനൈസേഷൻ ഭാരവാഹികൾ പറയുന്നു. ഇവ൪ക്ക് പകരം ട്രെയ്നി, പ്രൊബേഷൻ എന്നീ തസ്തികകളിൽ പുതിയ അധ്യാപകരെ നിയമിക്കുകയാണ്. ഉയ൪ന്ന ശമ്പളം നൽകണമെങ്കിൽ രണ്ടു മുതൽ നാലു ലക്ഷം വരെ കോഴയായി ചില മാനേജ്മെൻറുകൾ ആവശ്യപ്പെടുന്നതായും അധ്യാപക൪ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ പണം നൽകാൻ വിസമ്മതിച്ചവരെ പിരിച്ചുവിട്ടതായും ഇവ൪ പറയുന്നു. എറണാകുളത്തടക്കം നിരവധിപേ൪ക്ക് ഇത്തരത്തിൽ ജോലി നഷ്ടമായി. ഇങ്ങനെ പുറത്താക്കിയവരെ തിങ്കളാഴ്ച സ്കൂളുകളിൽ പ്രവേശിപ്പിക്കാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്. അധ്യാപക൪ക്ക് ഉയ൪ന്ന വേതനം നൽകണമെന്ന ഹൈകോടതി ഉത്തരവ് സംസ്ഥാനത്തെ 90 ശതമാനം സ്കൂളുകളും പാലിച്ചിട്ടില്ളെന്നാണ് അൺ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് ഓ൪ഗനൈസേഷൻെറ കണക്ക്.
ശമ്പളം ബാങ്കുകൾ വഴിയാക്കിയ തീരുമാനവും അധ്യാപകരെ തുണച്ചില്ളെന്ന് അസോസിയേഷൻ പറയുന്നു. മൂൻകൂറായി അധ്യാപകരിൽ നിന്ന് ചെക്കുകൾ മാനേജ്മെൻറുകൾ ഒപ്പിട്ടുവാങ്ങുമത്രേ. പിന്നീട് ഇതിൽ നിന്ന് നിശ്ചിത തുക മാനേജ്മെൻറുകൾ തന്നെ പിൻവലിക്കുകയാണ് പതിവ്. സ്വകാര്യ സ്കൂളുകളിലെ അധ്യാപക൪ക്ക് ന്യായമായ ശമ്പളം ഉറപ്പാക്കാൻ നിയമനി൪മാണം നടത്തുമെന്ന് മുഖ്യമന്ത്രിയും തൊഴിൽ-വിദ്യാഭ്യാസ മന്ത്രിമാരും പലതവണ ആവ൪ത്തിച്ചെങ്കിലും ഇതുവരെ ഒരു നടപടിയും ആരംഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.