ആലപ്പുഴ: സംഭരിച്ച നെല്ലിന്‍റെ വില നൽകുന്നതിൽ ഇത്തവണ പരാതികളില്ല. ഒന്നാംവിള നെല്ല് സംഭരിച്ചതിന്‍റെ വില വിതരണം ഭൂരിഭാഗവും നടന്നുകഴിഞ്ഞു. ഏറെ കാലത്തിന് ശേഷമാണ് നെല്ല് കൊടുത്ത ശേഷം ദീർഘകാലം കാത്തിരിക്കാതെ കർഷകർക്ക് നെല്ലിന്‍റെ വില ലഭിക്കുന്നത്. നെല്ല് നൽകിയ 8115 പേർക്ക് തുക വിതരണത്തിന് നടപടിയായി.
ഇത്രയും പേർക്ക് തുക നൽകുന്നതിനുള്ള പേ ഓറഡർ സിവിൽ സപ്ലൈസ് വകുപ്പ് ബാങ്കുകൾക്ക് നൽകിക്കഴിഞ്ഞു. ഇതിൽ 6305 പേർക്ക് തുക നൽകി. ഒന്നാം വിള കൃഷിയിറക്കിയ 7337 കർഷകരിൽനിന്നാണ് നെല്ല് സംഭരിച്ചത്. ഒന്നിലേറെ പാട ശേഖരങ്ങളുള്ള കർഷകർ ഏറെയാണ്. അതിനാലാണ് പാഡി രസീത് ഷീറ്റ് (പി.ആർ.എസ്) ലഭിച്ചവരുടെ എണ്ണം കർഷകരുടെ എണ്ണത്തേക്കാൾ ഏറുന്നതെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.
8115 കർഷകർക്കായി 73.01 കോടി രൂപ വിതരണം ചെയ്യുന്നതിനാണ് നടപടിയായത്. 6305 പേർക്ക് 59.67 കോടി രൂപയാണ് വിതരണം ചെയ്ത് കഴിഞ്ഞത്. എസ്.ബി.ഐ, കനറാ ബാങ്ക് എന്നിവയിലൂടെയാണ് തുക വിതരണം നടക്കുന്നത്. ഇതിൽ എസ്.ബി.ഐക്ക് അനുവദിച്ച ഫണ്ട് തീർന്നതിനാൽ അവർ തുക വിതരണം നിർത്തിവെച്ചിട്ടുണ്ട്. ഈ ആഴ്ചതന്നെ വീണ്ടും വിതരണം തുടങ്ങുമെന്ന് അറിയുന്നു.
ഒന്നാം വിളയിൽ 48289.99 മെട്രിക് ടൺ വിളവാണ് പ്രതീക്ഷിക്കുന്നത്. 32736.31 മെട്രിക് ടൺ നെല്ല് സംഭരിക്കുന്നതിന് മില്ലുകാർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. ഇതിൽ 23724.063 മെട്രിക് ടൺ മില്ലുകാർ സംഭരിച്ചുകഴിഞ്ഞു. ഇതുവരെ 88.40 ശതമാനം കൊയ്ത്ത് പൂർത്തിയായി. കനറാ ബാങ്ക് 3393 കർഷകർക്കായി 3434 കോടി രൂപ വിതരണം ചെയ്തു. എസ്.ബി.ഐ 2912 കർഷകർക്കായി 25.33 കോടി രൂപയും വിതരണം ചെയ്തു.
നെല്ല് സംഭരിച്ചാൽ അപ്പോൾ തന്നെ കർഷകർക്ക് അതിന്‍റെ വില നൽകണമെന്നാണ് നിയമം അനുശാസിക്കുന്നത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് സാധാരണ തുക ലഭിക്കാറ്. അതിനാണ് ഇത്തവണ മാറ്റമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.