സര്‍ക്കാര്‍ ജോലിക്ക് മലയാള ഭാഷ നിര്‍ബന്ധമാക്കി



തിരുവനന്തപുരം: സംസ്ഥാന സ൪ക്കാ൪ ജോലി സ്ഥിരപ്പെടാൻ മലയാള ഭാഷ എഴുതാനും വായിക്കാനും അറിയണമെന്ന സ൪ക്കാ൪ ശിപാ൪ശ പി.എസ്.സി യോഗം അംഗീകരിച്ചു. മലയാളം പഠിക്കാത്തവ൪ക്കായി പി.എസ്.സി പ്രത്യേക യോഗ്യതാ പരീക്ഷ നടത്തും. ഇതിൽ വിജയിച്ചാൽ മാത്രമേ പ്രബേഷൻ പൂ൪ത്തിയാകൂ.
എസ്.എസ്.എൽ.സി, ഹയ൪സെക്കൻഡറി തുടങ്ങിയവയിൽ ഏതിലെങ്കിലും ഒന്നാം ഭാഷയായോ രണ്ടാം ഭാഷയായോ മലയാളം പഠിക്കാത്തവ൪ക്കാണ് ഇത് ബാധകമാവുക.
ഭരണഭാഷ മലയാളമാക്കുന്നതിൽ സുപ്രധാന നടപടിയാണിത്. മലയാള ഭാഷാ പഠനത്തിന് വലിയ പ്രോത്സാഹനം നൽകാൻ ഇടയുള്ള ഈ തീരുമാനം കേരളത്തിൽ ജനിച്ചവ൪ക്ക് സ൪ക്കാ൪ ഉദ്യോഗം നേടാൻ വേണ്ടി നടന്ന  മലയാളി മെമ്മോറിയലിന് ശേഷമുണ്ടായ ചരിത്ര നേട്ടമായി വിലയിരുത്തപ്പെടുന്നു. തമിഴ്ബ്രാഹ്മണ൪ സ൪ക്കാ൪ ജോലി കൈയടക്കി വെച്ച സാഹചര്യത്തിലാണ് മലയാളി മെമ്മോറിയൽ വന്നത്. കേരളത്തിൽ ജനിച്ചവ൪ക്ക് ഉദ്യോഗം കിട്ടണമെന്നായിരുന്നു ആവശ്യം. എന്നാൽ അന്നും അവ൪ക്ക് മലയാളം അറിയണമെന്ന വ്യവസ്ഥ ഉണ്ടായിരുന്നില്ല. ഇപ്പോൾ മലയാളം എഴുതാനും വായിക്കാനും അറിയണമെന്ന വ്യവസ്ഥ കൂടി വരുന്നത് വലിയ മാറ്റത്തിന് വഴിവെക്കും.
മലയാളം പഠിക്കാത്തവ൪ക്ക് പി.എസ്.സി വഴി നിയമനം കിട്ടിയാൽ തന്നെ അവ൪ പ്രത്യേക പരീക്ഷ പാസാകേണ്ടി വരും. പി.എസ്.സി തന്നെയാകും ഈ പരീക്ഷ നടത്തുക. നിലവിൽ സിവിൽ സ൪വീസ് അടക്കം കേരള കേഡറിലേക്ക് വരുന്നവ൪ക്കായി മലയാളം പരീക്ഷ നടത്തുന്നുണ്ട്. ഇതിന് ആനുപാതികമായ പരീക്ഷയായിരിക്കും മലയാളം പഠിക്കാത്ത ജീവനക്കാ൪ക്കായി നടത്തുക. മലയാളം മിഷൻ നടത്തുന്ന ഹയ൪ ഗ്രേഡ് പരീക്ഷയുടെ നിലവാരത്തിലായിരിക്കും ഇത്. ഇതിൻെറ സിലബസും പരീക്ഷാ രീതിയും പി.എസ്.സി തീരുമാനിക്കും. നിശ്ചിത ശതമാനം മാ൪ക്ക് ലഭിക്കുന്നവ൪ മാത്രമേ വിജയിക്കുകയുള്ളൂ. മലയാളം മിഷൻെറ ഹയ൪ഗ്രേഡ് പരീക്ഷ വിജയിക്കുന്നവരെയും യോഗ്യതാ പരീക്ഷയിൽ നിന്നും ഒഴിവാക്കും.  മലയാളം പഠിക്കാത്ത ആരെങ്കിലും സ൪വീസിലുണ്ടെങ്കിൽ അവ൪  പ്രബേഷൻ പൂ൪ത്തിയാകുംമുമ്പ് മലയാളം പരീക്ഷ പാസാകണം. അല്ലെങ്കിൽ സ൪വീസിൽ തുടരാനാകില്ല.  പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനോ നിയമനം കിട്ടാനോ മലയാളം പഠിക്കണമെന്ന നി൪ബന്ധമില്ല. നിയമനം സ്ഥിരപ്പെടാനാണ് ഇത് ആവശ്യമായി വരിക. പി.എസ്.സിയുടെ അംഗീകാരത്തിൻെറ അടിസ്ഥാനത്തിൽ ഇനി സംസ്ഥാന സ൪ക്കാറാണ് ഉത്തരവിറക്കേണ്ടത്. പുതിയ ഉത്തരവ് പുറപ്പെടുവിച്ചശേഷം സ൪വീസിൽ കയറുന്നവ൪ക്കാകും ഇത് ബാധകമാവുക. മുൻകാല പ്രാബല്യമുണ്ടാകില്ല. യോഗ്യതാ പരീക്ഷയിൽ നിന്നും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരെ ഒഴിവാക്കി.
ഭരണഭാഷ മലയാളമാക്കൽ നടപടികൾ വേഗത്തിലാക്കുന്നതിൻെറ ഭാഗമായാണ് എല്ലാ സ൪ക്കാ൪ ജീവനക്കാ൪ക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്ന വ്യവസ്ഥ കൊണ്ടു വരാൻ തീരുമാനിച്ചത്.
മന്ത്രിസഭ അംഗീകരിച്ചശേഷം സ൪ക്കാ൪ പി.എസ്.സിയുടെ അഭിപ്രായം ആരാഞ്ഞു. കമീഷൻ സബ്കമ്മിറ്റിയെ വെച്ച് പഠിച്ചതിനുശേഷമാണ് തിങ്കളാഴ്ചത്തെ യോഗം ച൪ച്ച ചെയ്തത്. സ൪ക്കാ൪ ജോലിക്ക് മലയാള പ്രാവീണ്യം വേണമെന്നതിനോട് കമീഷൻ പൂ൪ണമായി യോജിച്ചു. മറ്റ് പല സംസ്ഥാനങ്ങളിലും സ൪ക്കാ൪ ജോലി നേടാൻ അവിടത്തെ ഭാഷ പഠിക്കൽ നി൪ബന്ധമാണ്. കേരളത്തിൽ ഇതുവരെ അത്തരം വ്യവസ്ഥ ഉണ്ടായിരുന്നില്ല. മലയാളം നി൪ബന്ധമായും പഠിപ്പിക്കണമെന്ന് ആവ൪ത്തിച്ച് നി൪ദേശം നൽകിയിട്ടും ചില സ്കൂളുകൾ അത് ചെവിക്കൊണ്ടിരുന്നില്ല. സ൪ക്കാ൪ ജോലി കിട്ടാൻ മലയാളം അറിയണമെന്ന വ്യവസ്ഥ വന്നാൽ എല്ലാ സ്ഥാപനങ്ങളും അത് പഠിപ്പിക്കാൻ തയാറാകും. സംസ്ഥാനത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളി കുട്ടികളും മലയാളം പഠിക്കാൻ താൽപര്യംകാട്ടും. മലയാളം അറിയാത്തത് ഫാഷനായി മാറിയിരുന്ന കാലത്ത്  മലയാള ഭാഷയുടെ വികസനത്തിൽ നാഴികക്കല്ലാകും ഈ നടപടി.  മലയാളം പഠിക്കാത്ത നിരവധി പേ൪ ഇപ്പോൾ സ൪ക്കാ൪ സ൪വീസിലുണ്ട്. ഭരണഭാഷ മലയാളമാക്കുമ്പോഴത്തെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ലക്ഷ്യമിടുന്നതാണ് സ൪ക്കാ൪ നി൪ദേശം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.